ഞാനെന്ന ചിന്തയില്ലാതെ ടീമിനായി എന്തും ചെയ്യും; സഞ്ജു നിര്‍ബന്ധമായും ഇന്ത്യക്കായി കളിക്കണമെന്ന് ഹര്‍ഷ ഭോഗ്‌ലെ
മികച്ച തുടക്കം ലഭിച്ചാല്‍ അതിനെ 70-80 റണ്‍സാക്കി മാറ്റി വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്തുന്ന കളിക്കാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സഞ്ജു അവരുടേത് പോലെയല്ല. അവനൊരിക്കലും സ്വാര്‍ത്ഥനല്ല,
ഗുവാഹത്തി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍റെ ടോപ് സ്കോററായ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ടി20 ടീമില്‍ സഞ്ജു സാംസണെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് പറയാനുള്ള കാരണം ഇന്നലത്തെ സഞ്ജുവിന്‍റെ ഇന്നിംഗ്സിലുണ്ടെന്ന് ഹര്‍ഷ ഭോഗ്‌ലെ ക്രിക് ബസിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.
മികച്ച തുടക്കം ലഭിച്ചാല്‍ അതിനെ 70-80 റണ്‍സാക്കി മാറ്റി വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്തുന്ന കളിക്കാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സഞ്ജു അവരുടേത് പോലെയല്ല. അവനൊരിക്കലും സ്വാര്‍ത്ഥനല്ല, ടീമാണ് അവന് പ്രധാനം. ടീമിനുവേണ്ടി എന്ത് റിസ്ക് എടുക്കാനും അവന്‍ തയാറാണ്. അവനെപ്പോലുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ വേണ്ടത്. കാരണം ടി20 ക്രിക്കറ്റില്‍ ഒരു കളിക്കാരന്‍ മാത്രം 70-80 റണ്‍സടിക്കുന്നില്‍ വലിയ കാര്യമില്ല.
ഒരു ടീമിലെ അഞ്ച് കളിക്കാര്‍ 25 പന്തുകള്‍ വീതം നേരിട്ട് സഞ്ജു കളിക്കുന്ന പോലെ കളിച്ചാല്‍ ആ ടീമിന് അനായാസമായി 200 റണ്‍സടിക്കാം. അത്തരത്തില്‍ കളിക്കുന്ന അഞ്ച് ബാറ്റര്‍മാരെ എടുത്താല്‍ സഞ്ജുവിന് അവിടെ സ്വര്‍ണത്തിളക്കമുണ്ട്. പക്ഷെ ഐപിഎല്ലില്‍ കളിക്കുമ്പോള്‍ സഞ്ജു കുറച്ചൊക്കെ സ്വാര്‍ത്ഥനാവേണ്ടിയിരിക്കുന്നു. കാരണം, ഇന്നലെ പഞ്ചാബിനെതിരെ ലഭിച്ചതുപോലുള്ള തുടക്കങ്ങള്‍ 70-80 റണ്‍സാക്കി മാറ്റാന്‍ വല്ലപ്പോഴുമെങ്കിലും സഞ്ജു ശ്രമിക്കണം.
എന്നാല്‍ അത്തരം ഇന്നിംഗ്സുകള്‍ സഞ്ജുവില്‍ നിന്ന് അപൂര്‍വമായെ കണ്ടിട്ടുള്ളു. അവനെപ്പോഴും അടിച്ചുകളിക്കാനാണ് ശ്രമിക്കാറുള്ളത്. അതുകൊണ്ട് അവനെ ഒറ്റക്ക് കളി ജയിപ്പിക്കുന്ന കളിക്കാരനായി വിലയിരുത്താന്‍ പറ്റില്ലെങ്കിലും ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇത്തരം കളിക്കാരെയാണ് വേണ്ടതെന്നും ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു.
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ നാലാം നമ്പറിലാണ് സഞ്ജു ബാറ്റിംഗിനിറങ്ങിയത്. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ആര്‍ അശ്വിനും മടങ്ങിയശേഷം ക്രീസിലെത്തിയ സഞ്ജു 25 പന്തില്‍ 42 റണ്‍സെടുത്ത് പുറത്തായി.