സഞ്ജുവിന് പറ്റിയ അതേ അബദ്ധം! വിജയത്തിനിടെയിലും കനത്ത തിരിച്ചടി നേരിട്ട് ഹാർദിക് പാണ്ഡ്യ, വൻ തുക പിഴ ചുമത്തി
നേരത്തെ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിന്റെ ഫാഫ് ഡുപ്ലസി, രാജസ്ഥാൻ റോയൽസിന്റെ സഞ്ജു സാംസൺ എന്നിവർക്കും സമാനമായ നടപടി നേരിടേണ്ടി വന്നിരുന്നു.
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് എതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയെങ്കിലും ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യക്ക് തിരിച്ചടി. പഞ്ചാബിനെതിരെയുള്ള മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഹാർദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചു. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഈ സീസണിൽ നടപടി നേരിടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ.
നേരത്തെ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിന്റെ ഫാഫ് ഡുപ്ലസി, രാജസ്ഥാൻ റോയൽസിന്റെ സഞ്ജു സാംസൺ എന്നിവർക്കും സമാനമായ നടപടി നേരിടേണ്ടി വന്നിരുന്നു. അതേസമയം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയം സ്വന്തമാക്കിയത്. എന്നാൽ, വിജയം നേടിയെങ്കിലും മത്സരശേഷം കടുത്ത നിരാശയാണ് ടീം നായകൻ ഹാർദിക് പാണ്ഡ്യക്കുണ്ടായിരുന്നത്.
മത്സരം അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടുപോയതില്‍ ബാറ്റര്‍മാരെ പാണ്ഡ്യ പഴിച്ചു. അതേസമയം 11 പന്ത് നേരിട്ട ഹാര്‍ദിക് പാണ്ഡ്യക്ക് 8 റണ്‍സേ മത്സരത്തില്‍ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. 'സത്യസന്ധമായി പറയാം, മത്സരം അവസാന ഓവറിലേക്ക് നീട്ടിയതിനെ ഞാന്‍ അഭിനന്ദിക്കില്ല. ഈ മത്സരത്തില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്.
മത്സരം കഴിഞ്ഞ് തിരിച്ചെത്തി കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്. പഞ്ചാബ് കിംഗ്‌സ് നന്നായി പന്തെറിഞ്ഞു. എന്നാല്‍ ഇന്നിംഗ്‌സിന് മധ്യേ ബാറ്റര്‍മാര്‍ റിസ്‌ക് എടുത്ത് ഷോട്ടുകള്‍ കളിക്കണമായിരുന്നു. മത്സരം ഇത്രത്തോളം അവസാന ഓവറിലേക്ക് നീട്ടരുത് എന്ന് ഉറപ്പിക്കണമായിരുന്നു. മത്സരം ഏറെ മുമ്പേ ഫിനിഷ് ചെയ്യാന്‍ ഞാനാഗ്രഹിച്ചിരുന്നു. അവസാന ഓവറിലേക്ക് മത്സരം കൊണ്ടുപോകുന്നതിന്‍റെ ആരാധകനല്ല ഞാന്‍' എന്നും ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.