9 ടീമുകളെ ഒരുമിച്ച് നിരാശരാക്കാൻ വേറെയാർക്ക് കഴിയും; ഐപിഎൽ പോയിന്റ് ടേബിളിൽ കൂട്ടക്കരച്ചിൽ, ഇനി വാശി കടുക്കും
ഡൽഹി പുറത്തായത് മാറ്റി നിർത്തിയാൽ ബാക്കി എല്ലാ ടീമുകൾക്കും പ്ലേ ഓഫ് സ്വപ്നങ്ങൾ ഇപ്പോഴുമുണ്ട്. വിജയം നേടിയിരുന്നെങ്കിൽ ഗുജറാത്ത് പ്ലേ ഓഫ് പൂർണമായി ഉറപ്പിക്കുമായിരുന്നു. ഒപ്പം ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാനും സാധിക്കുമായിരുന്നു
മുംബൈ: ഐപിഎൽ 2023 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ കലാശ പോരാട്ടങ്ങൾക്ക് ആവേശം കൂട്ടി മുംബൈ ഇന്ത്യൻസിന്റെ വിജയം. ഗുജറാത്ത് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച് കഴിഞ്ഞ ഘട്ടത്തിലെ മുംബൈയുടെ ഈ വിജയം ഐപിഎൽ പോയിന്റ് ടേബിളിൽ ഒരു കൂട്ടക്കരച്ചിലിനാണ് കാരണമായിട്ടുള്ളത്. മുംബൈ ഒഴിച്ച് ബാക്കിയുള്ള എല്ലാ ടീമുകളും ആഗ്രഹിച്ചത് ഗുജറാത്ത് ടൈറ്റൻസിന്റെ വിജയമായിരുന്നു.
ഡൽഹി പുറത്തായത് മാറ്റി നിർത്തിയാൽ ബാക്കി എല്ലാ ടീമുകൾക്കും പ്ലേ ഓഫ് സ്വപ്നങ്ങൾ ഇപ്പോഴുമുണ്ട്. വിജയം നേടിയിരുന്നെങ്കിൽ ഗുജറാത്ത് പ്ലേ ഓഫ് പൂർണമായി ഉറപ്പിക്കുമായിരുന്നു. ഒപ്പം ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേ ഓഫ് ഏകദേശം ഉറപ്പിക്കാനും സാധിക്കുമായിരുന്നു. ഡൽഹി ഒഴികെ ബാക്കി ടീമുകൾക്കെല്ലാം മുംബൈ തോറ്റാൽ പ്ലേ ഓഫ് സാധ്യത കൂടുന്ന അവസ്ഥയുമായിരുന്നു. പ്രത്യേകിച്ച് രാജസ്ഥാൻ റോയൽസിന് മുംബൈയുടെ തോൽവി കൂടുതൽ ആശ്വാസകരമായി മാറുമായിരുന്നു.
എന്നാൽ, നിർണായക മത്സരത്തിൽ ചാമ്പ്യൻ ടീമിന്റെ ശൗര്യം പുറത്തെടുത്ത മുംബൈ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിന് പരാജയത്തിലേക്ക് തള്ളിവിടുകയായിരുന്നു. 12 മത്സരങ്ങളില്‍ 14 പോയിന്റായ മുംബൈ മൂന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. ഇത്രയും മത്സരങ്ങളില്‍ 12 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിയും വന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് അഞ്ചാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 11 പോയിന്റാണ് ലഖ്‌നൗവിന്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം ജയിച്ചാല്‍ ലഖ്‌നൗവിന് നാലിലെത്താനുള്ള അവസരമുണ്ട്.
ഇതോടെ രാജസ്ഥാന് അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവരും. മുംബൈയുടെ ജയത്തോടെ പോയിന്റ് പട്ടികയില്‍ വീണ്ടും കണക്കുകള്‍ പരിശോധിക്കേണ്ട അവസ്ഥയായി. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ ഒന്നാമതുള്ള ഗുജറാത്തും രണ്ടാമതുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സും പ്ലേ ഓഫ് കാണാതെ പുറത്താവൂ. അതുപോലെ ഡല്‍ഹി കാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരുടെ സാധ്യതകള്‍ ഏറക്കുറെ അവസാനിച്ചെന്നും പറയേണ്ടി വരും.