ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ചുവെന്ന് വെളിപ്പെടുത്തി ആര്‍സിബി പേസര്‍
വാതുവെപ്പു സംഘത്തിലുള്ള ആളല്ല ഇയാളെന്നാണ് വിവരം. വാതുവെപ്പില്‍ വന്‍തുക നഷ്ടമായ ഹൈദരാബാദിലെ ഒരു ഡ്രൈവറാണ് ആര്‍സിബി ടീം വിവരങ്ങള്‍ തേടി സിറാജിനെ സമീപച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബെംഗലൂരു: ഐപിഎല്ലിനിടെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം ബിസിസിഐയുടെ അഴിമതിവിരുദ്ധ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. ഈ ആഴ്ച ആദ്യമാണ് ആര്‍സിബി ടീമിലെ വിവരങ്ങള്‍ തേടി വാതുവെപ്പുകാരന്‍ ഫോണിലൂടെ ബന്ധപ്പെട്ടതെന്ന് സിറാജ് ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വാതുവെപ്പു സംഘത്തിലുള്ള ആളല്ല ഇയാളെന്നാണ് വിവരം. വാതുവെപ്പില്‍ വന്‍തുക നഷ്ടമായ ഹൈദരാബാദിലെ ഒരു ഡ്രൈവറാണ് ആര്‍സിബി ടീം വിവരങ്ങള്‍ തേടി സിറാജിനെ സമീപച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ സിറാജിനെ ഫോണ്‍ വഴിയാണ് സമീപിച്ചത്. സിറാജ് ഉടനെ ഇക്കാര്യം ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കുകയായിരുന്നു. വാതുവെപ്പ് ഹരമായ ഇയാള്‍ക്ക് ഐപിഎല്ലില്‍ വാതുവെച്ചതിലൂടെ വന്‍തുക നഷ്ടമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിറാജ് അറിയിച്ചതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഐപിഎല്ലില്‍ ഈ സീസണില്‍ ആര്‍സിബിക്കായി മിന്നുന് പ്രകടനമാണ് സിറാജ് പുറത്തെടുക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ എട്ടു വിക്കറ്റാണ് ഈ സീസണില്‍ സിറാജ് നേടിയത്. സീസണില്‍ വിജയത്തോടെ തുടങ്ങിയ ആര്‍സിബിക്ക് പക്ഷെ അഞ്ച് കളികളില്‍ രണ്ട് ജയം മാത്രമെ ഇതുവരെ നേടാനായിട്ടുള്ളു.
പടിക്കലും പരാഗും പുറത്താകുമോ; സഞ്ജുവിന്‍റെ രാജസ്ഥാന്‍ ഇന്ന് രാഹുലിന്‍റെ ലഖ്നൗവിനെതിരെ; സാധ്യതാ ടീം
ഐപിഎല്ലുമായി ബന്ധപ്പെട്ട് മുമ്പും വാതുവെപ്പ് വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ബിസിസിഐ അഴിമകിവിരുദ്ധ യൂണിറ്റ് ശക്തിപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ഐപിഎല്‍ സമയത്ത് ഓരോ ടീമിനും ഒരു അഴിമതി വിരുദ്ധ ഓഫീസറെ ബിസിസിഐ നിയോഗിച്ചിട്ടുണ്ട്. ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെയാണ് ബിസിസിഐ നിയോഗിക്കുന്ന അഴിമതി വിരുദ്ധ യൂണിറ്റിലെ ഉദ്യോഗസ്ഥനും താമസിക്കുക. കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും അപിരിചിതരടെയുമെല്ലാം നീക്കങ്ങളും ഫോണ്‍ വിളികളും ഈ ഉദ്യോഗസ്ഥന്‍ നിരീക്ഷിക്കും.
ഇതിന് പുറമെ കളിക്കാര്‍ ചെയ്യേണ്ടതും ചെയ്യേണ്ടതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നിര്‍ബന്ധിത ശില്‍പശാലകളും ഉദ്യോഗസ്ഥന്‍ കൃത്യമായ ഇടവേളകളില്‍ നടത്തും. വാതുവെപ്പുകാര്‍ സമീപിച്ച കാര്യം അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സസ്പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികളാണ് കളിക്കാര്‍ നേരിടേണ്ടിവരിക. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെ ഇത്തരത്തില്‍ മുമ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.