രാഹുല്‍ ബാറ്റിംഗിനെത്തിയത് അവസാനക്കാരനായി! ലഖ്‌നൗവിനോട് പകരം വീട്ടി ആര്‍സിബി, 18 റണ്‍സ് ജയം

ലഖ്‌നൗ ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.

royal challengers bangalore won over lucknow super giants by 18 runs saa

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 18 റണ്‍സ് ജയം. ഇതോടെ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനും ആര്‍സിബിക്കായി. ലഖ്‌നൗ ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്‌ണോയ് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. കരണ്‍ ശര്‍മ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുല്‍ അവസാനക്കാരനായിട്ടാണ് ബാറ്റിംഗിനെത്തിയത്. 

ആര്‍സിബി രണ്ടാം പന്തില്‍ തന്നെ ആദ്യ പ്രഹരമേല്‍പ്പിച്ചു. കെയ്ല്‍ മെയേഴ്‌സിനെ (0) സിറാജ് അനുജ് റാവത്തിന്റെ കൈകളിലെത്തിച്ചു. നാലാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യ (14) മാക്‌സ്‌വെല്ലിന് വിക്കറ്റ് നല്‍കി. തൊട്ടടുത്ത ഓവറില്‍ ആയുഷ് ബദോനിക്കുള്ള (4) മടക്ക ടിക്കറ്റ് ഹേസല്‍വുഡും നല്‍കി. ദീപക് ഹൂഡയ്ക്ക് (1) രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഹസരങ്കയുടെ പന്തില്‍ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കി. മധ്യനിരയിലെ ശക്തരായ നിക്കോളാസ് പുരാന്‍ (9), മാര്‍കസ് സ്റ്റയിനിസ് (13) എന്നിവര്‍ക്കും ബാറ്റിംഗ് ദുശ്കരമായ പിച്ചില്‍ പിടിച്ചുനില്‍ക്കാനായില്ല. ഗൗതം (23) റണ്ണൗട്ടാവുകയും ചെയ്തതോടെ ലഖ്‌നൗ തോല്‍വി ഉറപ്പിച്ചു. രവി ബിഷ്‌ണോയ് (5), നവീന്‍ ഉള്‍ ഹഖ് (13), അമിത് മിശ്ര (19) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ (0) പുറത്താവാതെ നിന്നു. 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബിക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ ഫാഫ്- കോലി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. വിരാട് കോലിയുടെ (31) വിക്കറ്റാണ് ആര്‍സിബിക്ക് ആദ്യം നഷ്ടമായത്. മൂന്ന് ബൗണ്ടറികള്‍ നേടിയ കോലിയെ രവി ബിഷ്‌ണോയിയുടെ പന്തില്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നീടെത്തിയ മൂന്ന് താരങ്ങളും രണ്ടക്കം കണ്ടില്ല. അനുജ് റാവത്തിനെ (9) കൃഷ്ണപ്പ ഗൗതം കെയ്ല്‍ മെയേഴ്‌സിന്റെ കൈകളിലെത്തിച്ചു. ഗ്ലെന്‍ മാക്‌സ്‌വെല്‍ (4) ബിഷ്‌ണോയിയുടെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുന്നിതിനിടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 

സുയഷ് പ്രഭുദേശായ് (6) അമിത് മിശ്രയുടെ പന്തില്‍ ഗൗതമിന് ക്യാച്ച് നല്‍കി. പിന്നാലെ മഴയെത്തി. അല്‍പനേരം മത്സരം മുടങ്ങിയിരുന്നു. മഴയ്ക്ക് ശേഷം കളി തുടങ്ങിയപ്പോള്‍ ഫാഫും മടങ്ങി. മിശ്രയുടെ പന്തില്‍ ക്രുനാലിന് ക്യാച്ച്. ഫാഫിന്റെ ഇന്നിംഗ്‌സിന് വേഗതയുമില്ലായിരുന്നു. 40 പന്തുകള്‍ നേരിട്ട ഫാഫ് ഓരോ സിക്‌സും ഫോറുമാണ് നേടിയത്. മഹിപാല്‍ ലോംറോറിനെ (3) നവീന്‍ ഉല്‍ ഹഖ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ദിനേശ് കാര്‍ത്തിക് (16) റണ്ണൗട്ടാവുകയും ചെയ്തതോടെ ആര്‍സിബി ചെറിയ സ്‌കോറില്‍ ഒതുങ്ങി. കൃഷ്ണപ്പ ഗൗതം, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍  ലഖ്നൗവിനെ ഫാഫ് ഡു പ്ലെസിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ലഖ്നൗ ഇറങ്ങിയത്. ആവേഷ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി. ആര്‍സിബി രണ്ട് മാറ്റം വരുത്തി. ജോഷ് ഹേസല്‍വുഡ് ടീമിലെത്തി. ഷഹ്ബാസ് അഹമ്മദിന് പകരം അനുജ് റാവത്തിനെ ടീമിലുള്‍പ്പെടുത്തി.

Latest Videos
Follow Us:
Download App:
  • android
  • ios