ഔട്ട് ഓഫ് ഫോമെന്ന് ആരാ പറഞ്ഞേ! ചേട്ടനെയും അനിയനെയും പോലെ ബട്‍ലറും സഞ്ജവും; ജയ്പുരിൽ ആകാശവിസ്മയം, വെടിക്കെട്ട്
സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളര്‍മാരെ ഗ്രൗണ്ടിന്‍റെ എല്ലാ മൂലയും പരിചയപ്പെടുത്തി നിര്‍ണായക മത്സരത്തില്‍ ക്ലാസ് തെളിയിക്കുകയായിരുന്നു ഇരുവരും. ജോസ് ബട്ർലര്‍ 58 പന്തില്‍ 10 ഫോറും നാല് സിക്സും പറത്തി 95 റണ്‍സാണ് പേരില്‍ കുറിച്ചത്. മറുവശത്ത് 38 പന്തില്‍ നാല് ഫോറും അഞ്ച് സിക്സുമായി 66 റണ്‍സ് നായകൻ സഞ്ജുവും കൂട്ടിച്ചേത്തു.
ജയ്പുര്‍: കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതിന്‍റെ എല്ലാ കോട്ടവും തീര്‍ത്ത് ആടിത്തിമിര്‍ത്ത് ജോസ് ബട്‍ലറും സഞ്ജു സാംസണും. സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളര്‍മാരെ ഗ്രൗണ്ടിന്‍റെ എല്ലാ മൂലയും പരിചയപ്പെടുത്തി നിര്‍ണായക മത്സരത്തില്‍ ക്ലാസ് തെളിയിക്കുകയായിരുന്നു ഇരുവരും. ജോസ് ബട്ർലര്‍ 58 പന്തില്‍ 10 ഫോറും നാല് സിക്സും പറത്തി 95 റണ്‍സാണ് പേരില്‍ കുറിച്ചത്. മറുവശത്ത് 38 പന്തില്‍ നാല് ഫോറും അഞ്ച് സിക്സുമായി 66 റണ്‍സ് നായകൻ സഞ്ജുവും കൂട്ടിച്ചേത്തു.
ഇരുവരുടെയും മികവിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് രാജസ്ഥാൻ കുറിച്ചത്. നല്ല തുടക്കം നല്‍കിയതിന് ശേഷം യശസ്വി ജയ്സ്വാള്‍ പുറത്തായതോടെയാണ് സഞ്ജു ക്രീസില്‍ എത്തിയത്. പിങ്ക് നിറഞ്ഞ ഗാലറിയുടെ ആരവങ്ങള്‍ക്കിടയിലേക്ക് രാജസ്ഥാൻ റോയല്‍സിന്‍റെ നായകൻ സഞ്ജു സാംസണ്‍ നടന്ന് എത്തുന്നത് രോമാഞ്ചമുണര്‍ത്തുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതിനാല്‍ അതീവ ശ്രദ്ധയോടെയാണ് താരം തുടങ്ങിയത്.
പിന്നീട് മായങ്ക് മാര്‍ക്കണ്ഡയെ അടുപ്പിച്ച രണ്ട് സിക്സിന് പറത്തി സഞ്ജു കളം നിറഞ്ഞു. അതുവരെ രണ്ടാമത്തെ ഗിയറില്‍ പോയിരുന്ന ബട്‍ലര്‍ സഞ്ജുവിന്‍റെ അടി കണ്ടതോടെ ടോപ് ഗിയറിട്ട് കുതിച്ചു. ഇതോടെ താരത്തിന്‍റെ ബാറ്റില്‍ നിന്ന് യഥേഷ്ടം ബൗണ്ടറികള്‍ പ്രവഹിച്ചു. അധികം വൈകാതെ തന്നെ ബട്‍ലര്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ഒരു ഘട്ടത്തില്‍ പോലും സണ്‍റൈസേഴ്സിന് അവസരം കൊടുക്കാതെ ബട്‍ലര്‍ - സഞ്ജു സഖ്യം ആടിത്തിമിര്‍ക്കുകയായിരുന്നു. 61 പന്തില്‍ ഈ കൂട്ടുക്കെട്ട് നൂറ് റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.
സണ്‍റൈസേഴ്സ് ബൗളര്‍മാര്‍, പ്രത്യേകിച്ച് സ്പിന്നര്‍മാരെ കണക്കിന് ശിക്ഷിച്ചാണ് ഇരുവരും മുന്നേറിയത്. അര്‍ധ സെഞ്ചുറി കഴിഞ്ഞതോടെ ബട്‍ലറിന്‍റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു. ഭുവനേശ്വര്‍ കുമാറിന് പോലും ഇതില്‍ നിന്ന് രക്ഷപ്പെടാനായില്ല. സെഞ്ചുറിയിലേക്ക് കുതിച്ച ബട്‍ലറിനെ ഭുവിയുടെ മനോഹരമായ ഒരു പന്ത് കുരുക്കി. അവസാന ഓവറില്‍ യോര്‍ക്കര്‍ കൊണ്ട് അത്ഭുതപ്പെടുത്തുന്ന നടരാജനെ വരെ സിക്സിന് പായിച്ച് സഞ്ജുവിന്‍റെ വെടിക്കെട്ടോടെ രാജസ്ഥാൻ കരുത്ത് കാട്ടി.