ധോണി 2.0; 'തല'യുടെ തനിപ്പകര്‍പ്പ്! നോ-ലുക്ക് റണ്ണൗട്ടുമായി അനൂജ് റാവത്ത്- വീഡിയോ

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്താണ് ഈ ഗംഭീര വിക്കറ്റിന് പിന്നില്‍

Watch Anuj Rawat no look runout to dismiss Ravichandran Ashwin in RR vs RCB match IPL 2023 jje

ജയ്‌പൂര്‍: ലോക ക്രിക്കറ്റിലെ, ഇന്ത്യന്‍ ക്രിക്കറ്റിലെ, ഐപിഎല്ലിലെ സ്റ്റംപിംഗ് ആശാനാണ് എം എസ് ധോണി. സ്റ്റംപിംഗില്‍ എം എസ് ധോണിയുടെ വേഗവും കൃത്യതയും മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനില്ല. ധോണിയുടെ കരിയറിലെ ട്രേഡ്‌മാര്‍ക്ക് സ്റ്റംപിംഗുകളിലൊന്നാണ് നോ-ലുക്ക് റണ്ണൗട്ട്. ഫീല്‍ഡര്‍മാരുടെ ത്രോ സ്റ്റംപിന് പിന്തിരിഞ്ഞ് നിന്ന് ഏറ്റുവാങ്ങി പിന്നോട്ട് എറിഞ്ഞ് ബെയ്‌ല്‍സ് തെറിപ്പിക്കുന്ന മാന്ത്രികതയായിരുന്നു ഇത്. ഇങ്ങനെയൊരു നോ-ലുക്ക് റണ്ണൗട്ട് ഐപിഎല്ലില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.

ഇത്തവണ എം എസ് ധോണിയുടെ വകയല്ല, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്താണ് ഈ ഗംഭീര വിക്കറ്റിന് പിന്നില്‍. രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ രവിചന്ദ്രന്‍ അശ്വിനെ നോ-ലുക്ക് റണ്ണൗട്ടിലൂടെ പുറത്താക്കുകയായിരുന്നു റാവത്ത്. കരണ്‍ ശര്‍മ്മയുടെ ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജിന്‍റെ ത്രോ കൈകളിലെത്തിയപ്പോള്‍ ധോണി സ്റ്റൈലില്‍ ഒരു കൈയിലെ ഗ്ലൗ ഊരിയെറിഞ്ഞ് പിന്നിലേക്ക് നോ-ലുക്ക് റണ്ണൗട്ട് പൂര്‍ത്തിയാക്കുകയായിരുന്നു അനൂജ് റാവത്ത്. ആര്‍സിബി താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് മൂന്നാം അംപയറാണ് ഇത് വിക്കറ്റാണെന്ന് ഉറപ്പിച്ചത്. റാവത്ത് ബെയ്‌ല്‍സ് തെറിപ്പിക്കുമ്പോള്‍ ക്രീസിന് സെന്‍റീമീറ്ററുകള്‍ മാത്രം പുറത്തായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍. 

മത്സരത്തില്‍ ആര്‍സിബിയുടെ 171 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് 112 റണ്‍സിന്‍റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. രാജസ്ഥാന്‍റെ മറുപടി ബാറ്റിംഗ് 10.3 ഓവറില്‍ വെറും 59 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. യശ്വസി ജയ്‌സ്വാളും(0), ജോസ് ബട്‌ലറും(0), സ‍ഞ്ജു സാംസണും(4) ബാറ്റിംഗ് ദുരന്തമായപ്പോള്‍ ജോ റൂട്ടും(12 പന്തില്‍ 10), ഷിമ്രോന്‍ ഹെറ്റ്‌മെയറും(19 പന്തില്‍ 59) മാത്രമാണ് രണ്ടക്കം കണ്ടത്. അശ്വിന്‍ പൂജ്യത്തില്‍ റണ്ണൗട്ടായതോടെ 50-7 എന്ന നിലയില്‍ പെട്ടു റോയല്‍സ്. പിന്നീട് 9 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. വെയ്‌ന്‍ പാര്‍നല്‍ മൂന്നും മൈക്കല്‍ ബ്രേസ്‌വെല്ലും കരണ്‍ ശര്‍മ്മയും രണ്ട് വീതവും മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഓരോ വിക്കറ്റും നേടി. മൂന്ന് ഓവറില്‍ 10 റണ്‍സിന് 3 വിക്കറ്റുമായി പാര്‍നലാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.  

Read more: 59 റണ്‍സില്‍ ഇന്ധനം തീര്‍ന്നു, ഓള്‍ഔട്ട്; സഞ്ജുപ്പട ഐപിഎല്‍ ചരിത്രത്തിലെ 2 നാണക്കേടില്‍

Latest Videos
Follow Us:
Download App:
  • android
  • ios