ജയ ജയ ജയ്സ്‍വാളിന്‍റെ വെടിക്കെട്ട്, ജുറലിന്‍റെ ആറാട്ട്; സഞ്ജു നിരാശപ്പെടുത്തിയിട്ടും കൂറ്റൻ സ്കോറുമായി റോയൽസ്
ആദ്യ ഓവറ് മുതല്‍ ചെന്നൈ ടീമിനെ കടന്നാക്രമിച്ച ജയ്സ്‍വാളായിരുന്നു കൂടുതല്‍ അപകടകാരി. യുവതാരത്തിന് മികച്ച പിന്തുണയാണ് ബട്‍ലര്‍ നല്‍കിയത്. പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 64 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ
ജയ്പുര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള വമ്പൻ പോരില്‍ കൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തി രാജസ്ഥാൻ റോയല്‍സ്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് റോയല്‍സ് സ്വന്തമാക്കിയത്. 43 പന്തില്‍ 77 റണ്‍സെടുത്ത യശ്വസി ജയ്സ്‍വാളാണ് രാജസ്ഥാൻ വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങി രാജസ്ഥാനായി യശ്വസി ജയ്സ്‍വാള്‍ - ജോസ് ബട്‍ലര്‍ സഖ്യം മിന്നുന്ന തുടക്കമാണ് നല്‍കിയത്.
ആദ്യ ഓവറ് മുതല്‍ ചെന്നൈ ടീമിനെ കടന്നാക്രമിച്ച ജയ്സ്‍വാളായിരുന്നു കൂടുതല്‍ അപകടകാരി. യുവതാരത്തിന് മികച്ച പിന്തുണയാണ് ബട്‍ലര്‍ നല്‍കിയത്. പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 64 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. ഒടുവില്‍ പ്രതിസന്ധി ഘട്ടത്തില്‍ എപ്പോഴും ധോണിക്ക് തുണയേകാറുള്ള രവീന്ദ്ര ജഡേജ എത്തിയാണ് ചെന്നൈക്ക് മത്സരത്തിലെ ആദ്യ സന്തോഷം നല്‍കിയത്. 21 പന്തില്‍ 27 റണ്‍സുമായി ബട്‍ലര്‍ മടങ്ങി. ദേവദത്ത് പടിക്കലിനെ പിന്നോട്ടിറക്കി നായകൻ സഞ്ജു സാംസണ്‍ ആണ് മൂന്നാമനായി എത്തിയത്.
പതിവില്‍ നിന്ന് വിപരീതമായി സഞ്ജുവിനെ ഒരറ്റത്ത് നിര്‍ത്തി ജയ്സ്‍വാളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ജഡേജയെ ഫോറടിച്ച് സഞ്ജു ഒന്ന് മിന്നിയെങ്കിലും അധിക നേരം നീണ്ടില്ല. 17 പന്തില്‍ അത്രയും തന്നെ റണ്‍സെടുത്താണ് രാജസ്ഥാൻ ക്യാപ്റ്റൻ മടങ്ങിയത്. അതേ ഓവറില്‍ തന്നെ ജയ്സ്‍വാളിനെയും പുറത്താക്കി തുഷാര്‍ ദേശപാണ്ഡെ ഹോം ടീമിന് കനത്ത തിരിച്ചടിയേല്‍പ്പിച്ചു. ഹെറ്റ്‍മെയറിനും ഇന്ന് കാര്യമായി ഒന്നും ചെയ്യാനായില്ല. 10 പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് ചേര്‍ത്തത്.
ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന നിലയില്‍ പോയിരുന്ന രാജസ്ഥാൻ സ്കോര്‍ ബോര്‍ഡിന്‍റെ ചലനം ഇതോടെ പതുക്കെയായി. ദേവദത്ത് പടിക്കലും ധ്രുവ് ജുറലും അവസാന ഓവറുകളില്‍ നടത്തിയ കടന്നാക്രമണമാണ് ഒടുവില്‍ രാജസ്ഥാൻ രക്ഷയായത്. ജുറല്‍ വീണ്ടും മിന്നി കത്തിയെങ്കിലും ധോണിയുടെ മാസ്മരിക ത്രോയില്‍ റണ്‍ഔട്ടായി. ഇതോടെ 200 കടക്കാമെന്ന രാജസ്ഥാന്‍റെ പ്രതീക്ഷയും അകലുമെന്ന് കരുതിയെങ്കിലും ദേവദത്ത് 'പടിക്കല്‍' കലമുടച്ചില്ല.