അവസാന പന്തിൽ ചെന്നൈയുടെ നെഞ്ച് തകർത്ത യോർക്കർ; എന്തിന് ഇത് ചെയ്തു! കടുത്ത സൈബറാക്രമണം നേരിട്ട് സന്ദീപ് ശർമ
അവസാന ഓവറിൽ രണ്ട് സിക്സുകൾ നേടിയിട്ടും ടീമിനെ വിജയിപ്പിക്കാൻ ധോണിക്ക് സാധിച്ചില്ല. ആദ്യം രണ്ട് വൈഡുകളും രണ്ട് സിക്സുകളും വഴങ്ങിയിട്ടും തുടർച്ചയായ യോർക്കറുകളിലൂടെ സന്ദീപ് ശർമ്മ ധോണിയെയും ജഡേജയെയും വരിഞ്ഞുമുറുക്കി
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെട്ടെങ്കിലും നായകന്‍ എം എസ് ധോണി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാന്‍റെ 175 റണ്‍സ് പിന്തുടരവെ എട്ടാമനായി ക്രീസിലെത്തിയ ധോണി 17 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 32 റണ്‍സ് നേടി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പമുള്ള ധോണിയുടെ ബാറ്റിംഗാണ് മത്സരത്തില്‍ സിഎസ്‌കെയ്‌ക്ക് പ്രതീക്ഷ നല്‍കിയത്.
എന്നാൽ, അവസാന ഓവറിൽ രണ്ട് സിക്സുകൾ നേടിയിട്ടും ടീമിനെ വിജയിപ്പിക്കാൻ ധോണിക്ക് സാധിച്ചില്ല. ആദ്യം രണ്ട് വൈഡുകളും രണ്ട് സിക്സുകളും വഴങ്ങിയിട്ടും തുടർച്ചയായ യോർക്കറുകളിലൂടെ സന്ദീപ് ശർമ്മ ധോണിയെയും ജഡേജയെയും വരിഞ്ഞുമുറുക്കി. അവസാന പന്ത് നേരിട്ട ധോണിക്ക് അഞ്ച് റൺസാണ് നേടേണ്ടിയിരുന്നത്. കിടിലൻ യോർക്കറിലൂടെ ബൗണ്ടറി നേടുന്നതിൽ നിന്ന് ഇതിഹാസ താരത്തെ സന്ദീപ് ശർമ തടയുകയായിരുന്നു.
എന്നാൽ, ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കടുത്ത സൈബർ ആക്രമണമാണ് സന്ദീപ് ശർമ നേരിടുന്നത്. വിജയത്തിന് ശേഷം ഡ്രെസിംഗ് റൂമിൽ കുമാർ സംഗക്കാരയുടെയും സഞ്ജുവിന്റെയും നേതൃത്വത്തിൽ സന്ദീപ് ശർമയെ അഭിനന്ദിച്ചിരുന്നു. ഇതിന്റെ വീഡിയോ താരം ഇൻസ്റ്റയിൽ പങ്കുവെച്ചു. ഈ പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റുകൾ നിറയുന്നത്. ഇന്ത്യക്ക് വേണ്ടി നിങ്ങൾക്ക് ഒരിക്കലും കളിക്കാൻ ആവില്ലെന്നും എന്നും ആഭ്യന്തര ക്രിക്കറ്റിൽ തന്നെ കളിക്കാമെന്നും ഒക്കെയാണ് കമന്റുകൾ. ഒരു മോശം പന്ത് എറിഞ്ഞിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. ധോണിക്ക് മുന്നിൽ നിങ്ങൾ ഒന്നമല്ല എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.
ചെപ്പോക്കില്‍ മത്സരത്തിന്‍റെ ആവേശം അവസാന പന്തിലേക്ക് നീണ്ടപ്പോള്‍ മൂന്ന് റണ്‍സിന്‍റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 176 റൺസിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. സിഎസ്‌കെയ്‌ക്കായി ഡെവോൺ കോൺവെ(50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി(17 പന്തില്‍ 32*), രവീന്ദ്ര ജഡേജ(15 പന്തില്‍ 25*) എന്നിവരും തിളങ്ങി. രാജസ്ഥാനായി രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടി. രാജസ്ഥാനായി അർധ സെഞ്ചുറിയോടെ ജോസ് ബട്‍ലർ(52) ഫോം തുടര്‍ന്നപ്പോള്‍ ദേവദത്ത് പടിക്കൽ(38), ഷിമ്രോന്‍ ഹെറ്റ്മെയർ(30) എന്നിവരും തിളങ്ങി. നായകന്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തില്‍ പുറത്തായത് നിരാശയായി.