വിരാട് കോലി-സൗരവ് ഗാംഗുലി ശീതസമരത്തെക്കുറിച്ച് പ്രതികരിച്ച് രവി ശാസ്ത്രി
ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രിയായിരുന്നെങ്കില്‍ ഈ സാഹചര്യത്തില്‍ എന്താകും ചെയ്യുക എന്ന അവതാരകന്‍റ ചോദ്യത്തിനാണ് രവി ശാസ്ത്രി പ്രതികരിച്ചത്. കോലിയുടെയും ഗാംഗുലിയുടെയും പേരെടുത്ത് പറയാതെയാണ് അവതാരകന്‍ ഈ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചത്.
ദില്ലി: ഐപിഎല്ലിലെ വിരാട് കോലി-സൗരവ് ഗാംഗുലി ഹസ്തദാന വിവാദത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സര ശേഷം സൗരവ് ഗാംഗുലിക്ക് ഹസ്തദാനം നൽകാതെ വിരാട് കോലി ഒഴിഞ്ഞുമാറുന്നതിന്‍റെയും ഗാംഗുലി ഡഗ് ഔട്ടിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ വിരാട് കോലിയെ ശ്രദ്ധിക്കാതെ നടന്നുപോകുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സൗരവ് ഗാംഗുലിയെ ഇന്‍സ്റ്റഗ്രാമില്‍ വിരാട് കോലി അണ്‍ ഫോളോ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ഗാംഗുലി കോലിയെയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു.
ബിസിസിഐ പ്രസിഡന്‍റായിരിക്കേ ഗാംഗുലിയും അന്ന് ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോലിയും തമ്മില്‍ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന ശീതസമരത്തിന്‍റെ ബാക്കിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ എന്നായിരുന്നു വിലയിരുത്തല്‍. ലോകകപ്പിന് ശേഷം ട്വന്‍റി 20 ക്യാപ്റ്റന്‍സിയില്‍ നിന്ന് പടിയിറങ്ങിയ വിരാട് കോലിയെ 2021 ഒക്‌ടോബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഏകദിന നായകസ്ഥാനം രോഹിത് ശര്‍മ്മയ്‌ക്ക് കൈമാറുന്നതിന് മുമ്പ് കോലിയുമായി താനും മുഖ്യ സെലക്‌ടറും സംസാരിച്ചിരുന്നു എന്ന് ഗാംഗുലി അന്ന് അവകാശപ്പെട്ടിരുന്നു.
കോലിയോട് ടി20 നായകപദവിയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്നും ഗാംഗുലി വ്യക്തമാക്കി. ഗാംഗുലിയുടെ ഈ അവകാശവാദം ശരിവെച്ചിരുന്നു അന്നത്തെ മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മ. എന്നാല്‍ ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് വിരാട് കോലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതോടെ സൂപ്പര്‍ താരവും ബിസിസിഐയും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി അഭ്യൂഹങ്ങള്‍ പടര്‍ന്നു. ക്യാപ്റ്റന്‍സി വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ 2022 ജനുവരിയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍സി വിരാട് കോലി ഒഴിയുകയും ചെയ്‌തു.
മൂന്നേ മൂന്ന് സിക്‌സുകള്‍; ഐപിഎല്ലില്‍ ചരിത്രമെഴുതാന്‍ ഹിറ്റ്‌മാന്‍, എബിഡിയുടെ റെക്കോര്‍ഡിനും ഭീഷണി
എന്നാല്‍ ഈ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും വിരാട് കോലിയുടെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നയാളുമായ രവി ശാസ്ത്രി. ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രിയായിരുന്നെങ്കില്‍ ഈ സാഹചര്യത്തില്‍ എന്താകും ചെയ്യുക എന്ന അവതാരകന്‍റ ചോദ്യത്തിനാണ് രവി ശാസ്ത്രി പ്രതികരിച്ചത്. കോലിയുടെയും ഗാംഗുലിയുടെയും പേരെടുത്ത് പറയാതെയാണ് അവതാരകന്‍ ഈ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചത്.
ഞാനായിരുന്നെങ്കില്‍, അത് ആവ്യക്തിയുമായുള്ള എന്‍റെ ബന്ധത്തെ ആശ്രയിച്ചിരിക്കും. സംസാരിക്കേണ്ട എന്ന് വിചാരിച്ചാല്‍ സംസാരിക്കില്ല. ഞാന്‍ ഒഴിഞ്ഞുമാറി പോവും. പക്ഷെ ഇതിന്‍റെ എല്ലാം അവസാനം നമ്മള്‍ വീണ്ടും ആലോചിക്കുമ്പോള്‍ നമുക്ക് നമ്മള്‍ കുറച്ചുകൂടി വലുതായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിപ്പോവും. അവിടെ ആരാണ് മുതിര്‍ന്നത് എന്നതൊന്നും പ്രശ്നമല്ലെന്നും ശാസ്ത്രി പറഞ്ഞു.