'ഇതാദ്യമായല്ല'; രോഹിത്തിന്‍റെ സ്ഥിരതയില്ലായ്മക്കുറിച്ച് തുറന്നുപറഞ്ഞ് ഓസീസ് ഇതിഹാസം
ഈ സീസണില്‍ ഏഴ് കളികളില്‍ 25.86 ശരാശരിയില്‍ 181 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ എട്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത് രോഹിത് പുറത്തായി. ഞായറാഴ്ച ഹോം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് മുംബൈയുടെ എതിരാളികള്‍.
ദില്ലി: ഐപിഎല്ലില്‍ തുടര്‍തോല്‍വികളും പ്രധാന കളിക്കാരുടെ പരിക്കും മൂലം വലയുകയാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുള്ള മുംബൈയുടെ കഴിഞ്ഞ രണ്ട് സീസണുകളിലെ പ്രകടനം നിരാശാജനകമായിരുന്നു. ഇത്തവണ ഏഴ് കളികളില്‍ മൂന്ന് ജയവും നാലും തോല്‍വിയുമായി പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണിപ്പോല്‍ മുംബൈ. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ മുംബൈക്ക് ശേഷിക്കുന്ന ഏഴില്‍ അഞ്ച് കളികളെങ്കിലും ജിക്കേണ്ടിവരും.
ബൗളര്‍മാരുടെ പരിക്കിന് പുറമെ ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മയും മുംബൈക്ക് തലവേദനയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുതല്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമൊന്നും ഇത്തവണ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. ഇതിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഓസ്ട്രേലിയന്‍ മുന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹപരീശലകനുമായ ഷെയ്ന്‍ വാട്സണ്‍.
കഴിഞ്ഞ നാലോ അഞ്ചോ സീസണുകളിലായി രോഹിത്തിന്‍റെ പ്രകടനത്തില്‍ സ്ഥിരതയില്ലെന്ന് വാട്സണ്‍ പറഞ്ഞു. ഒരുപക്ഷെ അമിത ജോലിഭാരമാകാം അതിന് കാരണമെന്നും ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളും ഇന്ത്യന്‍ ടീം ഇടതടവില്ലാതെ മത്സരങ്ങള്‍ കളിക്കുന്നതും രോഹിത്തിന്‍റെ ജോലിഭാരം കൂട്ടുകയും ഊര്‍ജ്ജം ചോര്‍ത്തിക്കളയുകയും ചെയ്തിട്ടുണ്ടാവുമെന്നും വാട്സണ്‍ പറഞ്ഞു.
തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുമ്പോള്‍ മാനസിക-ശാരീരികോർജ്ജം നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണ്. മറ്റ് താരങ്ങളും മത്സരങ്ങള്‍ കളിക്കാറുണ്ടെങ്കിലും ഇന്ത്യൻ താരങ്ങളെപ്പോലെ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നവര്‍ വളരെ കുറവാണ്. രോഹിത് ശർമ്മ ഇപ്പോൾ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയാണെന്നതിനാല്‍ അദ്ദേഹത്തിന്‍റെ ചുമലില്‍ വലിയ ഉത്തരവാദിത്തങ്ങളാണുള്ളത്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും ക്യാപ്റ്റനുമാണ് രോഹിത് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ കഴിഞ്ഞ നാലോ അഞ്ചോ വർഷത്തെ ഐപിഎല്ലിൽ രോഹിത്തിന് സ്ഥിരത പുലർത്താനായിട്ടില്ലെന്നും വാട്സൺ ഗ്രേഡ് ക്രിക്കറ്റര്‍ എന്ന യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഈ സീസണില്‍ ഏഴ് കളികളില്‍ 25.86 ശരാശരിയില്‍ 181 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ എട്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത് രോഹിത് പുറത്തായി. ഞായറാഴ്ച ഹോം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് മുംബൈയുടെ എതിരാളികള്‍.