പുലി പതുങ്ങുന്നത്..! ഒടിച്ച സ്റ്റംമ്പുകളുടെ കണക്കുവീട്ടി മുംബൈ, കോട്ടയിൽ കയറി തന്നെ; പൊന്നും വിലയുള്ള വിജയം
കാമറൂണ്‍ ഗ്രീനും ഇഷാൻ കിഷനും രക്ഷാപ്രവര്‍ത്തനം നടത്തി മുംബൈയെ ആശ്വാസം കൊണ്ട് വന്നു. പവര്‍ പ്ലേയിലെ അവസാന പന്തില്‍ ഗ്രീനെ പുറത്താക്കി എല്ലിസ് കരുത്ത് കാട്ടിയെങ്കിലും പിന്നീട് കണ്ടത് മുംബൈയുടെ തകര്‍പ്പൻ തിരിച്ചുവരവാണ്.
മൊഹാലി: പഞ്ചാബ് കിംഗ്സിനെ അവരുടെ കോട്ടയില്‍ കയറി അടിച്ചൊതുക്കി മുംബൈ ഇന്ത്യൻസ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200 റണ്‍സിന് മുകളിലുള്ള സ്കോര്‍ ചേസ് ചെയ്താണ് മുംബൈ ഹീറോയിസം കാട്ടിയത്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈക്ക് വേണ്ടി അര്‍ധ സെഞ്ചുറികളുമായി ഇഷാൻ കിഷനും (75) സൂര്യ കുമാര്‍ യാദവും (66) കളം നിറഞ്ഞു. പഞ്ചാബിനായി നഥാൻ എല്ലിസ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് 214 എന്ന മിന്നും സ്കോറിലേക്ക് എത്തിയത്. കിംഗ്സിനായി ലിയാം ലിവിംഗ്സ്റ്റോണ്‍ (82*), ജിതേഷ് ശര്‍മ്മ (49*) എന്നിവര്‍ മിന്നി. മുംബൈക്കായി അർഷദ് ഖാൻ 48 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി.
ലിവിംഗ്സ്റ്റോണിന്‍റെ തേരോട്ടം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് അര്‍ഷദ് തുടക്കത്തിലേ തിരിച്ചടി നല്‍കി. 13 റണ്‍സ് മാത്രമുള്ളപ്പോള്‍ പ്രഭ്സിമ്രാൻ സിംഗിനെ അര്‍ഷദ് വിക്കറ്റ് കീപ്പര്‍ ഇഷാൻ കിഷന്‍റെ കൈകളില്‍ എത്തിച്ചു. നായകൻ ശിഖര്‍ ധവാനും മാത്യൂ ഷോര്‍ട്ടും ചേര്‍ന്നതോടെ ശരാശരി വേഗത്തില്‍ പഞ്ചാബ് സ്കോര്‍ ബോര്‍ഡ് ചലിച്ച് തുടങ്ങി. എന്നാല്‍, തന്നെ കടന്നാക്രമിച്ച ധവാന് പിയൂഷ് ചൗള അതേ നാണയത്തില്‍ മറുപടി നല്‍കിയപ്പോള്‍ പഞ്ചാബ് വീണ്ടും നിരാശപ്പെട്ടു. 20 പന്തില്‍ 30 റണ്‍സാണ് ധവാൻ നേടിയത്.
ലിയാം ലിവിംഗ്സ്റ്റോണിനൊപ്പം മാത്യൂ ഷോര്‍ട്ട് കുതിക്കുമെന്ന് കരുതിയപ്പോള്‍ മുംബൈക്ക് തുണയായി വീണ്ടും പിയൂഷ് ചൗള തന്നെയെത്തി. എന്നാല്‍, ലിയാമിനൊപ്പം ജിതേഷ് ശര്‍മ്മ ചേര്‍ന്നതോടെ കളി പഞ്ചാബ് വരുതിയിലാക്കി. ജോഫ്ര ആര്‍ച്ചറെ വരെ പായിച്ച് കൊണ്ട് പഞ്ചാബ് അതിവേഗം റണ്‍സ് കണ്ടെത്തി. അവസാന ഓവറുകളില്‍ അടി വാങ്ങിക്കുന്ന മുംബൈയുടെ സ്ഥിരം പതിവ് മൊഹാലിയിലും ആവര്‍ത്തിക്കുകയായിരുന്നു. 32 പന്തില്‍ ലിയാം അര്‍ധ സെഞ്ചുറിയലേക്കെത്തി. 19-ാം ഓവര്‍ എറിഞ്ഞ ആര്‍ച്ചറിനെ മൂന്ന് സിക്സുകള്‍ തുടര്‍ച്ചയായി പറത്തിയാണ് ലിയാം ശിക്ഷിച്ചത്. അവസാന ഓവറില്‍ ബൗണ്ടറി ഒന്നും വഴങ്ങാതെ ആകാശ് പിടിച്ച് നിന്നത് മുംബൈക്ക് ആശ്വാസമായി.
സൂപ്പര്‍ സ്കെ, ഡൈനാമോ ഇഷാൻ
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനായി ഇറങ്ങിയ മുംബൈക്ക് നിരാശപ്പെടുത്തുന്ന തുടക്കമാണ് ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറും മുമ്പേ നായകൻ രോഹിത് ശര്‍മ തിരികെ കയറി. കാമറൂണ്‍ ഗ്രീനും ഇഷാൻ കിഷനും രക്ഷാപ്രവര്‍ത്തനം നടത്തി മുംബൈക്ക് ആശ്വാസം കൊണ്ട് വന്നു. പവര്‍ പ്ലേയിലെ അവസാന പന്തില്‍ ഗ്രീനെ പുറത്താക്കി എല്ലിസ് കരുത്ത് കാട്ടിയെങ്കിലും പിന്നീട് കണ്ടത് മുംബൈയുടെ തകര്‍പ്പൻ തിരിച്ചുവരവാണ്.
സൂര്യകുമാര്‍ യാദവിനൊപ്പം നിറഞ്ഞ പിന്തുണ നൽകി ഇഷാൻ കിഷൻ നിന്നതോടെ പഞ്ചാബിന്‍റെ താളം നഷ്ടമായി. 24 പന്തില്‍ അര്‍ധ സെഞ്ചുറി നേടി സൂര്യ തന്‍റെ വേട്ട തുടര്‍ന്നു. സാം കറനെ തുടര്‍ച്ചയായ സിക്സുകള്‍ക്ക് പറത്തിയാണ് സൂര്യ ടോപ് ഗിയറിട്ട് കുതിച്ചത്. തുടര്‍ച്ചയായി നിരാശപ്പെടുത്തിയിരുന്ന ഇഷാന്‍റെ വെടിക്കെട്ട് തന്നെയായിരുന്നു മൊഹാലിയില്‍. കഴിഞ്ഞ മത്സരത്തിന്‍റെ തനിയാവര്‍ത്തനമായി വണ്ടര്‍ ക്യാച്ചില്‍ സൂര്യ പുറത്തായതോടെ പഞ്ചാബ് തിരിച്ചുവരവിന്‍റെ സൂചനകള്‍ കാട്ടി.
31 പന്തില്‍ 66 റണ്‍സാണ് സൂര്യ നേടിയത്. അധികം വൈകാതെ അര്‍ഷ്‍ദീപിന്‍റെ പന്തില്‍ ഇഷാനും മടങ്ങി. 41 പന്തിൽ 75 റണ്‍സ് ഇതിനകം ഇഷാൻ കുറിച്ചിരുന്നു. പക്ഷേ, അര്‍ഷ്‍ദീപിനെ ആകാശം കാണിച്ച് തിലക് വര്‍മ്മ കളി മുംബൈയുടെ വഴിക്ക് തന്നെയാക്കി. ടിം ഡേവിഡും തിലകും ചേര്‍ന്ന് അനായാസം മുംബൈയെ വിജയത്തിലെത്തിക്കുകയും ചെയ്തു. സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ ഹീറോയായ അര്‍ഷ്‍ദീപിനെ കൂറ്റൻ സിക്സിന് പറത്തിയാണ് മുംബൈ വിജയ കടമ്പ കടന്നത്. മത്സരത്തില്‍ അര്‍ഷ്‍ദീപിനെ തലങ്ങും വിലങ്ങുമിട്ട് പായിച്ച മുംബൈ ഇന്ത്യൻസ് 3.5 ഓവറില്‍ 66 റണ്‍സാണ് അടിച്ചുകൂട്ടിയത്.