രോഹിത് വിശ്രമം എടുക്കണം, മുംബൈ പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുങ്ങള്‍ സംഭവിക്കണമെന്ന് ഗവാസ്കര്‍
ഈ സീസണില്‍ മുംബൈ ഇനി പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു. സീസണില്‍ പ്ലേ ഓഫ് സ്വപ്നം കാണണമെങ്കില്‍ മുംബൈ അത്ഭുത പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.
മുംബൈ: മുംബൈ ഇന്ത്യന്‍സിന്‍റെ തുടര്‍ തോല്‍വികള്‍ക്ക് പുറമെ ബാറ്റിംഗിലും നിറം മങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഐപിഎല്ലില്‍ നിന്ന് വിശ്രമം എടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഇപ്പോള്‍ വിശ്രമമെടുത്ത് അവസാന ഘട്ടത്തില്‍ ഐപിഎല്ലില്‍ രോഹിത്തിന് തിരിച്ചെത്താമെന്നും ഇതുവഴി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് കൂടുതല്‍ ഉര്‍ജ്ജത്തോടെ കളിക്കാനിറങ്ങാനാവുമെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.
രോഹിത്തിന്‍റെ മനസിലിപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ചുള്ള ചിന്തകളാണെന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഐപിഎല്ലില്‍ നിന്നൊരു ബ്രേക്ക് എടുക്കുന്നത് നന്നായിരിക്കും. ഐപിഎല്ലിന്‍റെ അവസാന ഘട്ടമാവുമ്പോഴേക്കും തിരിച്ചെത്തിയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ കളിക്കാനാകും.
ഈ സീസണില്‍ മുംബൈ ഇനി പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണമെന്നും ഗവാസ്കര്‍ പറഞ്ഞു. സീസണില്‍ പ്ലേ ഓഫ് സ്വപ്നം കാണണമെങ്കില്‍ മുംബൈ അത്ഭുത പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. ബൗളര്‍മാരാണ് ഇത്തവണ മുംബൈയെ ചതിച്ചത്. ഒരേ പിഴവ് ആവര്‍ത്തിക്കുന്ന താരങ്ങളെ പുറത്തിരുത്താനുള്ള ധൈര്യം മുംബൈ ടീം മാനേജ്മെന്‍റ് കാട്ടണമെന്നും ഗവാസ്കര്‍ പറഞ്ഞു.
ബൗളര്‍മാര്‍ ഒരേ തെറ്റ് ആവര്‍ത്തിക്കുമ്പോള്‍ അവരെ വിളിച്ച് പറയണം,വളരെ നന്ദി, ഇനി കുറച്ച് കളികളില്‍ പുറത്തിരിക്കു, എന്നിട്ട് എവിടെയാണ് പിഴച്ചതെന്നും എങ്ങനെ പരിഹാരം കാണാമെന്നും നന്നായി ഗൃഹപാഠം ചെയ്തശേഷം തിരിച്ചുവന്നാല്‍ മതിയെന്ന് അവരോട് പറയണമെന്നും ഗവാസ്കര്‍ പറഞ്ഞു.
ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ രണ്ട് കളികളും തോറ്റ മുംബൈ പിന്നീട് തുടര്‍ച്ചായായി മൂന്ന് കളികളില്‍ ജയിച്ച് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും പിന്നാലെ പഞ്ചാബിനോടും ഇന്നലെ ഗുജറാത്തിനോടും തോറ്റതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റിരുന്നു.