സ്ഥിരം വഴിമുടക്കി! ആര്‍സിബിയെ പേടിപ്പിക്കുന്ന കണക്ക്; രാജസ്ഥാനും മുംബൈക്കുമെല്ലാം ചെറിയ ആശ്വസമല്ല നൽകുന്നത്
എസ്ആര്‍എച്ചിനെ നേരിടുമ്പോള്‍ ആര്‍സിബിയെ പേടിപ്പിക്കുന്ന ഒരു കണക്കുണ്ട്. കന്നി ഐപിഎല്‍ കിരീടം കൊതിക്കുന്ന ആര്‍സിബിയുടെ സ്ഥിരം വഴിമുടക്കികളാണ് സണ്‍റൈസേഴ്സ്.
ഹൈദരാബാദ്: ഐപിഎലിലെ പ്ലേ ഓഫ് സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്ന വമ്പൻ പോരാട്ടങ്ങള്‍ തുടരുമ്പോള്‍ ആരാധകര്‍ ആവേശത്തില്‍. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദും ആര്‍സിബിയും ഏറ്റുമുട്ടുമ്പോള്‍ പ്ലേ ഓഫിലേക്കുള്ള വാതിലുകള്‍ പലര്‍ക്കും അടയുകയും തുറക്കുകയും ചെയ്തു. സണ്‍റൈസേഴ്സ് പ്ലേ ഓഫില്‍ എത്തില്ലെന്ന് ഉറപ്പായതാണ്. ആര്‍സിബിക്ക് ഈ മത്സരം ഉള്‍പ്പെടെ ബാക്കിയുള്ള രണ്ട് മത്സരം വിജയിച്ചാലേ എന്തെങ്കിലും സാധ്യതകള്‍ ഉള്ളൂ.
പക്ഷേ, എസ്ആര്‍എച്ചിനെ നേരിടുമ്പോള്‍ ആര്‍സിബിയെ പേടിപ്പിക്കുന്ന ഒരു കണക്കുണ്ട്. കന്നി ഐപിഎല്‍ കിരീടം കൊതിക്കുന്ന ആര്‍സിബിയുടെ സ്ഥിരം വഴിമുടക്കികളാണ് സണ്‍റൈസേഴ്സ്. ഇതുവരെ അഞ്ച് വട്ടമാണ് ചലഞ്ചേഴ്സിന്‍റെ സ്വപ്നവങ്ങള്‍ ഹൈദരാബാദ് ചവിട്ടി മെതിച്ചിട്ടുള്ളത്. ഡെക്കാൻ ചാര്‍ജേഴ്സ് ആയിരുന്ന സമയത്ത് ആര്‍സിബിയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് 2009ല്‍ ഹൈദരാബാദില്‍ കിരീടം എത്തിയത്. 2012ല്‍ നിലവിലെ അവസ്ഥ പോലെ ആര്‍സിബിയെ തോല്‍പ്പിച്ച് എസ്ആര്‍എച്ച് പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് തടസമായി.
2013ല്‍ അവസാന മത്സരത്തില്‍ എസ്ആര്‍എച്ച് കെകെആറിനെ തോല്‍പ്പിച്ചതോടെയാണ് ആര്‍സിബിയുടെ വാതില്‍ അടഞ്ഞത്. 2016ല്‍ കലാശ പോരില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് ഹൈദരാബാദ് കിരീടം ചൂടി. 2020ല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ വീണ്ടും ആര്‍സിബി സണ്‍റൈസേഴ്സിനോട് തോറ്റു. ഈ കണക്കുകള്‍ ശരിക്കും ആര്‍സിബി ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. അതേസമയം, സണ്‍റൈസേഴ്സിന്‍റെ വിജയം മറ്റ് പല ടീമുകള്‍ക്ക് വലിയ സന്തോഷം സമ്മാനിക്കും.
ഹൈദരാബാദിനെ കൂടാതെ ആറ് ടീമുകളാണ് സണ്‍റൈസേഴ്സിന്‍റെ വിജയം ആഗ്രഹിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകള്‍ ഹൈദരാബാദിനെ ഇന്ന് പിന്തുണയ്ക്കും. സണ്‍റൈസേഴ്സ് വിജയിച്ചാല്‍ ചെന്നൈയും ലഖ്നൗവും പ്ലേ ഓഫ് ഉറപ്പിക്കും. മുംബൈ, രാജസ്ഥാൻ, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ക്ക് ആര്‍സിബിയുടെ തോല്‍വിയാണ് മുന്നോട്ട് പോക്കിനുള്ള ഊര്‍ജം നല്‍കുക.