ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് വിരാട് കോലി
ഐപിഎല്ലിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായി മുന്‍ സി എസ് കെ താരം ഷെയ്ന്‍ വാട്സണെ തെരഞ്ഞെടുത്ത കോലി പ്രിയപ്പെട്ട എതിരാളികളായി തെരഞ്ഞെടുത്തത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആണ്. ചെന്നൈയുടെ ആരാധക പിന്തുണയാണ് അവരെ ഇഷ്ടപ്പെട്ട എതിരാളികളായി തെരഞ്ഞെടുക്കാന്‍ കാരണമെന്നും കോലി വിശദീകരിച്ചു.
ബെംഗലൂരു: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി. ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തിലാണ് കോലി ഐപിഎല്ലിലെ എക്കാലത്തെയും മികച്ച കളിക്കാരെ തെരഞ്ഞെടുത്തത്.
കോലിയുടെ അഭിപ്രായത്തില്‍ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങള്‍ ആര്‍സിബി താരമായിരുന്ന എ ബി ഡിവില്ലിയേഴ്സും മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ലസിത് മലിംഗയുമാണ്. ഐപിഎല്ലിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് കളിക്കാരനായി കോലി തെരഞ്ഞെടുത്തത് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം അംബാട്ടി റായുഡുവിനെയാണ്.
ഐപിഎല്ലിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായി മുന്‍ സി എസ് കെ താരം ഷെയ്ന്‍ വാട്സണെ തെരഞ്ഞെടുത്ത കോലി പ്രിയപ്പെട്ട എതിരാളികളായി തെരഞ്ഞെടുത്തത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആണ്. ചെന്നൈയുടെ ആരാധക പിന്തുണയാണ് അവരെ ഇഷ്ടപ്പെട്ട എതിരാളികളായി തെരഞ്ഞെടുക്കാന്‍ കാരണമെന്നും കോലി വിശദീകരിച്ചു.
ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നര്‍ റാഷിദ് ഖാനാണോ സുനില്‍ നരെയ്നാണോ എന്ന ചോദ്യത്തിന് റാഷിദിന്‍റെ പേരാണ് കോലി തെരഞ്ഞെടുത്തത്. ടി20 ക്രിക്കറ്റില്‍ കളിക്കാന്‍ ഇഷ്ടമുള്ള ഷോട്ടായി കോലി തെരഞ്ഞെടുത്തത് പുള്‍ ഷോട്ടായിരുന്നു. കരിയറിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളായി കോലി തെരഞ്ഞെടുത്തത് എം എസ് ധോണിക്കൊപ്പമുള്ള കൂട്ടുകെട്ടും എ ബി ഡിവില്ലിയേഴ്സിനൊപ്പമുള്ള കൂട്ടുകെട്ടുമാണ്.
തന്‍റെ ജീവിതം സിനിമയാക്കായാല്‍ ആരാകും നായകനാകേണ്ടതെന്ന ചോദ്യത്തിന് താന്‍ തന്നെയെന്നായിരുന്നു ചിരിയോടെ കോലിയുടെ മറുപടി. ക്രിക്കറ്റില്‍ നിന്നല്ലാതെ ഒരു കായിക താരത്തെ അത്താഴത്തിന് ക്ഷണിക്കുകയാമെങ്കില്‍ അതാരായിരിക്കുമെന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോജര്‍ ഫെഡറര്‍, മൈക്കല്‍ ജോര്‍ദാന്‍ എന്നിവരുടെ പേരുകളാണ് കോലി തെരഞ്ഞെടുത്തത്.