ധോണിയുടെ തന്ത്രത്തിന് സഞ്ജുവിന്റെ മറുതന്ത്രം! ചെന്നൈ മൂക്കിടിച്ച് വീണു, വില്ലനായത് സ്വന്തം 'ലോക്കൽ ബോയ്'
പവർ പ്ലേയിൽ പടിക്കൽ മികവ് കാട്ടിയപ്പോൾ മോയിൻ അലിയെ രണ്ട് സിക്സുകൾക്ക് തൂക്കി ബട്‍ലർ അധികം വൈകാതെ ടോപ് ഗിയറിടുകയും ചെയ്തു. എന്നാൽ, ധോണി തന്റെ വജ്രായുധത്തെ നിയോഗിച്ചതോടെ ചെന്നൈ ഒരേ ഒരു ഓവറിൽ മത്സരം തിരിച്ചു.
ചെന്നൈ: ചെപ്പോക്കിൽ ചെന്നൈക്കായി ആർത്തുവിളിച്ച ആയിരങ്ങൾക്ക് മുന്നിലാണ് രാജസ്ഥാൻ റോയൽസ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. ഒരിക്കൽ കൂടി ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും തന്ത്രങ്ങളുടെ ആശാനായ എം എസ് ധോണിക്ക് മുന്നിൽ പിടിച്ച് നിൽക്കുകയും ചിലപ്പോഴെക്കെ കയറി കളിക്കാനും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് സാധിച്ചു. മത്സരത്തിൽ തുടക്കത്തിലേ ജയ്സ്‍വാളിനെ നഷ്ടപ്പെട്ടതിന് ശേഷം ദേവദത്ത് പടിക്കലും ബട്‍ലറും ഒന്നിച്ചതോടെ റോയൽസ് സ്കോർ ബോർഡിലേക്ക് റൺസ് എത്തിത്തുടങ്ങിയിരുന്നു.
പവർ പ്ലേയിൽ പടിക്കൽ മികവ് കാട്ടിയപ്പോൾ മോയിൻ അലിയെ രണ്ട് സിക്സുകൾക്ക് തൂക്കി ബട്‍ലർ അധികം വൈകാതെ ടോപ് ഗിയറിടുകയും ചെയ്തു. എന്നാൽ, ധോണി തന്റെ വജ്രായുധത്തെ നിയോഗിച്ചതോടെ ചെന്നൈ ഒരേ ഒരു ഓവറിൽ മത്സരം തിരിച്ചു. ഓരോവറിൽ പടിക്കലിനെയും പിന്നാലെ വന്ന സഞ്ജുവിന്റെയും വിക്കറ്റുകളെടുത്താണ് രവീന്ദ്ര ജഡേജ ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. സ്പിന്നർമാരെ നന്നായി കളിക്കാൻ അറിയുന്ന സഞ്ജുവിനെതിരെ വേഗം കൂട്ടി എറിഞ്ഞ് ബാറ്ററുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന ജഡേജയെ ഉപയോഗിച്ചുള്ള തന്ത്രം വിജയിക്കുകയായിരുന്നു.
ധോണി ജഡേജയെ ഉപയോഗിച്ച് വിജയിപ്പിച്ച തന്ത്രം ചെപ്പോക്കിലെ തന്റെ വജ്രായുധത്തെ ഉപയോഗിച്ച് സഞ്ജു നടപ്പാക്കിയപ്പോൾ ചെന്നൈക്ക് മറുപടിയുണ്ടായില്ല. രാജസ്ഥാന് സമാനമായി ഫോമിലുള്ള ഓപ്പണറെ നഷ്ടപ്പെട്ടു കൊണ്ടാണ് ചെന്നൈയും തുടങ്ങിയത്. അജിൻക്യ രഹാനെയും ഡെവോൺ കോൺവെയും ഒന്നിച്ചതോടെ റോയൽസിനെ പോലെ തന്നെ രണ്ടാം വിക്കറ്റിൽ ചെന്നൈയും കൂട്ടുക്കെട്ടുണ്ടാക്കി. ഇത് അപകടമുണ്ടാക്കുമെന്ന് തോന്നിത്തുടങ്ങിയ സമയത്ത് ധോണി ജഡേജയെ നിയോഗിച്ചത് പോലെ സഞ്ജു അശ്വിനെയും നിയോഗിച്ചു.
രണ്ട് ഓവറുകളിലായി രഹാനെയും ശിവം ദുബൈയെയും വീഴ്ത്തിയാണ് ചെപ്പോക്കിനെ കുറിച്ച് എല്ലാമെല്ലാമറിയുന്ന അശ്വിൻ കളി തിരിച്ചത്. ഡൽഹിക്കെതിരെയുള്ള മത്സരത്തിലും സഞ്ജുവിന്റെ ക്യാപ്റ്റൻസി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൃത്യമായ ബൗളിംഗ് മാറ്റത്തിലൂടെ സാക്ഷാൽ ധോണിയുടെ ചെന്നൈക്കെതിരെയും സഞ്ജു തന്റെ നായകമികവ് ആവർത്തിച്ചിരിക്കുകയാണ്.