ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന പരമ്പര റദ്ദാകുമോ? ആകെ ആശയക്കുഴപ്പം
അഫ്‌ഗാന്‍ പരമ്പര സംബന്ധിച്ച് വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാവാന്‍ സാധ്യതയുണ്ട്
മുംബൈ: ടീം ഇന്ത്യയുടെ അഫ്‌ഗാനിസ്ഥാന് എതിരായ വൈറ്റ് ബോള്‍ പരമ്പര അനിശ്ചിതത്വത്തില്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരകള്‍ക്കും മധ്യ അഫ്‌ഗാനെതിരായ മത്സരങ്ങള്‍ക്കായി മത്സരക്രമം തയ്യാറാക്കാന്‍ പാടുപെടുകയാണ് ബിസിസിഐ എന്നാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്.
അഫ്‌ഗാനിസ്ഥാനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര നടത്താനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം പദ്ധതിയിട്ടിരുന്നത്. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 12 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്ക് എതിരായ ഫൈനല്‍. ഇതിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി തിരിക്കുന്ന ടീം ഇന്ത്യക്ക് അവിടെ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളും അടങ്ങുന്ന മുഴുനീള പരമ്പരയാണുള്ളത്. ഇതിനിടെ ജൂണ്‍ 20 മുതല്‍ 30 വരെ അഫ്ഗാനെതിരായ ഏകദിന കളിക്കാനും ഇതിന് ശേഷം ജൂലൈ ഏഴിന് കരീബിയന്‍ മണ്ണിലേക്ക് പറക്കാനുമാണ് ബിസിസിഐ നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സെപ്റ്റംബറിലെ ഏഷ്യാ കപ്പ് മത്സരക്രമം ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ ലോകകപ്പിന് മുന്‍നിര്‍ത്തി താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം വേണം എന്നാണ് ബിസിസിഐയുടെ നിലവിലെ അനുമാനം.
അഫ്‌ഗാന്‍ പരമ്പര സംബന്ധിച്ച് വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാവാന്‍ സാധ്യതയുണ്ട്. ഐപിഎല്‍ ഫൈനല്‍ കാണാനായി അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് മിര്‍വൈസ് അഷ്‌റഫ് ഇന്ത്യയിലെത്തിയിട്ടുണ്ട്. ഐപിഎല്‍ ഫൈനല്‍ ദിനമായ മെയ് 28ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗവും നടക്കും. ഈസമയം പരമ്പര സംബന്ധിച്ച് ഇരു ബോര്‍ഡുകളും തമ്മില്‍ ധാരണയിലെത്തും എന്നാണ് സൂചന. ഇംഗ്ലണ്ടിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയുടെ തിയതി സംബന്ധിച്ച് ധാരണയിലെത്താന്‍ സാധ്യതയുണ്ട്. ഫൈനലിന് ശേഷമാകും മത്സരക്രമം പ്രഖ്യാപിക്കാന്‍ സാധ്യത.
Read more: ചെന്നൈ എക്‌സ്‌പ്രസിന് ചങ്ങലയിടാന്‍ ആരാവും; ഗുജറാത്ത്-മുംബൈ രണ്ടാം ക്വാളിഫയര്‍ നാളെ