'ചിലര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല'; വിമര്‍ശകര്‍ക്ക് മറുപടിയുമായി രവീന്ദ്ര ജഡേജ
ഇന്നലത്തെ മത്സരത്തില്‍ ജഡേജ 16 പന്തില്‍ 22 റണ്‍സ് മാത്രമെടുത്ത് പുറത്തായതിന് പിന്നാലെ ജഡേജക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഒരുവിഭാഗം ആരാധകര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലിലെത്തിയെങ്കിലും ടീമിന്‍റെ നിര്‍ണായക താരമായ രവീന്ദ്ര ജഡേജ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അസ്വസ്ഥനെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ പോരാട്ടത്തില്‍ 16 പന്തില്‍ 22 റണ്‍സെടുത്ത ജഡേജ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. മത്സരശേഷം അപ്സ്റ്റോക്സ് മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍ പുരസ്കാരം സ്വന്തമാക്കിയ ജഡേജ പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം പങ്കുവെച്ച് അപ്‌സ്റ്റോക്സിന് മനസിലായി, പക്ഷെ ചില ആരാധകര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന് ട്വീറ്റ് ചെയ്തതാണ് പുതിയ വിവാദം.
ഇന്നലത്തെ മത്സരത്തില്‍ ജഡേജ 16 പന്തില്‍ 22 റണ്‍സ് മാത്രമെടുത്ത് പുറത്തായതിന് പിന്നാലെ ജഡേജക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഒരുവിഭാഗം ആരാധകര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.16 പന്തുകള്‍ നേരിട്ട ജഡേജയ്ക്ക് ഇതിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടാമായിരുന്നു എന്നായിരുന്നു ആരാധകരുടെ വാദം. മാത്രമല്ല, നോബോളിലൂടെ ലഭിച്ച ഫ്രീഹിറ്റ് ജഡേജയ്ക്ക് മുതലാക്കാനുമായില്ല. ജഡേജയ്‌ക്കൊപ്പം ക്രീസിലുണ്ടായിരുന്ന മൊയീന്‍ അലി നന്നായിട്ട് കളിക്കുന്നുമുണ്ടായിരുന്നു.
ചെന്നൈയുടെ ഒരു വിഭാഗം ആരാധകരെയാണ് ജഡേജ ലക്ഷ്യമിടുന്നതെങ്കിലും ടീമിനകത്തും ജഡേജ ഒട്ടും സംതൃപ്തനല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നലെ മത്സരശേഷം ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ ജഡേജയുമായി ഏറെ നേരം സംസാരിക്കുന്നതും ജഡേജയെ എന്തോ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതും കാണാമായിരുന്നു.
നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ജഡേജയും ധോണിയും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ജഡേജയുടെ പത്നി റിബാവ ജഡേജ കര്‍മഫലം നിങ്ങളെ തേടിവരും, ഇപ്പോഴല്ലെങ്കില്‍ അധികം വൈകാതെ എന്ന് ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു.