ഡെത്ത് ബൗളിംഗ്, ടീം കോംബിനേഷന്‍, തന്ത്രം പിഴച്ച് സഞ്ജു; രാജസ്ഥാന്‍റെ തോല്‍വിക്കുള്ള കാരണങ്ങള്‍
അവസാന രണ്ടോവറില്‍ ജയിക്കാന്‍ 41 റണ്‍സ് വേണമായിരുന്നു ഹൈദരാബാദിന്. ഈ അവസരത്തില്‍ മത്സരത്തില്‍ ഏറ്റവും നിര്‍ണായകം പത്തൊമ്പതാം ഓവര്‍ ആയിരുന്നു.
ജയ്പൂര്‍: ഐപിഎല്ലിന്‍റെ ആദ്യ ഏഴ് കളികള്‍ കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ ഇപ്പോള്‍ പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ ഭീഷണിയിലാണ്. ആദ്യ ഘട്ടത്തില്‍ ഏഴില്‍ നാലു കളികള്‍ ജയിച്ച രാജസ്ഥാന് രണ്ടാം ഘട്ടത്തില്‍ നാലു കളികളില്‍ ജയിക്കാനായത് ഒരു മത്സരത്തില്‍ മാത്രം. ഇതില്‍ ജയിക്കാവുന്ന രണ്ട കളികള്‍ കൈവിട്ടു. മുംബൈ ഇന്ത്യന്‍സിനെതിരെയും ഇന്നലെ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെയും.
ഇതില്‍ മുംബൈക്കെതിരെയും ഹൈദരാബാദിനെതിരെയും എതിരാളികള്‍ക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സ് വീതമായിരുന്നു. മുംബൈക്കെതിരെ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സിന് പറത്തി ടിം ഡേവിഡ് വിജയം തട്ടിയെടുത്തപ്പോള്‍ ഇന്നലെ സന്ദീപ് ശര്‍മയായിരുന്നു വില്ലന്‍. ജയിച്ച ശേഷം അവസാന പന്ത് നോ ബോളായത് രാജസ്ഥാന് താങ്ങനാവാത്ത പ്രഹരമായി. ജയത്തിലേക്ക് അവസാന പന്തില്‍ നാലു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ സന്ദീപ് ശര്‍മ സിക്സ് വഴങ്ങി.
ആദ്യ പകുതിയില്‍ മികച്ച രീതിയില്‍ ടീമിനെ നയിച്ച സഞ്ജുവിന് രണ്ടാം ഘട്ടത്തില്‍ ടീം കോംബിനേഷനിലും തന്ത്രങ്ങളിലും തൊട്ടതെല്ലാം പിഴച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കഴിഞ്ഞ മത്സരതതില്‍ ബാറ്റിംഗ് നിരയില്‍ വരുത്തിയ അനാവശ്യ മാറ്റങ്ങളാണ് രാജസ്ഥാന് തിരിച്ചടിയായതെങ്കില്‍ ഇന്നലെ ബൗളിംഗ് നിരയില്‍ വരുത്തിയ മാറ്റങ്ങളാണ് തിരിച്ചടിയായത്. സ്പെഷലിസ്റ്റ് ബൗളറായി ഒബേദ് മക്‌കോയ് ടീമിലുണ്ടായിട്ടും ഇന്നലത്തെ മത്സരത്തില്‍ പന്തെറിഞ്ഞത് ഒരേ ഒരു ഓവര്‍ മാത്രമാണ്.
അവസാന രണ്ടോവറില്‍ ജയിക്കാന്‍ 41 റണ്‍സ് വേണമായിരുന്നു ഹൈദരാബാദിന്. ഈ അവസരത്തില്‍ മത്സരത്തില്‍ ഏറ്റവും നിര്‍ണായകം പത്തൊമ്പതാം ഓവര്‍ ആയിരുന്നു. ആ ഓവറില്‍ എതിരാളികളെ പിടിച്ചു കെട്ടിയാല്‍ അവസാന ഓവറില്‍ എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യത്തിലേക്ക് അവരെ എത്തിക്കാമായിരുന്നു. മുംബൈക്കെതിരെ ജേസണ്‍ ഹോള്‍ഡര്‍ക്ക് അവസാന ഓവര്‍ നല്‍കിയതുപോലെ ഇന്നലെ നിര്‍മായക പത്തൊമ്പതാം ഓവര്‍ നല്‍കിയത് കുല്‍ദീപ് യാദവിന്. ആദ്യ രണ്ട് പന്തുകളും ഫുള്‍ടോസ് എറിഞ്ഞ കുല്‍ദീപ് മൂന്നാം പന്ത് ഷോര്‍ട്ട് പിച്ച് ചെയ്ത് എറിഞ്ഞെങ്കിലും വീണ്ടും സിക്സ് വഴങ്ങി. നാലാം പന്തില്‍ ബൗണ്ടറിയും. ആ ഓവറില്‍ ഹൈദരാബാദ് നേടിയത് 24 റണ്‍സ്. ഇതോടെ അവസാന ഓവറില്‍ സമ്മര്‍ദ്ദം രാജസ്ഥാനായി.
പത്തൊമ്പതാം ഓവര്‍ സന്ദീപ് ശര്‍മയെക്കൊണ്ട് ചെയ്യിച്ചിരുന്നെങ്കില്‍ അവസാന ഓവറില്‍ ഒബേദ് മക്‌കോയിയെ ഉപയോഗിക്കാമായിരുന്നു. ഇവിടെയും സഞ്ജുവിന് പിഴച്ചു. മൂന്നാം സ്പിന്നറായി എത്തിയ മുരുഗന്‍ അശ്വിന്‍ മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങി. ട്രെന്‍റ് ബോള്‍ട്ടിനെ പുറത്തിരുത്തി ജോ റൂട്ടിന് അവസരം നല്‍കിയെങ്കിലും റൂട്ടിന് ബാറ്റിംഗിനിറങ്ങേണ്ടിവന്നില്ല. ഇതോടെ ബൗളിംഗ് ദുര്‍ബലമായി. പവര്‍ പ്ലേയില്‍ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന ബോള്‍ട്ടിന്‍റെ അസാന്നിധ്യത്തില്‍ ഹൈദരാബാദ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും അന്‍മോല്‍പ്രീത് സിംഗും സന്ദീപ് ശര്‍മുടെയും കുല്‍ദീപ് യാദനവിന്‍റെയും മീഡിയം പേസിനെതിരെ അനായാസം റണ്‍സടിച്ച് പവര്‍പ്ലേയില്‍ തന്നെ അവരെ 50 കടത്തി മികച്ച അടിത്തറയിട്ടു.
ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിലും സഞ്ജുവിന് ഇന്നലെ പിഴവുകളുടെ ദിനമായിരുന്നു. അഭിഷേക് ശര്‍മയും അനായാസ റണ്ണൗട്ട് നഷ്ടമാക്കിയ സഞ്ജു പതിനേഴാം ഓവറില്‍ രാഹുല്‍ ത്രിപാഠിയുടെ അനാസായ ക്യാച്ചും കൈവിട്ടു. ക്യാച്ച് കൈവിട്ടതിന് പിന്നാലെ ത്രിപാഠി സിക്സ് പറത്തുകയും ചെയ്തു.