ഭീഷണിയായി മാറിയ കൂട്ടുക്കെട്ട് പൊളിച്ച സഞ്ജുവിന്‍റെ കിടിലൻ തന്ത്രം; ക്യാപ്റ്റൻസിയെ പാടി പുകഴ്ത്തി ആരാധകർ

മത്സരത്തില്‍ സഞ്ജുവിന്‍റെ ഒരു തന്ത്രം ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ പ്രശംസിക്കുന്നത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡേവിഡ് വാര്‍ണറും ലളിത് യാദവും ഒത്തുചേര്‍ന്നതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ച് വന്നിരുന്നു.

sanju samson getting appreciation for his captaincy skills btb

ഗുവാഹത്തി: ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി ഐപിഎല്‍ 2023 സീസണില്‍ രാജസ്ഥാൻ റോയല്‍സ് രണ്ടാം വിജയം കുറിച്ചിരുന്നു. തുടര്‍ പരാജയങ്ങളുടെ ആഴത്തിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ തള്ളിയിട്ടായിരുന്നു രാജസ്ഥാന്‍റെ വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലര്‍ത്തി 57 റണ്‍സിന്‍റെ വിജയമാണ് രാജസ്ഥാൻ കുറിച്ചത്. ഇപ്പോള്‍ മത്സരശേഷം രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണിന്‍റെ ക്യാപ്റ്റൻസിയെ കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

മത്സരത്തില്‍ സഞ്ജുവിന്‍റെ ഒരു തന്ത്രം ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ പ്രശംസിക്കുന്നത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡേവിഡ് വാര്‍ണറും ലളിത് യാദവും ഒത്തുചേര്‍ന്നതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ച് വന്നിരുന്നു. ഇതിനകം തന്നെ രാജസ്ഥാന്‍റെ ഏറ്റവും മികച്ച ബൗളറായ ട്രെൻ‍‍ഡ് ബോള്‍ട്ടിന്‍റെ മൂന്ന് ഓവറുകള്‍ കഴിഞ്ഞിരുന്നു. മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയിരുന്നത്.

ഡല്‍ഹി പതിയെ മത്സരത്തിലേക്ക് തിരിച്ച് വരുമ്പോള്‍ സഞ്ജു തന്‍റെ തുറുപ്പ് ചീട്ടിനെ വീണ്ടും കളത്തിലിറക്കിയുള്ള തന്ത്രം പ്രയോഗിച്ചു. തന്‍റെ അവസാന ഓവറിലെ അവസാന പന്തില്‍ ലളിത് യാദവിന്‍റെ സ്റ്റംമ്പുകള്‍ തെറിപ്പിച്ചാണ് ബോള്‍ട്ട് ക്യാപ്റ്റന്‍റെ വിശ്വാസം കാത്തത്. 24 പന്തില്‍ 38 റണ്‍സാണ് ലളിത് യാദവ് നേടിയിരുന്നത്. ഭീഷണിയാകാൻ സാധ്യതയുള്ള ഒരു കൂട്ടുക്കെട്ട് വലിയ റിസ്ക്ക് എടുത്ത് പൊളിച്ച സഞ്ജുവിന്‍റെ തന്ത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുള്ളത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പൻ ക്യാച്ചുമായി സഞ്ജു സാംസണ്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇംപാക്ട് പ്ലെയറായി വന്ന പൃഥ്വി ഷായാണ് സഞ്ജുവിന്‍റെ കിടിലൻ ക്യാച്ചില്‍ പുറത്തായത്. ട്രെൻ‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സഞ്ജുവിന് ക്യാച്ച് നല്‍കി പൃഥ്വി ഷാ മടങ്ങുകയായിരുന്നു. 

ധോണി റിവ്യൂ സിസ്റ്റത്തെ കുറിച്ച് ധാരണയില്ലല്ലേ! വൈ‍ഡിനായി റിവ്യൂ നല്‍കി കാത്ത് മുംബൈ താരം, കളം വിട്ട് ധോണി

Latest Videos
Follow Us:
Download App:
  • android
  • ios