ലഖ്‌നൗവിനെ വിറപ്പിച്ചുകൊണ്ട് മുംബൈ ഇന്ത്യന്‍സ് തുടങ്ങി; പൂരത്തിന് തുടക്കമിട്ട് രോഹിത്- ഇഷാന്‍ സഖ്യം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് മാര്‍കസ് സ്റ്റോയിന്റെ (47 പന്തില്‍ പുറത്താവാതെ 89) ബാറ്റിംഗാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ (42 പന്തില്‍ 49) നിര്‍ണായക പ്രകടനം പുറത്തെടുത്തു.
ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റണ്‍സെടുത്തിട്ടുണ്ട് മുംബൈ. രോഹിത് ശര്‍മ (26), ഇഷാന്‍ കിഷന്‍ (29) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് മാര്‍കസ് സ്റ്റോയിന്റെ (47 പന്തില്‍ പുറത്താവാതെ 89) ബാറ്റിംഗാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ (42 പന്തില്‍ 49) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റുകളാണ് ലഖ്‌നൗവിന് നഷ്ടമായത്. ഇതില്‍ രണ്ടും ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനായിരുന്നു.
മോശം തുടക്കമായിരുന്നു ലഖ്‌നൗവിന്. ഒരോവറിലെ അടുത്തടുത്ത പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ ബെഹ്രന്‍ഡോര്‍ഫിന് മുന്നില്‍ തകര്‍ച്ചയോടെയായിരുന്നു ലഖ്നൗവിന്റെ തുടക്കം. ദീപക് ഹൂഡ(7 പന്തില്‍ 5), പ്രേരക് മങ്കാദ്(1 പന്തില്‍ 0) എന്നിവര്‍ 2.2 ഓവറില്‍ പുറത്താകുമ്പോള്‍ 12 റണ്‍സ് മാത്രമായിരുന്നു ലഖ്‌നൗവിന്റെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.
ഇതിന് ശേഷം ടീമിനെ കരകയറ്റും എന്ന് തോന്നിച്ച ക്വിന്റണ്‍ ഡികോക്കിനെ(15 പന്തില്‍ 16) പീയുഷ് ചൗള വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്റെ കൈകളില്‍ എത്തിച്ചത് ലഖ്നൗവിന് അടുത്ത പ്രഹരമായി. എന്നാല്‍ ഇതിന് ശേഷം ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ടീമിനെ 14-ാം ഓവറില്‍ 100 കടത്തി. ഇരുവരും 82 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
17-ാം ഓവറിന്റെ തുടക്കത്തില്‍ പരിക്കിനെ തുടര്‍ന്ന് ക്രുനാല്‍ പാണ്ഡ്യ കളംവിട്ടതോടെ നിക്കോളാസ് പുരാന്‍ ക്രീസിലെത്തി. എല്‍ബിയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ സിക്സോടെ 36 പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഫിഫ്റ്റി തികച്ചു. 18-ാം ഓവറില്‍ ക്രിസ് ജോര്‍ദാനെ 24 റണ്‍സിനും 19-ാം ഓവറില്‍ ബെഹ്രന്‍ഡോര്‍ഫിനെ 19 റണ്ണിനും സ്റ്റോയിനിസ് ശിക്ഷിച്ചു. ഇന്നിംഗ്സിലെ അവസാന പന്ത് സിക്സോടെ സ്റ്റോയിനിസ് ഫിനിഷ് ചെയ്തു. സ്റ്റോയിനിസിനൊപ്പം എട്ട് പന്തില്‍ 8 റണ്‍സുമായി നിക്കോളാസ് പുരാന്‍ പുറത്താവാതെ നിന്നു. മുംബൈ ബൗളര്‍മാരില്‍ നാല് ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത ക്രിസ് ജോര്‍ദാനാണ് ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്.