പറഞ്ഞ് അടിക്കുന്നതാണ് ശീലം, അവനെ സിക്സിന് തൂക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു; വെളിപ്പെടുത്തി ഗില്‍
2018ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങളാണ് ശുഭ്മാന്‍ ഗില്ലും അഭിഷേഷ് ശര്‍മയും. ഇരുവരും പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഒരുമിച്ച് കളിക്കുന്നവരാണ്. ഹൈദരാബാദിനെതിരെ സെഞ്ചുറി നേടാനായത് സ്പെഷ്യല്‍ ആണെന്നും കാരണം തന്‍റെ ഐപിഎല്‍ അരങ്ങേറ്റവും ഹൈദരാബാദിനെതിരെ ആയിരുന്നുവെന്നും ഗില്‍ പറഞ്ഞു.
അഹമ്മദാബാദ്: ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയുമായി ഗുജറാത്തിന് പ്ലേ ഓഫ് ബര്‍ത്തുറപ്പാക്കിയത് ശുഭ്മാന്‍ ഗില്ലായിരുന്നു. 58 പന്തില്‍ 101 റണ്‍സെടുത്ത ഗില്‍ 13 ബൗണ്ടറി പറത്തിയപ്പോള്‍ ഒരേയൊരു സിക്സാണ് ആകെ നേടിയത്. അതും ഹൈദരാബാദിന്‍റെ പാര്‍ട്ട് ടൈം സ്പിന്നറായ അഭിഷേക് ശര്‍മക്കെതിരെ. മത്സരത്തിലെ പന്ത്രണ്ടാം ഓവറിലാണ് ഗില്‍ തന്‍റെ ഇന്നിംഗ്സിലെ ഒരേയൊരു സിക്സ് നേടിത്. ഗുജറാത്ത് ഇന്നിംഗ്സില്‍ ആകെ പിറന്നത് രണ്ടേ രണ്ട് സിക്സുകള്‍ മാത്രമായിരുന്നു. ഗില്ലിന് പുറമെ സായ് സുദര്‍ശനാണ് മറ്റൊരു സിക്സ് നേടിയത്.
എന്നാല്‍ അഭിഷേക് ശര്‍മക്കെതിരെ സിക്സ് നേടിയത് മുന്‍കൂട്ടി പറഞ്ഞിട്ടാണെന്ന് വെളിപ്പെടുത്തുകയാണ് ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍. മത്സരശേഷം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അഭിഷേക് ശര്‍മക്കെതിരെ നേടിയ സിക്സിനെക്കുറിച്ച് ഗില്‍ തുറന്നു പറഞ്ഞത്. മത്സരത്തിന് മുമ്പ് തന്നെ ഞാന്‍ അവനോട് പറഞ്ഞിരുന്നു. നീ പന്തെറിയാന്‍ വന്നാല്‍ സിക്സ് അടിക്കുമെന്ന്. കാരണം, ഞങ്ങള്‍ ബാല്യകാല സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെയാണ് മത്സരത്തിന് മുമ്പ് അവനെ കണ്ടപ്പോള്‍, നീ എങ്ങാനും എനിക്കെതിരെ പന്തെറിഞ്ഞാല്‍ സിക്സിന് തൂക്കുമെന്ന് ഞാനനവനോട് പറഞ്ഞത്. അതായിരുന്നു മത്സരത്തില്‍ തനിക്കേറെ ഇഷ്ടപ്പെട്ട ഷോട്ടെന്നും ഗില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
2018ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങളാണ് ശുഭ്മാന്‍ ഗില്ലും അഭിഷേഷ് ശര്‍മയും. ഇരുവരും പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഒരുമിച്ച് കളിക്കുന്നവരാണ്. ഹൈദരാബാദിനെതിരെ സെഞ്ചുറി നേടാനായത് സ്പെഷ്യല്‍ ആണെന്നും കാരണം തന്‍റെ ഐപിഎല്‍ അരങ്ങേറ്റവും ഹൈദരാബാദിനെതിരെ ആയിരുന്നുവെന്നും ഗില്‍ പറഞ്ഞു. അരങ്ങേറ്റവും ആദ്യ സെഞ്ചുറിയും ഒരു ടീമിനെതിരെ ആയത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇതോടെ കരിയറില്‍ ഒരു വൃത്തം പൂര്‍ത്തിയായി. ഈ സീസണില്‍ ഇനിയും സെഞ്ചുറികള്‍ നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും ഗില്‍ പറഞ്ഞു.
സീസണില്‍ ലഖ്നൗവിനെതിരായ മത്സരത്തിലും ഗില്‍ സെഞ്ചുറിക്ക് അരികില്‍ എത്തിയിരുന്നു. 51 പന്തില്‍ 94 റണ്‍സെടുത്ത ഗില്ലിന് പക്ഷെ അവസാന ഓവറില്‍ സ്ട്രൈക്ക് ലഭിക്കാതിരുന്നതിനാല്‍ സെഞ്ചുറി തിക്കക്കാനായിരുന്നില്ല. എന്നാല്‍ വ്യക്തിഗത നേട്ടത്തേക്കാള്‍ ടീമിന്‍റെ നേടത്തിനാണ് താനെപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നും ഗില്‍ പറഞ്ഞു.