ടാറ്റ പോലും വിറച്ചുപോയി! സിക്സ് കൊണ്ട് കാറിന് ചളുക്കം, ഒടുവിൽ ഷോട്ടിന്‍റെ പവർ കാണാനായി വധേരയും എത്തി
മുംബൈ ഇന്നിംഗ്സില്‍ വാനിന്ദു ഹസരങ്ക എറിഞ്ഞ പതിനൊന്നാം ഓവറിലായിരുന്നു വധേരയുടെ സിക്സ് നേരെ ടിയാഗോയില്‍ കൊണ്ടത്. കാറിന്‍റെ മുന്‍ ഡോറിന്‍റെ ഹാന്‍ഡിലില്‍ ആണ് പന്ത് പതിച്ചത്. പന്ത് കൊണ്ട് ഹാന്‍ഡില്‍ ചളുങ്ങുകയും ചെയ്തു.
മുംബൈ: തന്‍റെ സിക്സിന്‍റെ പവര്‍ കൊണ്ട് ചളുങ്ങിയ ടാറ്റ ടിയാഗോ ഇവി കാണാൻ മുംബൈ ഇന്ത്യൻസിന്‍റെ നെഹാല്‍ വധേര എത്തി. കാറിനൊപ്പമുള്ള വധേരയുടെ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. മുംബൈ ഇന്നിംഗ്സില്‍ വാനിന്ദു ഹസരങ്ക എറിഞ്ഞ പതിനൊന്നാം ഓവറിലായിരുന്നു വധേരയുടെ സിക്സ് നേരെ ടിയാഗോയില്‍ കൊണ്ടത്. കാറിന്‍റെ മുന്‍ ഡോറിന്‍റെ ഹാന്‍ഡിലില്‍ ആണ് പന്ത് പതിച്ചത്. പന്ത് കൊണ്ട് ഹാന്‍ഡില്‍ ചളുങ്ങുകയും ചെയ്തു.
വധേരയുടെ സിക്സ് കൊണ്ട് ഗുണം കിട്ടുക പക്ഷെ കര്‍ണാടകയിലെ കാപ്പിത്തോട്ടങ്ങള്‍ക്കാണ്. ഐപിഎല്ലിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍മാരാണ് ടാറ്റ. ടൂര്‍ണമെന്‍റിനിടെ ഓരോ തവണ ടിയാഗോ ഇവിയില്‍ പന്ത് വന്നിടിക്കുമ്പോഴും കാപ്പിത്തോട്ടങ്ങളുടെ ജൈവവൈവിധ്യം വർധിപ്പിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സ് 5,00,000 രൂപ സംഭാവനയായി നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ടിയാഗോയില്‍ പന്ത് കൊള്ളുന്നത്.
കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മത്സരത്തിനിടെ ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദ് പായിച്ച സിക്സ് കൊണ്ടത് ടിയാഗോയുടെ പിന്‍ഡോറിന്‍റെ ഹാന്‍ഡില്‍ ആയിരുന്നു. പിന്നീട് സമീപത്ത് ഉള്‍പ്പെടെ പന്ത് വന്നെങ്കിലും കാറില്‍ എവിടെയും കൊണ്ടില്ല. തിലക് വര്‍മയുടെ അഭാവത്തില്‍ ഇന്നലെ മുംബൈക്കായി നാലാം നമ്പറില്‍ ഇറങ്ങിയ വധേര പുറത്താകാതെ അര്‍ധസെഞ്ചുറി നേടിയാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.
34 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും പറത്തിയ വധേര 52 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം മുംബൈ 16.3 ഓവറില്‍ മറികടന്നു. മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവിനൊപ്പം 140 റണ്‍സിന്‍റെ കൂട്ടുകെട്ടിലും വധേര പങ്കാളിയായി. 35 പന്തില്‍ 83 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്കോറര്‍. ഏഴ് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിംഗ്സ്. ഇഷാന്‍ കിഷന്‍ 21 പന്തില്‍ 42 റണ്‍സെടുത്തു.