ബൗളറാണെങ്കിലും ആദ്യം ബാറ്റിംഗ്; 'നിയമം' തെറ്റിക്കാതെ ഗള്ളി ക്രിക്കറ്റ് കളിച്ച് റാഷിദ് ഖാന്‍- വീഡിയോ
വളരെ സാധാരണക്കാരനെ പോലെ ടീ-ഷര്‍ട്ടും ഷോര്‍ട്‌സും സ്ലിപ്പര്‍ ചെരുപ്പും അണിഞ്ഞാണ് റാഷിദ് ഖാന്‍ ഗള്ളി ക്രിക്കറ്റ് കളിച്ചത്
മുംബൈ: ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം മാത്യൂ ഹെയ്‌ഡന്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ ഇന്ത്യയില്‍ ഗള്ളി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ജീവനാഡിയായ തെരുവുകളിലെ ക്രിക്കറ്റ് മത്സരങ്ങള്‍ വിദേശ താരങ്ങള്‍ പലരേയും ആകര്‍ഷിച്ചിട്ടിട്ടുണ്ട്. അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്‍ വിസ്‌മയം റാഷിദ് ഖാനാണ് ഇവരില്‍ ഒടുവിലത്തെയാള്‍. ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കാന്‍ ഇന്ത്യയില്‍ എത്തിയപ്പോഴാണ് റാഷിദ് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമൊപ്പം സ്‌ട്രീറ്റ് ക്രിക്കറ്റ് കളിക്കാന്‍ സമയം കണ്ടെത്തിയത്.
വളരെ സാധാരണക്കാരനെ പോലെ ടീ-ഷര്‍ട്ടും ഷോര്‍ട്‌സും സ്ലിപ്പര്‍ ചെരുപ്പും അണിഞ്ഞാണ് റാഷിദ് ഖാന്‍ ഗള്ളി ക്രിക്കറ്റ് കളിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 'റാഷിദ് ഖാന്‍ ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം സ്‌ട്രീറ്റ് ക്രിക്കറ്റ് കളിക്കുന്നു. ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്' എന്ന തലക്കെട്ടിലാണ് വീഡിയോ ഒരു യൂസര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 'ടീമിലെ പ്രധാന ബൗളറാണെങ്കിലും ആദ്യം ബാറ്റിംഗിനും ഇറങ്ങണം എന്നതാണ് സ്‌ട്രീറ്റ് ക്രിക്കറ്റിലെ പ്രാഥമിക നിയമം, റാഷിദ് ഖാന്‍ അത് പാലിച്ചിരിക്കുന്നു' എന്നായിരുന്നു ഒരു ട്വിറ്റര്‍ യൂസറുടെ കമന്‍റ്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ പ്രധാന ലെഗ് സ്‌പിന്നറായ റാഷിദ് ബാറ്റ് ചെയ്യുന്നത് ഇതിനാല്‍ ഗള്ളി ക്രിക്കറ്റിന്‍റെ രീതിയില്‍ തന്നെയാണ്.
ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഒന്‍പത് മത്സരങ്ങളില്‍ 15 വിക്കറ്റ് റാഷിദ് ഖാന്‍ നേടിയിട്ടുണ്ട്. 20.53 ശരാശരിയിലാണ് റാഷിദ് പന്തെറിയുന്നത്. സീസണിലെ 9ല്‍ ആറ് മത്സരങ്ങളും ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ്. നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് ടൈറ്റന്‍സ്. മെയ് അഞ്ചിന് രാജസ്ഥാന്‍ റോയല്‍സിന് എതിരെയാണ് ടൈറ്റന്‍സിന്‍റെ അടുത്ത മത്സരം.