വാട്ട് എ ക്യാച്ച് ക്യാപ്റ്റൻ! ഷായുടെ ഷോ ഇന്നുമില്ല, 'പറക്കും സഞ്ജു'വിന്‍റെ തകര്‍പ്പൻ ക്യാച്ച്, വീഡിയോ കാണാം
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച സ്കോറാണ് രാജസ്ഥാൻ റോയല്‍സ് പടുത്തുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് എടുത്തത്.
ഗുവാഹത്തി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പൻ ക്യാച്ചുമായി സഞ്ജു സാംസണ്‍. ഇംപാക്ട് പ്ലെയറായി വന്ന പൃഥ്വി ഷായാണ് സഞ്ജുവിന്‍റെ കിടിലൻ ക്യാച്ചില്‍ പുറത്തായത്. ട്രെൻഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സഞ്ജുവിന് ക്യാച്ച് നല്‍കി പൃഥ്വി ഷാ മടങ്ങി. തൊട്ടടുത്ത പന്തില്‍ മനീഷ് പാണ്ഡെയെയും പുറത്താക്കി ബോള്‍ട്ട് ആഞ്ഞടിച്ചതോടെ ഡല്‍ഹി വീണ്ടുമൊരു തോല്‍വി മുന്നില്‍ കാണുകയാണ്.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച സ്കോറാണ് രാജസ്ഥാൻ റോയല്‍സ് പടുത്തുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് എടുത്തത്. റോയല്‍സിന് വേണ്ടി ജോസ് ബട്‍ലറും (79) യശ്വസി ജയ്സ്‍വാളും (60) അര്‍ധ സെഞ്ചുറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷിമ്രോണ്‍ ഹെറ്റ്‍മെയറിന്‍റെ (39*) പ്രകടനവും നിര്‍ണായകമായി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയല്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മിന്നുന്ന തുടക്കമാണ് ലഭിച്ചത്. റോയല്‍സ് പവര്‍പ്ലേയില്‍ തകര്‍പ്പൻ അടിയുമായി കുതിച്ചു. പവര്‍ പ്ലേയിലെ ആറ് ഓവര്‍ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 68 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. പരിക്ക് മൂലം കളിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്ന ബട്‍ലര്‍ ടീമിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ രാജസ്ഥാൻ ആരാധകര്‍ ആവേശത്തിലായിരുന്നു. അതിന് ചേര്‍ന്ന തുടക്കമാണ് ടീമിന് ലഭിച്ചതും. ഖലീല്‍ അഹമ്മദ്, ആന്‍റിച്ച് നോര്‍ജെ എന്നിവരെ തലങ്ങും വിലങ്ങും പായിച്ച് കൊണ്ടായിരുന്നു രാജസ്ഥാന്‍റെ തുടക്കം. ജയ്സ്‍വാളായിരുന്നു കൂടുതല്‍ അപകടകാരി.
നാലാമത്തെ ഓവറില്‍ തന്നെ ടീം സ്കോര്‍ 50ല്‍ എത്തി. എന്നാല്‍, എട്ടാം ഓവറില്‍ ജയ്സ്‍വാളിനെ മുകേഷ് കുമാര്‍ പുറത്താക്കി. 31 പന്തില്‍ 60 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. പിന്നാലെ എത്തിയ സഞ്ജവിനും (0) റിയാൻ പരാഗിനും (7) കാര്യമായി ഒന്നും ചെയ്യാനായില്ല. അവസാന ഓവറുകളായതോടെ ബട്‍ലറും ഷിമ്രോണ്‍ ഹെറ്റ്‍മെയറും തകര്‍ത്തടിച്ചതോടെയാണ് രാജസ്ഥാൻ വീണ്ടും ട്രാക്കിലായത്.
18-ാം ഓവറില്‍ മുകേഷ് കുമാറിന്‍റെ കിടലിൻ ത്രോയില്‍ അപ്രതീക്ഷിതമായി ബട്‍ലര്‍ റണ്‍ ഔട്ടാവുകയായിരുന്നു. പിന്നാലെയെത്തിയ ധ്രുവ് ജുറല്‍ ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ചാണ് തുടങ്ങിയത്. അവസാന ഓവറില്‍ ഹെറ്റ്‍മെയറിന്‍റെ സിക്സുകളും വന്നതോടെ രാജസ്ഥാൻ അനായാസം 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും നോര്‍ജെ 199ല്‍ പിടിച്ച് നിര്‍ത്തി.