600 റണ്‍സ് പിന്നിട്ട് ഫാബുലസ് ഫാഫ് നാഴികക്കല്ലില്‍; പല റെക്കോര്‍ഡുകളും ഇക്കുറി തകരും
ഐപിഎല്‍ കരിയറില്‍ നാലായിരത്തിലേറെ റണ്‍സുള്ള ഫാഫ് ഡുപ്ലസിസ് ഇതുവരെ ഒരു സീസണില്‍ നേടിയിരുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് 2021ലായിരുന്നു
ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ ഗംഭീര ഫോമിലുള്ള താരമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലസിസ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയ്‌പൂരിലെ മത്സരത്തിനിടെ ഈ സീസണില്‍ 600 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടം ഫാഫിന് സ്വന്തമായി. ഐപിഎല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ പലരുടേയും റെക്കോര്‍ഡ് ഡുപ്ലസി തകര്‍ക്കുമെന്നുറപ്പാണ്. ആര്‍സിബിക്കായി വിരാട് കോലി 2016 എഡിഷനില്‍ നേടിയ 973 റണ്‍സാണ് സിംഗിള്‍ സീസണില്‍ ഇതുവരെ പിറന്നിട്ടുള്ള ഉയര്‍ന്ന വ്യക്തിഗത ടോട്ടല്‍.
ഐപിഎല്‍ കരിയറില്‍ നാലായിരത്തിലേറെ റണ്‍സുള്ള ഫാഫ് ഡുപ്ലസിസ് ഇതുവരെ ഒരു സീസണില്‍ നേടിയിരുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് 2021ലായിരുന്നു. അന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരമായിരുന്ന ഫാഫ് 16 കളിയില്‍ 633 റണ്‍സ് അടിച്ചുകൂട്ടി. സിംഗിള്‍ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ കിംഗ് കോലി 16 മത്സരങ്ങളില്‍ 973 റണ്‍സുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ജോസ് ബട്‌ലര്‍(17 കളിയില്‍ 863), ഡേവിഡ് വാര്‍ണര്‍ 17 കളിയില്‍ 848) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പ്ലേ ഓഫിന് മുമ്പ് ഒരു മത്സരം കൂടി ആര്‍സിബിക്ക് അവശേഷിക്കേ ഫോം തുടര്‍ന്നാല്‍ ഈ സീസണിലെ റണ്‍ സമ്പാദ്യം ഫാഫിന് കൂടുതല്‍ ഉയരത്തിലെത്തിക്കാം. ആര്‍സിബി പ്ലേ ഓഫില്‍ കൂടി കടന്നാല്‍ സീസണില്‍ വമ്പന്‍ ഫോമിലുള്ള ഫാഫിന്‍റെ റണ്‍വേട്ട എവിടെയെത്തി നില്‍ക്കുമെന്ന് കണ്ടറിയണം. നിലവില്‍ ബൗളര്‍മാര്‍ക്ക് അധികം പിടികൊടുക്കാതെയാണ് താരം ബാറ്റുമായി കുതിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ 44 പന്തില്‍ 55 റണ്‍സെടുത്തതോടെ ഫാഫ് ഡുപ്ലസിക്ക് ഐപിഎല്‍ 2023ലെ റണ്‍ സമ്പാദ്യം 631 ആയി. 57.360 ശരാശരിയിലും 154.28 സ്ട്രൈക്ക് റേറ്റിലുമാണ് ഫാഫിന്‍റെ ബാറ്റിംഗ്. 84 ആണ് ഈ സീസണിലെ ഉയര്‍ന്ന സ്കോര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് ഫാഫ് ഡുപ്ലസിസ് ഐപിഎല്‍ കരിയറില്‍ 4000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ചതും.
Read more: എന്തിന് ട്രെന്‍റ് ബോള്‍ട്ടിനെ ഒഴിവാക്കി, അതും സാംപയ്‌ക്ക് വേണ്ടി; സഞ്ജുവിനെ ചോദ്യം ചെയ്‌ത് ആരാധകര്‍