കണ്ണ് തുറന്ന് നോക്കൂ! നോ ബോളിലും വൈഡിലും വീണ്ടും വൻ വിവാദം; ഇങ്ങനെയുള്ള തേർഡ് അമ്പയർ എന്തിനെന്ന് ആരാധകർ
എല്ലാം നല്ല രീതിയിൽ പോകുന്നതിനിടെ 19-ാം ഓവറിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആവേശ് ഖാൻ എറിഞ്ഞ പന്ത് മൂന്നാം അമ്പയർ നോ ബോൾ അനുവദിച്ചില്ല.
ഹൈദരാബാദ്: ഐപിഎല്ലിലെ അമ്പയർമാരുടെ തീരുമാനങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ലഖ്നൗ സൂപ്പർ ജയന്റ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടിയപ്പോഴും അമ്പയർമാർ സ്വീകരിച്ച തീരുമാനങ്ങൾ വിവാദമായിട്ടുണ്ട്. എല്ലാം നല്ല രീതിയിൽ പോകുന്നതിനിടെ 19-ാം ഓവറിലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ആവേശ് ഖാൻ എറിഞ്ഞ പന്ത് മൂന്നാം അമ്പയർ നോ ബോൾ അനുവദിച്ചില്ല.
ഹെൻറിച്ച് ക്ലാസൻ ഇതിനെ കുറിച്ച് ഫീൽഡ് അമ്പയറോട് പരാതിപ്പെട്ടെങ്കിലും ഗുണകരമായ തീരുമാനം ഒന്നും ഉണ്ടായില്ല. റിപ്ലൈകളിൽ ഇംപാക്ട് സ്റ്റംമ്പിന് മുകളിൽ കൂടിയാണെന്ന് വ്യക്തമല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. അവസാന ഓവർ യഷ് താക്കൂർ എറിഞ്ഞപ്പോഴും സമാനമായ ഒരു വിവാദമുണ്ടായി. ഇത്തവണ ഓൺ ഫീൽഡ് അമ്പയർ വൈഡ് നൽകാതിരുന്നതോടെ എസ്ആർഎച്ച് റിവ്യൂ നൽകുകയായിരുന്നു.
എന്നാൽ, മൂന്നാം അമ്പയർ അത് ഔട്ട് അല്ലെന്ന് വിധിച്ചു. നേരത്തെ, മുംബൈ - രാജസ്ഥാൻ മത്സരത്തില്‍ മൂന്നാം അമ്പയര്‍ ഉള്‍പ്പെടെയെടുത്ത പല തീരുമാനങ്ങളും വൻ വിവാദത്തിന് കാരണമായിരുന്നു. സെഞ്ചുറി നേടിയ യശസ്വി ജയ്സ്‍വാളിന്‍റെ വിക്കറ്റ് തന്നെയാണ് അതില്‍ ഏറ്റവും കത്തിപ്പടർന്ന വിവാദം. റിപ്ലൈകളില്‍ അര്‍ഷദ് ഖാന്‍റെ പന്തിന്‍റെ ഇംപാക്ട് സ്റ്റംമ്പിന് മുകളില്‍ കൂടിയാണെന്നും അനുവദനീയമായതിലും ഉയരത്തിലാണ് ജയ്സ്‍വാളിന്‍റെ അരയ്ക്ക് മുകളിലൂടെ പന്ത് കടന്ന് പോയതെന്നും വ്യക്തമായിരുന്നു.
എന്നാൽ അമ്പയർ നോ ബോൾ അനുവദിച്ചില്ല. അതേസമയം, നിർണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മികച്ച സ്കോർ നേടാൻ സൺറൈസേഴ്സ് ഹൈദരാബാദിന് കഴിഞ്ഞു. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനുള്ള പോരിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് ഹൈദരാബാദ് കുറിച്ചത്. 47 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 37 റൺസെടുത്ത അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാൽ പാണ്ഡ്യ ലഖ്നൗവിനായി മികവ് കാട്ടി.