'അവൾക്കായി ഇത്തവണ ഐപിഎൽ കിരീടം...'; സന്തോഷത്തിലാറാടി റിതികയെ വിളിച്ച് രോഹിത്, ഒരു വാക്കും കൊടുത്തു!
ഐപിഎല്ലിൽ ഫോം കണ്ടെത്തുന്നതിനായി ഏറെ നാളായി പരിശ്രമിക്കുന്ന രോഹിത് ശർമ്മയ്ക്കും ജയം കൊതിച്ചിരുന്ന മുംബൈ ഇന്ത്യൻസിനും വലിയ ആശ്വാസമായി ഇന്നലെത്തെ വിജയം
ദില്ലി: ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം കുറിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയുടെയും തിലക് വര്‍മയുടെ തീപ്പൊരി ബാറ്റിംഗിന്‍റെയും കരുത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
ഐപിഎല്ലിൽ ഫോം കണ്ടെത്തുന്നതിനായി ഏറെ നാളായി പരിശ്രമിക്കുന്ന രോഹിത് ശർമ്മയ്ക്കും ജയം കൊതിച്ചിരുന്ന മുംബൈ ഇന്ത്യൻസിനും വലിയ ആശ്വാസമായി ഇന്നലെത്തെ വിജയം. മത്സരശേഷം രോഹിത് അതീവ സന്തോഷവാനായിരുന്നു. വിജയം കുറിച്ച ശേഷം ഭാര്യ റിതികയുമായി വീഡിയോ കോളിൽ സംസാരിക്കുന്നത് കാണുമ്പോൾ രോഹിത് എത്രമാത്രം സന്തോഷത്തിലാണെന്ന് വ്യക്തമാകും. ഇതിന്റെ വീഡിയോ മുംബൈ ഇന്ത്യൻസ് ട്വിറ്റർ പേജിലൂടെ പുറത്ത് വിട്ടിരുന്നു.
മകളായ സമൈറയ്ക്ക് വേണ്ടി ഐപിഎൽ കിരീടം നേടാൻ ശ്രമിക്കുമെന്ന് റിതികയോട് രോഹിത് പറയുന്നുണ്ട്. ഇത്തരത്തിലുള്ള മത്സരങ്ങൾ തന്റെ കരിയറിൽ നിരവധി വട്ടം വന്നിട്ടുണ്ട്. എന്നാലും അവസാന ഓവർ കാണാൻ തനിക്ക് പറ്റിയില്ലെന്നും, നെഞ്ചിടിപ്പ് വളരെയധികം കൂടിയ അവസ്ഥയിലായിരുന്നുവെന്നും രോഹിത് പറഞ്ഞു. അതേസമയം മത്സരത്തിൽ മിന്നുന്ന ഫോമിലായിരുന്നു രോഹിത്. ഡല്‍ഹി ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് തകര്‍ത്തടിച്ചാണ് മുംബൈ തുടങ്ങിയത്.
പവര്‍ പ്ലേയില്‍ കിഷനും രോഹിത്തും ചേര്‍ന്ന് മുംബൈയെ 68 റണ്‍സിലെത്തിച്ചു. 29 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് 24 ഇന്നിംഗ്സിനിടെ ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ചപ്പോള്‍ പന്ത്രണ്ടാം ഓവറില്‍ മുംബൈ 100 കടന്നു. മുസ്താഫിസുറിന്റെ 17-ാം ഓവറിലാണ് രോഹിത് പുറത്താകുന്നത്. പിന്നീട് ഒത്തുച്ചേർന്ന കാമറൂൺ ഗ്രീൻ - ടിം ഡേവിഡ് കൂട്ടുക്കെട്ട് അൽപ്പം വിയർത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.