എല്ലാം കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു! ലഖ്‌നൗവിനെതിരെ തോല്‍വിക്ക് ശേഷം കുറ്റപ്പെടുത്തലുമായി മുംബൈ കോച്ച്
ഇപ്പോള്‍ തോല്‍വിയുടെ കാരണം വിശദീകരിക്കുകയാണ് മുംബൈയുടെ ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. സ്‌റ്റോയിനിസ് ഉള്‍പ്പെടെയുള്ള താരങ്ങളെ കുടുക്കാന്‍ വ്യക്തമായ പദ്ധതിയുണ്ടായിരുന്നുവെന്നും എന്നാല്‍ ഗ്രൗണ്ടില്‍ ആവിഷ്‌ക്കരിക്കാനായില്ലെന്നും ബോണ്ട് കുറ്റപ്പെടത്തി.
ലഖ്‌നൗ: മാര്‍കസ് സ്‌റ്റോയിനിസിന്റെ ഇന്നിംഗ്‌സായിരുന്നു ഐപിഎല്ലല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നിര്‍ണായക വിജയത്തിലേക്ക് നയിച്ചത്. ബാറ്റിംഗ് ദുഷ്‌കരമായ വിക്കറ്റില്‍ 47 പന്തുകള്‍ നേരിട്ട താരം എട്ട് സിക്‌സിന്റേയും നാല് ഫോറിന്റേയും അകമ്പടിയോടെ 89 റണ്‍സുമായി പുറത്താവാതെ നിന്നു. 6.1 ഓവറില്‍ ലഖ്‌നൗ മൂന്നിന് 35 എന്ന നിലയില്‍ തകരുമ്പോഴാണ് സ്‌റ്റോയിനിസ് ക്രീസിലെത്തുന്നതും നിര്‍ണായക പ്രകടനം പുറത്തെടുക്കുന്നതും. ക്രുനാല്‍ പാണ്ഡ്യ (42 പന്തില്‍ 49) സ്റ്റോയിനിസിന് പിന്തുണ നല്‍കി.
ഇപ്പോള്‍ തോല്‍വിയുടെ കാരണം വിശദീകരിക്കുകയാണ് മുംബൈയുടെ ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. സ്‌റ്റോയിനിസ് ഉള്‍പ്പെടെയുള്ള താരങ്ങളെ കുടുക്കാന്‍ വ്യക്തമായ പദ്ധതിയുണ്ടായിരുന്നുവെന്നും എന്നാല്‍ ഗ്രൗണ്ടില്‍ ആവിഷ്‌ക്കരിക്കാനായില്ലെന്നും ബോണ്ട് കുറ്റപ്പെടത്തി. ''ഞങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന തന്ത്രങ്ങള്‍ തന്ത്രങ്ങള്‍ ടീം ആവിഷ്‌കരിക്കാന്‍ സാധിക്കാത്തത് നിരാശാജനകമായ കാര്യമാണ്. മാര്‍കസ് സ്റ്റോയിനിസ് പോലെയുള്ള താരങ്ങള്‍ക്കെതിരെ എങ്ങനെ പന്തെറിയണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ഫലത്തില്‍ കൊണ്ടുവരാന്‍ ടീമിന് സാധിച്ചില്ല.
സ്റ്റോയിനിസ് നന്നായി കളിച്ചു. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. സ്‌റ്റോയിനിസ് നേരെ കളിക്കാനാണ് ശ്രമിക്കുകയെന്ന് അറിയാമായിരുന്നു. എന്നാല്‍ വ്യക്തമായ പ്ലാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഫലവത്താക്കാന്‍ സാധിച്ചില്ല. എതിര്‍ ബാറ്റര്‍ എവിടെ അടിക്കണെന്ന് തീരുമാനിക്കേണ്ടത് ബൗളര്‍മാരാണ്. അല്ലാതെ, അവര്‍ ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് ഷോട്ടുകള്‍ പായിക്കാന്‍ സമ്മതിക്കരുത്. അവര്‍ക്ക് കാര്യങ്ങള്‍ കഠിനമാക്കാനാണ് ശ്രമിക്കേണ്ടിയിരുന്നത്.'' ഷെയ്ന്‍ ബോണ്ട് വ്യക്തമാക്കി.
178 റണ്‍സിന്റെ വിജലക്ഷ്യമാണ് ലഖ്‌നൗ മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനാണ് മുംബൈക്ക് സാധിച്ചത്. 39 പന്തില്‍ 59 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. 25 പന്തില്‍ 37 റണ്‍സെടുത്ത രോഹിത് ശര്‍മയും തിളങ്ങി. ഒന്നാം വിക്കറ്റില്‍ ഇരുവരും 90 റണ്‍സ് ചേര്‍ത്തിരുന്നു. ഇതോടെ മുംബൈ അനായാസം ജയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ മധ്യനിര തകര്‍ന്നതോടെ കാര്യങ്ങള്‍ ലഖ്‌നൗവിന് അനുകൂലമായി. അവസാന ഓവറില്‍ ടിം ഡേവിഡ് (19 പന്തില്‍ 32) പൊരുതിയെങ്കിലും കാര്യങ്ങള്‍ അനുകൂലമാക്കാനായില്ല. 11 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്, എന്നാല്‍ മുഹ്‌സിന്‍ എറിഞ്ഞുപിടിച്ചു.