സഞ്ജു ചതിച്ചെന്ന് ഒരു വിഭാഗം; ഹിറ്റ്മാന്‍റെ അവിശ്വസനീയമായ പുറത്താകൽ, ട്വിറ്ററില്‍ ചേരി തിരിഞ്ഞ് ആരാധകർ
കഴിഞ്ഞ തവണയും പിറന്നാള്‍ ദിനത്തില്‍ രോഹിത്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. അന്നും എതിരാളി രാജസ്ഥാൻ തന്നെയായിരുന്നു. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് എടുത്ത രോഹിത്തിനെ കഴിഞ്ഞ വര്‍ഷം രവിചന്ദ്ര അശ്വിനാണ് പുറത്താക്കിയത്
മുംബൈ: പിറന്നാള്‍ ദിനത്തില്‍ തന്‍റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ ഇറങ്ങിയ മുംബൈക്ക് തിരിച്ചടി നല്‍കിയാണ് അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി താരം മടങ്ങിയത്. സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. പിറന്നാള്‍ ദിനത്തില്‍ ഹിറ്റ്മാന്‍റെ വെടിക്കെട്ട് പ്രതീക്ഷിച്ച് എത്തിയവര്‍ ഇതോടെ സങ്കടത്തിലായി.
കഴിഞ്ഞ തവണയും പിറന്നാള്‍ ദിനത്തില്‍ രോഹിത്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. അന്നും എതിരാളി രാജസ്ഥാൻ തന്നെയായിരുന്നു. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് എടുത്ത രോഹിത്തിനെ കഴിഞ്ഞ വര്‍ഷം രവിചന്ദ്ര അശ്വിനാണ് പുറത്താക്കിയത്. എന്നാല്‍, ഇത്തവണ രോഹിത്തിന്‍റെ വിക്കറ്റ് വലിയ വിവാദത്തിനാണ് കാരണമായിരിക്കുന്നത്. സന്ദീപ് ശര്‍മയുടെ ബൗളിംഗില്‍ സ്റ്റംമ്പിന് തൊട്ട് പിന്നിലായാണ് രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നിന്നിരുന്നത്.
രോഹിത്തിന്‍റെ ബെയ്ല്‍സ് മാത്രം ഇളക്കിയാണ് സന്ദീപ് എറഞ്ഞ് പന്ത് പോയത്. ചില ക്യാമറ ആംഗിളില്‍ നോക്കിയാല്‍ പന്തല്ല, മറിച്ച് സഞ്ജുവിന്‍റെ ഗ്ലൗസാണ് ബെയ്ല്‍സ് ഇളക്കിയതെന്നാണ് തോന്നുക. ഇതോടെ ഈ ആംഗിളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സഞ്ജു വലിയ ചതിയാണ് കാണിച്ചതെന്നാണ് ഒരു വിഭാഗം ട്വിറ്ററില്‍ കുറിക്കുന്നുണ്ട്. എന്നാല്‍, അങ്ങനെയല്ല എന്ന് മറ്റൊരു ആംഗിളിലുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. രണ്ടാമത്തെ ആംഗിളില്‍ സഞ്ജുവിന്‍റെ ഗ്ലൗസും സ്റ്റംമ്പുകളും തമ്മില്‍ നല്ല അകലമുണ്ട്.
എന്തായാലും മത്സരം കഴിഞ്ഞിട്ടും പിറന്നാള്‍ ദിനത്തിലെ രോഹിത്തിന്‍റെ വിക്കറ്റ് സംബന്ധിച്ച് വിവാദത്തിന് അവസാനമായിട്ടില്ല. അതേസമയം, ടൂര്‍ണമെന്‍റ് ചരിത്രത്തിലെ 1000-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സറില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയിരുന്നു. ആറ് വിക്കറ്റിന്‍റെ മിന്നും വിജയമാണ് നായകന്‍റെ ജന്മദിനത്തില്‍ ടീം കുറിച്ചത്.