സണ്‍റൈസേഴ്സ് ബൗള‍ർമാർ 'എയറിൽ' തന്നെ, നക്ഷത്രമെണ്ണിച്ച് ബട്‍ലർ - സഞ്ജു സഖ്യം; രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ

അഭിഷേക് ശര്‍മ്മയെ അടുപ്പിച്ച രണ്ട് സിക്സിന് തൂക്കി സഞ്ജു കളം നിറഞ്ഞു. അതുവരെ രണ്ടാമത്തെ ഗിയറില്‍ പോയിരുന്ന ബട്‍ലര്‍ സഞ്ജുവിന്‍റെ അടി കണ്ടതോടെ ടോപ് ഗിയറിട്ട് കുതിച്ചു.

rr vs srh sanju samson and jos buttler super batting huge total for rajasthan royals btb

ജയ്പുര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നിര്‍ണായക മത്സരത്തില്‍ കൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തി രാജസ്ഥാൻ റോയല്‍സ്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‍ലര്‍ (95), നായകൻ സഞ്ജു സാംസണ്‍ (66*) എന്നിവരുടെ കരുത്തിലാണ് റോയല്‍സ് തേരോട്ടം നടത്തിയത്. സണ്‍റൈസേഴ്സ് ബൗളര്‍മാരെ തലങ്ങും വിലങ്ങുമിട്ട് ബട്‍ലര്‍ - സഞ്ജു സഖ്യം അടിച്ചൊതുക്കി. ഇരുവരുടെയും മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് രാജസ്ഥാൻ കുറിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ യാൻസനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസ് നേട്ടം പവര്‍ പ്ലേയില്‍ ആഘോഷിച്ചാണ് രാജസ്ഥാൻ റോയല്‍സ് തുടങ്ങിയത്. ജോസ് ബട്‍ലറിനെ ഒരറ്റത്ത് നിര്‍ത്തി യശസ്വി ജയ്സ്വാളാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. ആവേശത്തിൽ മുന്നോട്ട് കുതിക്കുന്നതിനിടെ മാര്‍ക്കോ യാൻസൻ യശസ്വിയെ നടരാജന്‍റെ കൈകളില്‍ എത്തിച്ചു. പിങ്ക് നിറഞ്ഞ ഗാലറിയുടെ ആരവങ്ങള്‍ക്കിടയിലേക്കാണ് രാജസ്ഥാൻ റോയല്‍സിന്‍റെ നായകൻ സഞ്ജു സാംസണ്‍ എത്തിയത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതിനാല്‍ അതീവ ശ്രദ്ധയോടെയാണ് താരം തുടങ്ങിയത്.

പിന്നീട് മായങ്ക് മാര്‍ക്കണ്ഡ‍യെ അടുപ്പിച്ച രണ്ട് സിക്സിന് തൂക്കി സഞ്ജു കളം നിറഞ്ഞു. അതുവരെ രണ്ടാമത്തെ ഗിയറില്‍ പോയിരുന്ന ബട്‍ലര്‍ സഞ്ജുവിന്‍റെ അടി കണ്ടതോടെ ടോപ് ഗിയറിട്ട് കുതിച്ചു. ഇതോടെ താരത്തിന്‍റെ ബാറ്റില്‍ നിന്ന് യഥേഷ്ടം ബൗണ്ടറികള്‍ പ്രവഹിച്ചു. അധികം വൈകാതെ തന്നെ ബട്‍ലര്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ഒരു ഘട്ടത്തില്‍ പോലും സണ്‍റൈസേഴ്സിന് അവസരം കൊടുക്കാതെ ബട്‍ലര്‍ - സഞ്ജു സഖ്യം ആടിത്തിമിര്‍ക്കുകയായിരുന്നു. 61 പന്തില്‍ ഈ കൂട്ടുക്കെട്ട് നൂറ് റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.

സണ്‍റൈസേഴ്സ് ബൗളര്‍മാര്‍, പ്രത്യേകിച്ച് സ്പിന്നര്‍മാരെ കണക്കിന് ശിക്ഷിച്ചാണ് ഇരുവരും മുന്നേറിയത്. അര്‍ധ സെഞ്ചുറി കഴിഞ്ഞതോടെ ബട്‍ലറിന്‍റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു. ഭുവനേശ്വര്‍ കുമാറിന് പോലും ഇതില്‍ നിന്ന് രക്ഷപ്പെടാനായില്ല. സെഞ്ചുറിയിലേക്ക് കുതിച്ച ബട്‍ലറിനെ ഭുവിയുടെ മനോഹരമായ ഒരു പന്ത് കുരുക്കി. 58 പന്തില്‍ 10 ഫോറും നാല് സിക്സും പറത്തിയ താരം 95 റണ്‍സ് ഇതിനകം തന്നെ പേരില്‍ ചേര്‍ത്തിരുന്നു. ആ ഓവറില്‍ ഒരു ബൗണ്ടറി പോലും വഴങ്ങാതെ ഭുവി തന്‍റെ ക്ലാസ് എവിടെയും പോയിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തു. അവസാന ഓവറില്‍ നടരാജനെ സിക്സിനും ഫോറിനും പായിച്ച് സഞ്ജു ഹീറോയിസം കാട്ടിയതോടെ രാജസ്ഥാൻ മിന്നും സ്കോറിലേക്ക് എത്തുകയായിരുന്നു. 

പുത്തൻ ഫാഷനോ! ഗ്രൗണ്ടിലെത്താൻ അത്ര തിരക്കോ; പാന്‍റ്സ് തിരിച്ചിട്ടെത്തി സാഹ, സ്വന്തം ടീം പോലും വിട്ടില്ല, ട്രോൾ

Latest Videos
Follow Us:
Download App:
  • android
  • ios