സഞ്ജുവിന് പൂട്ടാന്‍ കോലിക്കുണ്ടൊരു വജ്രായുധം
ഹസരങ്കക്കെതിരെ ഇതുവരെ ഏഴ് ഇന്നിംഗ്സുകളിലായി 34 പന്തുകള്‍ കളിച്ചിട്ടുള്ള സഞ്ജുവിന് 25 റണ്‍സ് മാത്രമാണ് നേടാനായത്. പ്രഹരശേഷി 73.52 മാത്രം.ശരാശരിയാകട്ടെ 4.16ഉം.ഇതുവരെ കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ ആറ് തവണയും സഞ്ജുവിനെ പുറത്താക്കാന്‍ ഹസരങ്കക്കായി എന്നതും ശ്രദ്ധേയമാണ്.
ബെംഗലൂരു: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുമ്പോള്‍ നായകന്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചെറിയ ബൗണ്ടറിയില്‍ സഞ്ജു നിറഞ്ഞാടുമെന്ന പ്രതീക്ഷയില്‍ ബാംഗ്ലൂരിലെ മലയാളികള്‍ അടക്കം ഇന്ന് സ്റ്റേഡിയത്തിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സഞ്ജുവിനെ പൂട്ടാനുള്ള കെണിയൊരുക്കിയായിരിക്കും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ഇന്ന് ഗ്രൗണ്ടിലിറങ്ങുക. അതിന് കോലി ആശ്രയിക്കുക മറ്റാരെയുമല്ല, ശ്രീലങ്കയുടെ മിസ്റ്ററി സ്പിന്നറായ വാനിന്ദു ഹസരങ്കയെ തന്നെയാവും. കാരണം, ഹസരങ്കയ്ക്കെതിരെ സഞ്ജുവിന് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത് എന്നത് തന്നെ.
ഹസരങ്കക്കെതിരെ ഇതുവരെ ഏഴ് ഇന്നിംഗ്സുകളിലായി 34 പന്തുകള്‍ കളിച്ചിട്ടുള്ള സഞ്ജുവിന് 25 റണ്‍സ് മാത്രമാണ് നേടാനായത്. പ്രഹരശേഷി 73.52 മാത്രം.ശരാശരിയാകട്ടെ 4.16ഉം.ഇതുവരെ കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ ആറ് തവണയും സഞ്ജുവിനെ പുറത്താക്കാന്‍ ഹസരങ്കക്കായി എന്നതും ശ്രദ്ധേയമാണ്. ഏത് ബൗളറെയും അനായാസം സിക്സിന് പറത്തുന്ന സഞ്ജുവിന് ഹസരങ്കക്കെതിരെ രണ്ട് സിക്സുകള്‍ മാത്രമാണ് ഇതുവരെ നേടാനായത്. രണഅട് ബൗണ്ടറിയും ഹസരങ്കക്കെതിരെ സഞ്ജു നേടിയിട്ടുണ്ട്.
ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും നല്‍കുന്ന വേഗേമേറിയ തുടക്കം നിലനിര്‍ത്തുന്നതില്‍ സഞ്ജുവിന്‍റെ റോള്‍ പ്രധാനമാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ സഞ്ജുവിന് ശേഷമെത്തുന്ന റിയാന്‍ പരാഗും ദേവ്ദത്ത് പടിക്കലും അതിവേഗം സ്കോര്‍ ചെയ്യുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനാല്‍ ഇന്ന് ആദ്യ മൂന്ന് താരങ്ങളുടെ പ്രകടനം രാജസ്ഥാന് നിര്‍ണായകമാണ്.
പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമായാല്‍ വണ്‍ ഡൗണായി ക്രീസിലെത്താറുള്ള സഞ്ജുവിനെ പൂട്ടാന്‍ ഇന്നും കോലി ഹസരങ്കയെ പന്തേല്‍പ്പിച്ചേക്കുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍ത്തടിച്ച് രാജസ്ഥാന്‍റെ ടോപ് സ്കോററായ സഞ്ജു പിന്നീട് രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായി. ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ രണ്ട് റണ്‍സെടുത്ത് റണ്ണൗട്ടായ സഞ്ജുവിന്‍റെ പുറത്താകല്‍ രാജസ്ഥാന്‍റെ തോല്‍വിയില്‍ നിര്‍ണായകമായിരുന്നു.