ഓടിയെത്തി കാലില്‍ തൊട്ട് ഐപിഎല്‍ ഇതിഹാസം! ആദ്യം അമ്പരന്ന് ഭുവി, പിന്നാലെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു, വീഡിയോ
എതിരാളിയായി ഹൈദരാബാദില്‍ എത്തുമ്പോഴും തന്‍റെ സഹതാരങ്ങളായിരുന്നവരോട് ഇപ്പോഴും അതേ കരുതലും സ്നേഹവും വാര്‍ണര്‍ തുടരുന്നുണ്ട്
ഹൈദരാബാദ്: ഒരിക്കല്‍ കൂടി ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദിന്‍റെ മണ്ണില്‍ എത്തിയപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ വിജയം നേടാൻ ഡല്‍ഹി ക്യാപിറ്റല്‍സിന് സാധിച്ചിരുന്നു. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു. ഒരിക്കല്‍ സണ്‍റൈസേഴ്സ് ടീമിന്‍റെ എല്ലാമെല്ലാമായിരുന്ന ഡേവിഡ് വാര്‍ണര്‍ വീണ്ടും പഴയ തട്ടകത്തിലേക്ക് എത്തുന്നു എന്നുള്ളതായിരുന്നു മത്സരത്തിന്‍റെ ഒരു പ്രത്യേകത.
എതിരാളിയായി ഹൈദരാബാദില്‍ എത്തുമ്പോഴും തന്‍റെ സഹതാരങ്ങളായിരുന്നവരോട് ഇപ്പോഴും അതേ കരുതലും സ്നേഹവും വാര്‍ണര്‍ തുടരുന്നുണ്ട്. 10 വര്‍ഷമായി ഹൈദരാബാദിന് ഒപ്പമുള്ള ഭുവനേശ്വര്‍ കുമാറും വാര്‍ണറും തമ്മിലുള്ള അടുപ്പത്തിന്‍റെ ആഴം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. മത്സരത്തിന് മുമ്പ് ടോസിനായി വാര്‍ണര്‍ പോകുമ്പോഴാണ് ഭുവിയെ കാണുന്നത്. ഓടിയെത്തിയ ഓസ്ട്രേലിയൻ താരം ആദ്യം കാലിലേക്ക് വീണതോടെ ഭുവിയും ഒന്ന് ഞെട്ടി.
പിന്നെ ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച സ്നേഹം പ്രകടിപ്പിച്ചതോടെ സ്റ്റേഡിയത്തിലെ ആരാധകരും ആരവം ഉയര്‍ത്തി. വാര്‍ണര്‍ക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്നാണ് വീഡിയോയോട് സാമൂഹിക മാധ്യമങ്ങള്‍ പ്രതികരിക്കുന്നത്. 2014 മുതല്‍ 2021 വരെയാണ് ഭുവിയും വാര്‍ണറും സണ്‍റൈസേഴ്സിനായി ഒരുമിച്ച് കളിച്ചത്. വാര്‍ണറുടെ നേതൃത്വത്തിന് കീഴില്‍ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു.
ഇപ്പോഴും സണ്‍റൈസേഴ്സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരം വാര്‍ണറാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ളത് ഭുവനേശ്വര്‍ കുമാറുമാണ്. അതേസമയം, മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 9 വിക്കറ്റിനാണ് 144 റണ്‍സെടുത്തത്. ഹൈദരാബാദിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 137 എടുക്കാനേ കഴിഞ്ഞുള്ളൂ.