പവര്‍പ്ലേയിലെ പവര്‍ ബൗളര്‍; 84 പന്തില്‍ 57 ഡോട്ട് ബോള്‍! പര്‍പ്പിള്‍ ക്യാപ് സിറാജിന്
പഞ്ചാബ് കിംഗ്‌സിനെതിരെ ആര്‍സിബി 24 റണ്‍സിന് വിജയിച്ചപ്പോള്‍ സിറാജ് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് പേരെയാണ് പുറത്താക്കിയത്
മൊഹാലി: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ കുതിപ്പിന് ബൗളിംഗില്‍ പ്രധാന ഇന്ധനം പേസര്‍ മുഹമ്മദ് സിറാജാണ്. ഈ സീസണില്‍ പവര്‍പ്ലേയില്‍ സിറാജ് ഇതുവരെ എറിഞ്ഞ 84 പന്തില്‍ 57 ഉം ഡോട്ട് ബോളുകളായിരുന്നു. ഐപിഎല്‍ 2023ല്‍ മറ്റൊരു ബൗളറും പവര്‍പ്ലേയിലെ മികവില്‍ സിറാജിനൊപ്പമെത്തില്ല. പഞ്ചാബ് കിംഗ്‌സിനെതിരെ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആര്‍സിബി 24 റണ്‍സിന് വിജയിച്ചപ്പോള്‍ സിറാജ് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് പേരെയാണ് പുറത്താക്കിയത്.
ഐപിഎല്‍ 2023ല്‍ മിന്നും പ്രകടനം തുടരുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ മുഹമ്മദ് സിറാജ്. 4-0-21-1, 4-0-44-1, 4-0-22-3, 4-0-23-2, 4-0-30-1, 4-0-21-4 എന്നിങ്ങനെയാണ് ഈ സീസണിലെ മത്സരങ്ങളില്‍ സിറാജിന്‍റെ ബൗളിംഗ് പ്രകടനം. ആറ് മത്സരങ്ങളിലായി 14 ഓവറുകള്‍ പവര്‍പ്ലേയില്‍ എറിഞ്ഞ സിറാജ് 57 ഡോട്ട് ബോളുകള്‍ എറിഞ്ഞപ്പോള്‍ ഇതിനിടെ ആറ് വിക്കറ്റും വീഴ്‌ത്തി. പവര്‍പ്ലേയിലെ ഇക്കോണമി 4.21 മാത്രം. ഈ സീസണിലെ ആറ് കളിയിലാകെ 13.41 ശരാശരിയിലും 6.70 ഇക്കോണമിയിലും 12 വീഴ്‌ത്തിയ സിറാജിന്‍റെ തലയിലാണ് നിലവില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്. മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 21 റണ്‍സിന് നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
മുഹമ്മദ് സിറാജിന്‍റെ പന്തുകള്‍ തീതുപ്പിയപ്പോള്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 24 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നാല് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സാണ് നേടിയത്. ഫാഫ് ഡുപ്ലെസിസ്(84), വിരാട് കോലി(59) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18.2 ഓവറില്‍ 150ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് പഞ്ചാബിനെ തകര്‍ത്തത്. 46 റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാനാണ് ഹോം ടീമിന്‍റെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേശ് ശര്‍മ്മ 41 റണ്‍സെടുത്തു. സിറാജിന്‍റെ നാലിന് പുറമെ വനിന്ദു ഹസരങ്ക രണ്ടും വെയ്‌ന്‍ പാര്‍നലും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റും നേടി.
Read more: സര്‍വ്വം സിറാജ് മയം, നാല് വിക്കറ്റ്! പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍