ആർസിബിയുടെ ബാറ്റിംഗ് കണ്ട സച്ചിന്റെ പ്രവചനം, പിന്നീട് സംഭവിച്ചത്; ഇതിഹാസത്തിന് തെറ്റ് പറ്റില്ലെന്ന് ആരാധകർ
സ്വന്തം ടീമിന്റെ മിന്നുന്ന ബാറ്റിംഗ് പ്രകടനം കണ്ടതിന്റെ ആവേശത്തിലായിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന് താങ്ങുവുന്നതിലും ഏറെയായിരുന്നു ആർസിബിയുടെ ഞെട്ടിക്കുന്ന തോൽവി.
അഹമ്മദാബാദ്: ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച ശേഷം ലഖ്നൗ സൂപ്പർ ജയന്റ്സിനോട് തോൽവിയേറ്റതിന്റെ ആഘാതത്തിലാണ് ആർസിബി. സ്വന്തം ടീമിന്റെ മിന്നുന്ന ബാറ്റിംഗ് പ്രകടനം കണ്ടതിന്റെ ആവേശത്തിലായിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന് താങ്ങുവുന്നതിലും ഏറെയായിരുന്നു ആർസിബിയുടെ ഞെട്ടിക്കുന്ന തോൽവി. എന്നാൽ, ആർസിബിയുടെ ബാറ്റിംഗിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ ഒരു പ്രതികരണമാണ് വൈറലാകുന്നത്.
ആർസിബിയുടെ തോൽവി സച്ചിൻ മുൻകൂട്ടി കണ്ടിരുന്നോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. വിരാട് കോലിയും ഫാഫ് ഡുപ്ലസിയും ചേർന്ന് ഗ്ലെൻ മാക്സ്‍വെല്ലിനും സംഘത്തിനും മികച്ച അടിത്തറ പാകുകയും ചെയ്തതോടെ ആർസിബി വലിയ സ്കോറിലേക്ക് നീങ്ങുകയാണെന്നും എന്നാൽ, ചിന്നസ്വാമിയിലെ പിച്ചിൽ 210 പോലും സുരക്ഷിതമെന്നd പറയാനാവില്ലെന്നാണ് സച്ചിൻ ട്വീറ്റ് ചെയ്തത്. ആർസിബി 212 റൺസ് മത്സരത്തിൽ കുറിച്ചെങ്കിലും ലഖ്നൗ അത് മറികടന്ന് വിജയം നേടുകയായിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉന്നം പിഴച്ചപ്പോള്‍ ബൈ റണ്‍ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു.
തുടക്കത്തില്‍ 23 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ശേഷം മാര്‍ക്കസ് സ്‌റ്റോയിനിസ്(30 പന്തില്‍ 65), നിക്കോളാസ് പുരാന്‍(19 പന്തില്‍ 62), ആയുഷ് ബദോനി(24 പന്തില്‍ 30) എന്നിവരുടെ ബാറ്റിംഗിലായിരുന്നു മത്സരത്തിലേക്ക് ലഖ്‌നൗവിന്‍റെ തിരിച്ചുവരവ്. 19-ാം ഓവറിലെ നാലാം പന്തില്‍ ബദോനിയും അവസാന ഓവറിലെ രണ്ടാം പന്തില്‍ മാര്‍ക്ക് വുഡും(1) അഞ്ചാം പന്തില്‍ ജയ്‌ദേവ് ഉനദ്‌കട്ടും(9) പുറത്തായിട്ടും ബൈ റണ്ണിന്‍റെ ആനുകൂല്യത്തില്‍ ലഖ്‌നൗ ഒരു വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു.