'അത് ട്രയൽ ആണെന്ന് കരുതിയിട്ടാണ്, അല്ലേൽ...!' സ്വർണ താറാവായി പുറത്തായതിന് പിന്നാലെ ട്രോൾമഴയേറ്റ് നനഞ്ഞ് കോലി
ആദ്യ പന്തിൽ തന്നെ വിരാട് കോലി പുറത്തായത് ചിന്നസ്വാമിയിൽ ആവേശത്തിരമാല തീർത്ത ആരാധകരെ ശരിക്കും നിരാശയിലാക്കി
ബംഗളൂരു: രാജസ്ഥാൻ റോയൽസിനെതിരെ ഗോൾഡൻ ഡക്കായി പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങി ആർസിബി നായകൻ വിരാട് കോലി. മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ വിരാട് കോലി പുറത്തായത് ചിന്നസ്വാമിയിൽ ആവേശത്തിരമാല തീർത്ത ആരാധകരെ ശരിക്കും നിരാശയിലാക്കി. പച്ച ജേഴ്സിയിൽ കഴിഞ്ഞ വർഷവും കോലി പൂജ്യം റൺസിന് പുറത്തായിരുന്നു. ഇതെല്ലാം ചികഞ്ഞ് എടുത്താണ് കോലി ട്രോൾ ചെയ്യപ്പെടുന്നത്.
ആദ്യ പന്ത് ട്രയൽ ആയിരിക്കുമെന്ന് താരം വിചാരിച്ച് കാണും എന്ന വരെ ട്രോളുകൾ വരുന്നുണ്ട്. നേരിട്ട ആദ്യ പന്തിൽ കോലി പുറത്തായതോടെ ഏപ്രിൽ 23 കോലിയുടെ മോശം ദിവസമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത് മൂന്നാം വട്ടമാണ് ഏപ്രിൽ 23ന് കോലി ഗോൾഡൻ ഡക്കായി പുറത്താകുന്നത്. ആദ്യം സംഭവിച്ചത് 2017ൽ കെകെആറിന് എതിരെയാണ്. അന്ന് നഥാൻ കോൾട്ടൻനൈലിന് മുന്നിൽ കോലി കീഴടങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ 23ന് വീണ്ടും അത് പോലെ തന്നെ സംഭവിച്ചു.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ മാർക്കോ യാൻസനായിരുന്നു അത്തവണ കിംഗിന്റെ വിക്കറ്റ്. ഇത്തവണ ട്രെൻഡ് ബോൾട്ടിന് കോലി പുറത്താക്കാനുള്ള അവസരം ലഭിച്ചത്. പക്ഷേ, കോലി അതിവേഗം പുറത്തായെങ്കിലും റോയൽസിനെതിരെ ആർസിബി മികച്ച സ്കോറിലേക്ക് എത്തി. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് ഫാഫ് ഡു പ്ലെസിസ് (62), ഗ്ലെന്‍ മാക്‌സ്‌വെല്‍ (77) എന്നിവരാണ് മികച്ച പ്രകടനം പുറത്തായത്. രാജസ്ഥാന്‍ റോയല്‍സിന് മുന്നിൽ 190 റൺസ് വിജയലക്ഷ്യമാണ് ആർസിബി വച്ചിരിക്കുന്നത്. 200 കടക്കുമെന്ന നിലയിലാണ് ആർസിബി കുതിച്ചിരുന്നത്. എന്നാൽ, മാക്സിയും ഡുപ്ലസിസും പുറത്തായതോടെ ആ പ്രതീക്ഷകൾ അസ്തമിച്ചു.