അണ്ടര്‍ റേറ്റഡ് ധവാൻ! കോലിക്കും വാര്‍ണര്‍ക്കും മാത്രം സ്വന്തമായ നേട്ടത്തിലേക്ക് മീശപിരിച്ച് മാസ് എന്‍ട്രി
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു.
ഗുവാഹത്തി: ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി പഞ്ചാബ് കിംഗ്സ് നായകൻ ശിഖര്‍ ധവാൻ. ഐപിഎല്ലില്‍ 50 തവണ ഫിഫ്റ്റി പ്ലസ് സ്കോര്‍ നേടുന്ന മൂന്നാമത്തെ താരമായാണ് ധവാൻ മാറിയത്. ഇതിന് മുമ്പ് വിരാട് കോലിയും ഡേവിഡ് വാര്‍ണറും മാത്രമാണ് ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളത്. അതേസമയം, നായകന് ചേര്‍ന്ന പ്രകടനം ധവാൻ പുറത്തെടുത്തതോടെ രാജസ്ഥാന്‍ റോയല്‍സിനെതിരെ 198 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിംഗ്സ് മുന്നോട്ട് വച്ചിട്ടുള്ളത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു. 56 പന്തില്‍ 86 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിഖര്‍ ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. പ്രഭ്‌സിമ്രാൻ സിംഗ് 34 പന്തില്‍ 60 റണ്‍സടിച്ചു. രാജസ്ഥാനുവേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
തുടക്കത്തില്‍ പതുങ്ങി കളിച്ച ക്യാപ്റ്റന്‍ ശിഖര്‍ ധവാൻ അടി തുടങ്ങിയതോടെ പഞ്ചാബ് ഓവറില്‍ പത്ത് റണ്‍സ് ശരാശരിയില്‍ സ്കോറിംഗ് വേഗം കൂട്ടുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ പതിമൂന്നാം ഓവറില്‍ 18 റണ്‍സടിച്ചാണ് പഞ്ചാബ് വീണ്ടും ടോപ് ഗിയറിലായത്. 36 പന്തില്‍ 50 കടന്ന ധവാന്‍ ഐപിഎല്ലിലെ 50-ാം അര്‍ധ സെഞ്ചുറിയാണ് കുറിച്ചത്.
ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തിയാണ് ധവാന്‍ 86 റണ്‍സുമായി പുറത്താകാതെ നിന്നത്. പഞ്ചാബ് നായകനെന്ന നിലയില്‍ ധവാന്‍റെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. പതിനഞ്ചാം ഓവറില്‍ പഞ്ചാബ് 150 കടന്നു. ജിതേഷ് ശര്‍മ, സിക്കന്ദര്‍ റാസ എന്നിവരുടെ വിക്കറ്റുകള്‍ അതിവേഗം നഷ്ടപ്പെട്ടതാണ് പഞ്ചാബ് സ്കോര്‍ 200ല്‍ താഴെ ഒതുക്കിയത്.