സഞ്ജുവിന്‍റെയും കോലിയുടെയും പോരാട്ടം കാണാനെത്തി രാഹുല്‍ ദ്രാവിഡ്
ഐപിഎല്ലില്‍ കളി കാണാനെത്തുമ്പോള്‍ ആരാധകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും മത്സരങ്ങളെയും കളിക്കാരെയും വിലയിരുത്തേണ്ടി വരുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.
ബെംഗലൂരു: ഐപിഎല്ലില്ർ ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം കാണാന്‍ ഒരു സ്പെഷ്യല്‍ അതിഥിയുണ്ടായിരുന്നു. മറ്റാരുമല്ല, ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്. സഞ്ജുവിന്‍റെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ആര്‍സിബി ഏഴ് റണ്‍സിനാണ് തോല്‍പ്പിച്ചത്. പരിശീലകനനെന്ന നലയിലല്ലാതെ ഇത്തരത്തില്‍ മത്സരം കാണുന്നത് ശരിക്കും ആസ്വാദ്യകരമാണെന്ന് ദ്രാവിഡ് പറഞ്ഞു. പരിശീലകനായിരിക്കുമ്പോള്‍ മത്സരം കാണുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തോടെയെ കാണാനാവു. എന്നാല്‍ ഇത് കൂടുതല്‍ ആസ്വദിച്ച് കാണാന്‍ പറ്റും.
ഐപിഎല്ലില്‍ കളി കാണാനെത്തുമ്പോള്‍ ആരാധകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും മത്സരങ്ങളെയും കളിക്കാരെയും വിലയിരുത്തേണ്ടി വരുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്‍റെ ഭാഗമായ കളിക്കാര്‍ എങ്ങനെ കളിക്കുന്നു എന്ന് നോക്കുക പരിശീലകനെന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടതാണ്. അതുപോലെ പരിശീലകരുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ട്. യുവതാരങ്ങള്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മുന്‍ നായകന്‍ കൂടിയാണ് ദ്രാവിഡ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും ഐപിഎല്ലില്‍ ദ്രാവിഡ് നയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 89 കളികളില്‍ 28.23 ശരാശരിയില്‍ 2174 റണ്‍സാണ് ദ്രാവിഡ് നേടിയത്. 2008ല്‍ കൊല്‍ക്കത്തക്കെതിരെ ആയിരുന്നു ദ്രാവിഡിന്‍റെ ഐപിഎല്‍ അരങ്ങേറ്റം. 2013ല്‍ മുംബൈക്കെതിരെ ആണ് ദ്രാവിഡ് അവസാന ഐപിഎല്‍ മത്സരം കളിച്ചത്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കുടുംബത്തോടൊപ്പം മത്സരം കാണാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും അഥും താന്‍ മുമ്പ് കളിച്ച രണ്ട് ടീമുകളാണെന്നത് കൂടുതല്‍ സന്തഷം നലകുന്ന കാര്യമാണെന്നും ദ്രാവിഡ് പറഞ്ഞു. കൂടുതല്‍ തലപുകക്കാതെ ഒരു മത്സരം കാണാനാകുക എന്നത് ആസ്വാദ്യകരമാണെന്നും ദ്രാവിഡ് വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സ് താരവും കര്‍ണാടക പേസറുമായ പ്രസിദ്ധ് കൃഷ്ണയും ദ്രാവിഡിനൊപ്പം മത്സരം കാണാനെത്തിയിരുന്നു. പരിക്ക് മൂലം പ്രസിദ്ധിന് ഈ സീസണില്‍ കളിക്കാനാവില്ല.