അത് 'വല്ലാത്തൊരു തള്ളായായി' പോയി! ഐപിഎല്ലിന് മുമ്പ് പരാഗ് കുറിച്ചത്, സേവനങ്ങൾക്ക് പെരുത്ത് നന്ദിയെന്ന് ആരാധകർ
ഇന്നലെ ടീം തകര്‍ച്ചയെ നേരിട്ടപ്പോള്‍ ഇംപാക്ട് പ്ലെയറായി താരത്തിന് അവസരം ലഭിച്ചു. എന്നാല്‍, തീര്‍ത്തും നിരാശപ്പെടുത്തിയ താരം ആറ് പന്തില്‍ നാല് റണ്‍സുമായാണ് മടങ്ങിയത്
ജയ്പുര്‍: ലഭിച്ച സുവര്‍ണാവസരം പാഴാക്കിയ രാജസ്ഥാൻ റോയല്‍സ് താരം റിയാൻ പരാഗിനെ വിമര്‍ശനങ്ങള്‍ കൊണ്ട് മൂടി ആരാധകര്‍. മോശം പ്രകടനത്തെ തുടര്‍ന്ന് രാജസ്ഥാൻ റോയല്‍സ് ടീമിന്‍റെ ആദ്യ ഇലവനില്‍ നിന്ന് യുവതാരം റിയാൻ പരാഗിനെ ഒഴിവാക്കിയിരുന്നു. ഒരുപാട് അവസരങ്ങള്‍ നല്‍കിയിട്ടും താരത്തില്‍ നിന്ന് ടീമിന് ഗുണകരമായ പ്രകടനങ്ങള്‍ ഉണ്ടാകാതെ വന്നതോടെയാണ് സ്ഥാന നഷ്ടം വന്നത്. ധ്രുവ് ജുറല്‍ ലഭിച്ച അവസരങ്ങളില്‍ കത്തിക്കയറിയതും പരാഗിന്‍റെ സ്ഥാനം ഇളകിയതിന് കാരണമായി.
ഇന്നലെ ടീം തകര്‍ച്ചയെ നേരിട്ടപ്പോള്‍ ഇംപാക്ട് പ്ലെയറായി താരത്തിന് അവസരം ലഭിച്ചു. എന്നാല്‍, തീര്‍ത്തും നിരാശപ്പെടുത്തിയ താരം ആറ് പന്തില്‍ നാല് റണ്‍സുമായാണ് മടങ്ങിയത്. 2019 ഐപിഎല്ലില്‍ അരങ്ങേറിയ താരം ഇതുവരെ 53 മത്സരങ്ങളാണ് കളിച്ചത്. 580 റണ്‍സ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം. ശരാശരി 16.11 ഉം പ്രഹരശേഷി 122.88ഉം മാത്രമാണ്. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 58 റണ്‍സ് മാത്രമാണ് നേടാനായത്. 11.60 ആണ് ആവറേജ്.
ഇപ്പോള്‍ താരത്തിന്‍റെ ഐപിഎല്ലിന് മുമ്പുള്ള ഒരു ട്വീറ്റാണ് വൈറലാകുന്നത്. ഈ സീസണിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരോവറില്‍ നാല് സിക്സ് നേടുമെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് മാര്‍ച്ച് 14ന് പരാഗ് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വച്ചാണ് താരം ഇപ്പോള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. ഐപിഎല്ലില്‍ കുറഞ്ഞത് 40 ഇന്നിംഗ്‌സുകള്‍ എങ്കിലും കളിച്ച താരങ്ങളില്‍ 5, 6, 7 ബാറ്റിംഗ് പൊസിഷനുകളില്‍ ഏറ്റവും കുറവ് ബാറ്റിംഗ് ശരാശരിയുള്ള താരമാണ് റിയാന്‍ പരാഗ്.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെതിരെ ടീം സെലക്ഷനില്‍ ഉള്‍പ്പെടെ സകലതും രാജസ്ഥാൻ റോയല്‍സിന് പാളിയപ്പോള്‍ സഞ്ജു സാംസണും കൂട്ടാളികളും തുലച്ച് കളഞ്ഞത് സുവര്‍ണാവസരമാണ്. ഐപിഎല്‍ പതിനാറാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മോഹങ്ങളാണ് ഗുജറാത്ത് ടൈറ്റൻസ് അവസാനിപ്പിച്ചത്. ആദ്യ പകുതി പിന്നിട്ടപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന രാജസ്ഥാൻ റോയല്‍സിന്‍റെ പ്ലേ ഓഫ് എന്ന സ്വപ്നത്തിന് കൂടിയാണ് മങ്ങലേറ്റത്.
ഇനിയുള്ള കളികളില്‍ ഈ പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് ഇത്തവണ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തലകുനിച്ച് മടങ്ങേണ്ട അവസ്ഥയുണ്ടാകും. ടീം സെലക്ഷനില്‍ വന്ന പിഴവാണ് സഞ്ജുവിനും സംഘത്തിനും തിരിച്ചടിയായത്. ദേവദത്ത് പടിക്കലും റിയാൻ പരാഗും ഒരുമിച്ച് കളിച്ചപ്പോഴെല്ലാം അത് ടീമിന് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. പരാഗിനെ ഇംപാക്ട് പ്ലെയറായി ഇറക്കേണ്ടി വന്ന ഗതികേടിലേക്ക് ടീം എത്തിപ്പെടുകയായിരുന്നു.