ഒരോവറില്‍ ജോര്‍ദാന്‍ സംഭാവന ചെയ്തത് 3000 മരങ്ങള്‍! ചരിത്രത്തിലിടം പിടിച്ച് മുംബൈ പേസറുടെ മെയ്ഡന്‍ ഓവര്‍
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ബൗളര്‍ എറിഞ്ഞ ആദ്യ മെയ്ഡ്ന്‍ ഓവറായിരുന്നു അത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അടിമേടിച്ച ജോര്‍ദാന്‍ ഇത്തവണ ഗംഭീര തിരിച്ചുവരവ് നടത്തി.
ചെന്നൈ: ഐപിഎല്ലില്‍ ആകാശ് മധ്‌വാളിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിലാണ് മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ക്കുന്നത്. തോറ്റതോടെ ലഖ്‌നൗ പ്ലേ ഓഫില്‍ തന്നെ പുറത്തായിരുന്നു. 81 റണ്‍സിനായിരുന്നു ലഖ്‌നൗവിന്റെ തോല്‍വി. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാം ക്വാളിഫയറിന് മുംബൈ ഇന്ത്യന്‍സ് ടിക്കറ്റെടുത്തു.
ചെപ്പോക്കിലെ എലിമിനേറ്ററില്‍ മുംബൈ മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന്റെ എല്ലാവരും 101 റണ്‍സിന് പുറത്തായി. സ്‌കോര്‍: മുംബൈ- 182/8, ലഖ്നൗ- 101 (16.3). 3.3 ഓവറില്‍ വെറും അഞ്ച് റണ്‍സ് വിട്ടുകൊടുത്താണ് മധ്‌വാള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ഇതിനിടെ ആരു ശ്രദ്ധിക്കപ്പെടാതെപോയ പ്രകടനമായിരുന്നു മുംബൈ പേസര്‍ ക്രിസ് ജോര്‍ദാന്റേത്. രണ്ട് ഓവറെറിഞ്ഞ ജോര്‍ദാന്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. അപകടകാരിയായ കെയ്ല്‍ മെയേഴ്‌സിനെയാണ് ജോര്‍ദാന്‍ പുറത്താക്കിയത്. ജോര്‍ദാന്‍ എറിഞ്ഞ ഒരു ഓവര്‍ മെയ്ഡന്‍ ആയിരുന്നു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ബൗളര്‍ എറിഞ്ഞ ആദ്യ മെയ്ഡ്ന്‍ ഓവറായിരുന്നു അത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അടിമേടിച്ച ജോര്‍ദാന്‍ ഇത്തവണ ഗംഭീര തിരിച്ചുവരവ് നടത്തി. ഇതോടെ താരത്തെ പ്രകീര്‍ത്തിക്കുകയാണ് ക്രിക്കറ്റ് ലോകം. അതോടൊപ്പം രസകരമായ ട്രോളുകളുമുണ്ട്. ചില പ്രതികരണങ്ങള്‍ വായിക്കാം...
റണ്‍സ് അടിസ്ഥാനത്തില്‍ ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും വലിയ മൂന്നാമത്തെ ജയം കൂടിയാണിത്. പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ 105 റണ്‍സിന് ഡല്‍ഹിയെ തോല്‍പ്പിച്ചതാണ് ഏറ്റവും വലിയ ജയം. 2012ല്‍ ഡല്‍ഹിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 86 റണ്‍സിന് തോല്‍പ്പിച്ചത് രണ്ടാം സ്ഥാനത്ത്. 2015ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ, ആര്‍സിബി 71 റണ്‍സിന് ജയിച്ചത് നാലാം സ്ഥാനത്ത്. 2011 ഫൈനലില്‍ ചെന്നൈ 58 റണ്‍സിന് ആര്‍സിബി തോല്‍പ്പിച്ചതാണ് അഞ്ചാം സ്ഥാനത്ത്.