ഒടുവില്‍ രവി ശാസ്ത്രിയും പറയുന്നു; ക്യാപ്റ്റന്‍ സഞ്ജു ധോണിയെപ്പോലെ
ഇപ്പോള്‍ സഞ്ജുവിനെ വാഴ്ത്തുന്ന ഇതേ രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലകനും വിരാട് കോലി ഇന്ത്യന്‍ നായകനുമായിരുന്ന കാലത്തും സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ലെന്ന് ആരാധകര്‍ മറുപടിയുമായി എത്തിയിട്ടുണ്ട്.
ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ വിജയങ്ങളുമായി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച രാജസ്ഥാന്‍ റോയല്‍സിന്‍റെ ആവേശ ജയത്തിന് പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാസണിന്‍റെ ക്യാപ്റ്റന്‍സി മികവിനെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും. ക്രിക് ഇന്‍ഫോയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സഞ്ജുവിന്‍റെ നായക മികവിനെ പുകഴ്ത്തിയ ശാസ്ത്രി ധോണിയുമായി താരതമ്യം ചെയ്തത്.
ഏത് സമ്മര്‍ദ്ദഘട്ടത്തിലും വളരെ ശാന്തനും സമചിത്തതയോടെ തീരുമാനമെടുക്കുന്നവനുമായ സഞ്ജുവില്‍ ധോണിയുടെ അതേ മികവുകളുണ്ടെന്ന് രവി ശാസ്ത്രി പറഞ്ഞു. സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സി ഞാന്‍ വളരെ കുറച്ചെ കണ്ടിട്ടുള്ളു. പക്ഷെ കണ്ടതില്‍വെച്ച് തന്നെ എനിക്ക് പറായാനാവും. അവന്‍ ധോണിയെപ്പോലെ ശാന്തനും സമചിത്തത വെടിയാത്ത നായകനുമാണ്. സഹതാരങ്ങളോട് തന്‍റെ മുഖത്തെ വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത സഞ്ജുവിന് അവരോട് നല്ലരീതിയില്‍ ആശയവിനിമയം നടത്താനും മിടുക്കുണ്ട്. സഞ്ജു ക്യാപ്റ്റനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്തോറം അവന്‍ കൂടുതല്‍ പരിചയ സമ്പന്നനാകുമെന്നും രവി ശാസ്ത്രി പറഞ്ഞു.
ധോണിപ്പടക്കെതിരായ പോരാട്ടത്തില്‍ സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയെ വാഴ്ത്തി ഇര്‍ഫാന്‍ പത്താന്‍
ഇപ്പോള്‍ സഞ്ജുവിനെ വാഴ്ത്തുന്ന ഇതേ രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലകനും വിരാട് കോലി ഇന്ത്യന്‍ നായകനുമായിരുന്ന കാലത്തും സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ലെന്ന് ആരാധകര്‍ മറുപടിയുമായി എത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ സഞ്ജുവിന്‍റെ പ്രകടനങ്ങളെയും ക്യാപ്റ്റന്‍സിയെയും വാഴ്ത്തുന്നവര്‍ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍റെ കാര്യം വരുമ്പോള്‍ മറ്റ് പല മാനദണ്ഡങ്ങളും കണ്ടെത്തുമെന്നും ആരാധകര്‍ പറയുന്നു.
ഐപിഎല്ലില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു.