തോല്‍വിക്ക് ശേഷം ഹൈദരാബാദ് യുവതാരങ്ങള്‍ക്ക് ധോണിയുടെ 'മാസ്റ്റര്‍ ക്ലാസ്'-വീഡിയോ
ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം തന്നെ കാണാനെത്തിയ യുവതാരങ്ങള്‍ക്കാണ് ധോണി ഉപദേശങ്ങള്‍ നല്‍കിയത്. പേസ് താരോദയമായ ഉമ്രാന്‍ മാലിക് അടക്കമുള്ള ഹൈദരാബാദ് താരങ്ങള്‍ ധോണിയുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതിന്‍റെ വീഡീയോ ആണ് പുറത്തുവന്നത്.
ചെന്നൈ: ഐപിഎല്‍ യുവതാരങ്ങള്‍ക്ക് നല്‍കുന്ന അവസരവും പ്രതീക്ഷയും ചെറുതല്ല. ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കാനും ഇതിഹാസങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാനും അവരില്‍ നിന്ന് പഠിക്കാനുമെല്ലാം ഐപിഎല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരശേഷം ഹൈദരാബാദിന്‍റെ യുവതാരനിര ഒരു സ്റ്റഡി ക്ലാസില്‍ പങ്കെടുത്തു. ക്ലാസെടുത്തത് മറ്റാരുമല്ല, സാക്ഷാല്‍ എം എസ് ധോണി.
ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം തന്നെ കാണാനെത്തിയ യുവതാരങ്ങള്‍ക്കാണ് ധോണി ഉപദേശങ്ങള്‍ നല്‍കിയത്. പേസ് താരോദയമായ ഉമ്രാന്‍ മാലിക് അടക്കമുള്ള ഹൈദരാബാദ് താരങ്ങള്‍ ധോണിയുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതിന്‍റെ വീഡീയോ ആണ് പുറത്തുവന്നത്. ഈ സീസണില്‍ ഹൈദരാബാദിന്‍റെ ഫിനിഷറാകുമെന്ന് കരുതിയ അബ്ദുള്‍ സമദിനോട് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണി ദീര്‍ഘനേരം സംസാരിച്ചതും കൗതുകമുയര്‍ത്തി.
ധോണി യുവതാരങ്ങളോട് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ അത് കണ്ട് കമന്‍ററി ബോക്സിലിരുന്ന ഇയാന്‍ ബിഷപ്പ് പറഞ്ഞത്, അത് കാണു, എത്ര മനോഹരമായ ദൃശ്യം, ഗുരു തന്‍റെ യുവ ശിഷ്യന്‍മാര്‍ക്ക് ഉപദേശം നല്‍കുന്ന കാഴ്ച, അവരത് കാതുകൂര്‍പ്പിച്ച് കേള്‍ക്കുന്നു എന്നായിരുന്നു. പിന്നീട് ഇതേ വീഡിയോ തന്‍റെ ട്വിറ്ററില്‍ പങ്കുവെച്ച ഇയാന്‍ ബിഷപ്പ് കുറിച്ചത്, ഈ വീഡിയോ സൂപ്പര്‍ ആയിരുന്നു, അധ്യാപകന്‍റെ വാക്കുകള്‍ സാകൂതം കേള്‍ക്കുന്ന വിദ്യാര്‍ഥികളെപ്പോലെ ഹൈദരാബാദിന്‍റെ യുവതാരങ്ങള്‍ എന്നായിരുന്നു ബിഷപ്പ് വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചത്.
ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ ഇന്നലെ നാലാം ജയം കുറിച്ചത്. എട്ടു പോയന്‍റുള്ള ചെന്നൈ പോയന്‍റ് പട്ടികയില്‍ മൂന്നാമതാണ്. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അടുത്ത മത്സരം.
'എനിക്ക് പ്രായമായി; അത് മറച്ചുവെച്ചിട്ട് കാര്യമില്ല'; വിരമിക്കല്‍ സൂചന നല്‍കി ധോണി