ഇനിയും രാഹുലിനെ ചുമക്കണോ? സഞ്ജുവിന് പിന്തുണയേറുന്നു! പ്രകടനം കണ്ടില്ലെന്ന് നടിക്കരുതെന്ന് ക്രിക്കറ്റ് ലോകം
ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓപ്പണറായെത്തിയ രാഹുല്‍ എട്ട് റണ്‍സിന് പുറത്തായിരുന്നു. ദേശീയ ടീമിലും മോശം ഫോമില്‍ കളിക്കുന്ന രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ വാദമുണ്ടായിരുന്നു. സഞ്ജുവാകട്ടെ നിരന്തരം ദേശീയ ടീമില്‍ നിന്ന് തഴയപ്പെടുകയും ചെയ്യുന്നു.
മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പ്രകീര്‍ത്തിച്ച് പലരും രംഗത്തെത്തിയിരുന്നു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, റോയല്‍സിന്റെ പരിശീലകനും ശ്രീലങ്കന്‍ ഇതിഹാസവുമായ കുമാര്‍ സംഗക്കാര എന്നിവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ട്വിറ്ററില്‍ അല്ലാതെയും സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി നിരവധി പേരെത്തി. മറ്റുചിലര്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്് ക്യാപ്റ്റന്‍ കെ എല്‍ രാഹുലുമായി താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്.
ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓപ്പണറായെത്തിയ രാഹുല്‍ എട്ട് റണ്‍സിന് പുറത്തായിരുന്നു. ദേശീയ ടീമിലും മോശം ഫോമില്‍ കളിക്കുന്ന രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ വാദമുണ്ടായിരുന്നു. സഞ്ജുവാകട്ടെ നിരന്തരം ദേശീയ ടീമില്‍ നിന്ന് തഴയപ്പെടുകയും ചെയ്യുന്നു. അതിനിടെയാണ് 28കാരന്‍ അദ്യ മത്സരത്തില്‍ ഫോമിലായത്. 34 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു ആദ്യ മത്സരത്തില്‍ 55 റണ്‍സാണ് നേടിയത്. പിന്നാലെയാണ് രാഹുലിന്റെ ഇന്നിംഗ്‌സുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ട്വീറ്റുകള്‍ വന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...
സഞ്ജു നേടിയ അര്‍ധ സെഞ്ചുറിക്ക് ഒരു പ്രത്യേകതയുമുണ്ട്. പതിവുപോലെ വെറുമൊരു അര്‍ധ സെഞ്ചുറിയല്ല സഞ്ജുവിന്റേത്. കിംഗ് വിരാട് കോലിയുടെ ബാറ്റിംഗ് റെക്കോര്‍ഡ് പിന്നിലാക്കി ഏറെ മുന്നേറിയിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം. ഐപിഎല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് ഇപ്പോള്‍ സഞ്ജു സാംസണിന്റെ പേരിലാണ്. സണ്‍റൈസേഴ്സിനെതിരെ 700 റണ്‍സ് നേടുന്ന ആദ്യ ബാറ്ററാണ് സഞ്ജു.
രണ്ടാമതുള്ള വിരാട് കോലിക്ക് 569 റണ്‍സുകളേയുള്ളൂ. മൂന്നാമതുള്ള ഷെയ്ന്‍ വാട്സണിന് 566 ഉം നാലാമതുള്ള എ ബി ഡിവില്ലിയേഴ്സിന് 540 റണ്‍സും അഞ്ചാമന്‍ അമ്പാട്ടി റായുഡുവിന് 540 റണ്‍സുമാണ് സമ്പാദ്യം. സണ്‍റൈസേഴ്സിനെതിരെ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിന് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളുമുണ്ട്. 2019ലായിരുന്നു ഹൈദരാബാദില്‍ തന്നെ സഞ്ജു 55 പന്തില്‍ 102 റണ്‍സ് നേടിയത്.