സാക്ഷാല്‍ ക്രിസ്റ്റ്യാനോയെക്കാള്‍ ജനപ്രിയനായി നമ്മുടെ സഞ്ജു സാംസണ്‍; അമ്പരിപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
സാക്ഷാല്‍ റൊണാള്‍ഡോയെ പോലും പിന്തള്ളി ധോണി, കോലി, സഞ്ജു എന്നിവരുടെ ടീമുകള്‍ കുതിപ്പ് നടത്തിയത് ഐപിഎല്ലിന് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നതാണ്
ജയ്പുര്‍: ഐപിഎല്‍ 2023 സീസണ്‍ വലിയ ആവേശം സൃഷ്ടിച്ച് കൊണ്ട് മുന്നോട്ട് പോവുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ക്രിക്കറ്റ് മാമാങ്കം ടിവി സ്ക്രീനുകളിലും മൊബൈലുകളിലുമായി കാണുന്നത്. ഏറ്റവും ട്രെൻഡിംഗ് ആയ കായിക ഇനങ്ങളിൽ ഒന്നായി ഐപിഎല്‍ മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഐപിഎല്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്ത് വന്നിട്ടുള്ളത്.
ഡിപോർട്ടെസിന്റെയും ഫിയാൻസാസിന്റെയും റിപ്പോർട്ട് പ്രകാരം ഈ മാസത്തെ ഏറ്റവും ജനപ്രിയമായ ഏഷ്യൻ കായിക ടീം എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. 2023 ഏപ്രിലിൽ ട്വിറ്ററിൽ 9.97 ദശലക്ഷം ഇന്‍ററാക്ഷൻസാണ് ചെന്നൈക്ക് ലഭിച്ചതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം സ്ഥാനത്തുള്ളത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ്. ട്വിറ്ററിൽ 4.85 ദശലക്ഷം ഇന്‍ററാക്ഷൻസാണ് ആര്‍സിബിക്ക് വന്നിട്ടുള്ളത്.
മൂന്നാം സ്ഥാനത്തുള്ള മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയല്‍സാണ്. ട്വിറ്ററില്‍ 3.55 ദശലക്ഷം ഇന്‍ററാക്ഷൻസാണ് റോയല്‍സിന് ലഭിച്ചത്. നാലാം സ്ഥാനത്ത് മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ ഉള്ളത്. 3.5 മില്യണ്‍ ട്വിറ്റര്‍ ഇന്‍ററാക്ഷൻസ് അല്‍ നസ്റിന് ലഭിച്ചത്. അഞ്ചാം സ്ഥാനത്ത് ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുള്ള മുംബൈ ഇന്ത്യൻസാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തിയതിന് ശേഷമാണ് അല്‍ നസ്റിന് ആരാധ പിന്തുണ കൂടിയതെന്നുള്ള ഈ കണക്കില്‍ വ്യക്തമാണ്.
എന്നാല്‍, സാക്ഷാല്‍ റൊണാള്‍ഡോയെ പോലും പിന്തള്ളി ധോണി, കോലി, സഞ്ജു എന്നിവരുടെ ടീമുകള്‍ കുതിപ്പ് നടത്തിയത് ഐപിഎല്ലിന് ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം സഞ്ജുവിന്‍റെ പേര് ചേര്‍ത്ത് വയ്ക്കപ്പെടുന്നത് മലയാളികള്‍ക്കും അഭിമാനകരമായ കാര്യമാണ്. അതേസമയം, ഐപിഎല്ലില്‍ ചെന്നൈയും ആര്‍സിബിയും രാജസ്ഥാനും പ്ലേ ഓഫ് ഉറപ്പിക്കാനുള്ള തീവ്രമായ പരിശ്രമങ്ങള്‍ തുടരുകയാണ്.