നില്‍ക്കണോ അതോ പോണോ! നാളെ കൊണ്ട് എല്ലാത്തിനും ഏകദേശം ഒരു തീരുമാനമാകും; നെഞ്ചിടിയോടെ രാജസ്ഥാൻ റോയല്‍സ്
പ്ലേ ഓഫ് ബര്‍ത്തിനായുള്ള അവസാന റൗണ്ട് പോരാട്ടങ്ങളില്‍ രാജസ്ഥാനെയും പഞ്ചാബിനെയും കൂടാതെ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമുണ്ട്.
ധരംശാല: ഐപിഎല്‍ 2023 സീസണില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനുള്ള അങ്കത്തിന് തയാറായി രാജസ്ഥാൻ റോയല്‍സ്. പ്ലേ ഓഫ് പ്രതീക്ഷ നിലനില്‍ക്കുന്ന പഞ്ചാബ് കിംഗ്സിനെയാണ് രാജസ്ഥാൻ നേരിടുക. നാളെ തോറ്റാല്‍ രാജസ്ഥാനും പഞ്ചാബിനും പിന്നെ ഒന്നും നോക്കേണ്ട കാര്യമില്ല, പെട്ടിയെല്ലാം പായ്ക്ക് ചെയ്ത് ഈ സീസണിലെ പോരാട്ടങ്ങള്‍ അവസാനിപ്പിക്കാം. നാളെ ജയിക്കുന്ന ടീമിന് മറ്റ് മത്സരഫലങ്ങള്‍ നോക്കി പ്രതീക്ഷയോടെ കാത്തിരിക്കാനാകും.
പ്ലേ ഓഫ് ബര്‍ത്തിനായുള്ള അവസാന റൗണ്ട് പോരാട്ടങ്ങളില്‍ രാജസ്ഥാനെയും പഞ്ചാബിനെയും കൂടാതെ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമുണ്ട്. 18 പോയന്‍റുമായി ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്തും 15 പോയന്‍റുള്ള ചെന്നൈയും രാജസ്ഥാന് എത്തിപ്പിടിക്കാനാവാത്ത അകലത്തിലാണ്. പുറത്തായ എസ്ആര്‍എച്ചും ഡല്‍ഹി ക്യാപിറ്റല്‍സും ഒഴികെ എല്ലാവരും പ്രതീക്ഷകളോടെയാണ് മുന്നോട്ട് പോകുന്നത്.
പഞ്ചാബിനെ ഡല്‍ഹി തോല്‍പ്പിച്ചത് രാജസ്ഥാൻ അടക്കം ഗുണമായി മാറി. നാളെ വിജയിക്കുന്ന ടീമിന് 14 പോയിന്‍റാകും. പിന്നെ മുംബൈ, ആര്‍സിബി, കൊല്‍ക്കത്ത ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും മുന്നോട്ട് പോക്ക്. പോയിന്‍റുകള്‍ ഒരുപോലെ വന്നാല്‍ റണ്‍റേറ്റ് നിര്‍ണായകമാകും. നിലവില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നുണ്ടെങ്കിലും മുംബൈയുടെ റണ്‍റേറ്റ് -0.128 ആണ്. റണ്‍റേറ്റിലെ ഈ മൈനസ് തന്നെയാണ് മുംബൈക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നിലവില്‍ ആദ്യ നാലില്‍ നിന്ന് പുറത്ത് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ആര്‍സിബിക്ക് മുംബൈയെക്കാള്‍ മികച്ച റണ്‍റേറ്റുണ്ട്. 0.166 ആണ് ആര്‍സിബിയുടെ റണ്‍റേറ്റ്. ആറാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാന്‍റെ റണ്‍റേറ്റ് 0.140 ആണ്. ഇതും മുംബൈയെക്കാള്‍ മികച്ചതാണ്. പോയിന്‍റുകള്‍ തുല്യമാകുന്ന അവസ്ഥയിലും മുംബൈയെക്കാള്‍ ആനുകൂല്യം ആര്‍സിബിക്കും രാജസ്ഥാനും ലഭിക്കും. അതുകൊണ്ട് മുംബൈ വിജയത്തിന് വേണ്ടി ശ്രമിക്കുന്നതിനൊപ്പം റണ്‍ റേറ്റ് ഉയര്‍ത്താനുള്ള പരിശ്രമങ്ങളും നടത്തും. ഈ റണ്‍റേറ്റ് കണക്കുകള്‍ ഐപിഎല്ലിലെ അവസാന പോരാട്ടങ്ങള്‍ കൂടുതല്‍ ആവേശകരമാക്കുന്നുണ്ട്.