യശസ്വി ജയ്‌സ്വാളും തിലക് വര്‍മ്മയും മാത്രമല്ല; ഇവരെല്ലാം ഐപിഎല്‍ 2023ലെ വാഗ്‌ദാനങ്ങള്‍
ഇരുപത്തിയൊന്ന് വയസുകാരനായ യശസ്വി ജയ്‌സ്വാള്‍ ഈ സീസണില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ബാറ്റര്‍മാരില്‍ ഒരാളാണ്
മുംബൈ: ഐപിഎല്‍ പതിനാറാം സീസണോടെ ഒരുപിടി ഇന്ത്യന്‍ യുവ താരങ്ങള്‍ ഭാവി വാഗ്‌ദാനങ്ങളായി ഉയരുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഇതിലൊരാള്‍. ഈ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറുകാരനായ ജയ്‌സ്വാള്‍ വരും ഭാവിയില്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമെന്ന് പലരും വിലയിരുത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍ പേരാകും യശസ്വി ജയ്‌സ്വാള്‍ എന്ന് വിലയിരുത്തുന്നവരേറെ.
യശസ്വി ജയ്‌സ്വാള്‍
ഇരുപത്തിയൊന്ന് വയസുകാരനായ യശസ്വി ജയ്‌സ്വാള്‍ ഈ സീസണില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ബാറ്റര്‍മാരില്‍ ഒരാളാണ്. ഒന്‍പത് മത്സരങ്ങളില്‍ 428 റണ്‍സ് നേടിയിട്ടുള്ള ജയ്‌സ്വാള്‍ പക്വതയോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് നെടുംതൂണ്‍ ആയി മാറിക്കഴിഞ്ഞു.
തിലക് വര്‍മ്മ
എട്ട് മത്സരങ്ങളില്‍ 152 സ്ട്രൈക്ക് റേറ്റിലാണ് മുംബൈ ഇന്ത്യന്‍സിനായി തിലക് വര്‍മ്മ ബാറ്റ് ചെയ്യുന്നത്. 20 വയസ് മാത്രമുള്ള തിലക് ആണ് നിലവില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ബാറ്റിംഗ് നിരയുടെ മുഴുവന്‍ തലവേദനയും ചുമക്കുന്നത്.
സുയാഷ് ശര്‍മ്മ
ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് അധികമാരും കേട്ടിട്ടില്ലാത്ത പേരാണ് സുയാഷ് ശര്‍മ്മയുടേത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച ബൗളിംഗ് പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. 19 വയസ് മാത്രമുള്ള സ്‌പിന്നര്‍ എട്ട് കളികളില്‍ 9 വിക്കറ്റ് വീഴ്‌ത്തി.
റിങ്കു സിംഗ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തുടര്‍ച്ചയായി അഞ്ച് സിക്‌സുകളുമായി മത്സരം ജയിപ്പിച്ചതോടെയാണ് ഈ സീസണില്‍ റിങ്കു സിംഗ് ചര്‍ച്ചകളിലേക്ക് വന്നത്. ഇതിന് ശേഷവും സ്ഥിരതയും വേഗവുമാര്‍ന്ന സ്കോറിംഗ് താരം കാട്ടി എന്നതാണ് യാഥാര്‍ഥ്യം. 9 മത്സരങ്ങള്‍ കളിച്ച 25കാരനായ റിങ്കു 270 റണ്‍സ് നേടിക്കഴിഞ്ഞു.
മായങ്ക് മര്‍ക്കാണ്ഡെ
വലിയ പേരുകാരോ, വമ്പന്‍ പ്രകടനക്കാരോ അധികമില്ലാതെ സീസണില്‍ മോശം പ്രകടനം നടത്തുന്ന ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കോടികള്‍ മുടക്കി ടീമിലെത്തിച്ച താരങ്ങള്‍ പോലും ചീറ്റിപ്പോയപ്പോള്‍ 25കാരനായ മര്‍ക്കാണ്ഡെ ആറ് കളികളില്‍ 6.41 ഇക്കോണമിയില്‍ ഇതിനകം 10 വിക്കറ്റ് സ്വന്തമാക്കി.
Read more: ഇനി സംശയം വേണ്ട, ടീം ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്; ഓസീസ് കുതിപ്പിന് അന്ത്യം