ചിന്നസ്വാമിയില്‍ നിന്ന് ആര്‍സിബിക്കും രാജസ്ഥാനും നിരാശവാര്‍ത്ത; ഗുജറാത്തിനെതിരായ പോരാട്ടത്തിന് മഴ ഭീഷണി
ഇന്നലെ ബെംഗളൂരുവില്‍ കനത്ത മഴ പെയ്തിരുന്നു. ഇന്നും മഴ പെയ്യുമെന്നാണ് പ്രവചനം. കനത്ത മഴ മൂലം ഇന്നലെ ആര്‍സിബി, ഗുജറാത്ത് താരങ്ങള്‍ പരിശീലകനത്തിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല.
ബെംഗലൂരു: ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന അവസാന ടീമിനെ നിര്‍ണയിക്കാനുള്ള ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിന് മഴ ഭീഷണി. ഇന്ന് രാത്രി 7.30ന് നടക്കേണ്ട റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരമാണ് മഴനിഴലിലായത്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ആര്‍സിബിയും ഗുജറാത്തും പോയന്‍റ് പങ്കിടും.
ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ 16 പോയന്‍റുമായി നാലാം സ്ഥാനത്തേക്ക് കയറും. ഇതോടെ ആര്‍സിബി-ഗുജറാത്ത് പോരാട്ടം മഴമൂലം ഉപേക്ഷിച്ചാല്‍ പരമാവധി 15 പോയന്‍റെ സ്വന്തമാക്കാനാവു എന്നതിനാല്‍ ആര്‍സിബി പ്ലേ ഓഫിലെത്താതെ പുറത്താവും. അതുപോലെ മുംബൈ തോല്‍ക്കുകയും ആര്‍സിബി-ഗുജറാത്ത് പോരാട്ടം മഴമൂലം ഉപേക്ഷിക്കുകയും ചെയ്താല്‍ ആര്‍സിബി പ്ലേ ഓഫിലെത്തും. 14 പോയന്‍റുള്ള രാജസ്ഥാന്‍ പ്ലേ ഓഫിലെത്താതെ പുറത്താവുകയും ചെയ്യും.
ഇന്നലെ ബെംഗളൂരുവില്‍ കനത്ത മഴ പെയ്തിരുന്നു. ഇന്നും മഴ പെയ്യുമെന്നാണ് പ്രവചനം. കനത്ത മഴ മൂലം ഇന്നലെ ആര്‍സിബി, ഗുജറാത്ത് താരങ്ങള്‍ പരിശീലകനത്തിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല. ഇന്‍ഡോറിലാണ് ടീം പരിശീലനം നടത്തിയത്. ഇന്ന് മഴ മൂലം മത്സരം വൈകകുകയോ ഉപേക്ഷിക്കുകയോ ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനം മികവുറ്റതാണെന്നത് മാത്രമാണ് ആകെ പ്രതീക്ഷ നല്‍കുന്ന ഘടകം.
ജീവന്‍മരണപ്പോരില്‍ മലയാളി താരവും പ്ലേയിംഗ് ഇലവനില്‍; ഹൈദരാബാദിനെതിരെ മുംബൈയുടെ സാധ്യതാ ടീം
ഇന്ന് വൈകിട്ടോടെ ബെംഗളൂരുവില്‍ കനത്ത മഴപെയ്യുമെന്നാണ് അക്യുവെതറിന്‍റെ പ്രവചനം. ആറ് മണിയോടെ ആരംഭിക്കുന്ന മഴ പുലര്‍ച്ചെ വരെ തുടരാമെന്നും പ്രവചനമുണ്ട്. പകല്‍ തെളിഞ്ഞ കാലവസ്ഥയായിരിക്കും. നാലു മണിയോടു കൂടെ 50 ശതമാനം മഴസാധ്യതതയും ഏഴ് മണിക്ക് 65 ശതമാനം മഴ സാധ്യതയുമാണ് പ്രവചിച്ചിട്ടുള്ളത്. രാത്രി 9-11 മണിയോടെ മഴയുടെ ശക്തി കുറയുമെന്നുമാണ് അക്യുവെതറിന്‍റെ പ്രവചനം.