ജിയോ സിനിമയിലൂടെ ഐപിഎല്‍ ആദ്യറൗണ്ട് പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ആ മൂന്ന് പേരുടെ ബാറ്റിംഗ്
ജിയോ സിനിമ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെത്തിയത് ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ ബാറ്റിംഗ് കാണാനായിരുന്നു.
മുംബൈ: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ കഴിഞ്ഞ ദിവസം അവസാനിച്ചു. അഞ്ച് ടീമുകള്‍ വിജയത്തുടക്കമിട്ടപ്പോള്‍ മറ്റ് അഞ്ച് ടീമുകള്‍ക്ക് തോല്‍വിയോടെ തുടങ്ങി. റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കെ എല്‍ രാഹുലിന്‍റെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ് രണ്ടാം സ്ഥാനത്ത്.
ആദ്യ റൗണ്ടില്‍ ആര്‍സിബിയുടെ വിരാട് കോലിയും ഫാഫ് ഡൂപ്ലെസിയും ചെന്നൈയുടെ റുതുരാജ് ഗെയ്ക്‌വാദും രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറും സഞ്ജു സാംസണുമെല്ലാം ആടിതിമിര്‍ത്തു. എന്നാല്‍ ഇത്തവണ ഐപിഎല്ലിന്‍റെ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റാഫോമായി എത്തിയ ജിയോ സിനിമയില്‍ ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ഇവരുടെയൊന്നും ബാറ്റിംഗല്ല എന്നതാണ് രസകരം.
ജിയോ സിനിമ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെത്തിയത് ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ ബാറ്റിംഗ് കാണാനായിരുന്നു. 1.6 കോടി ആളുകളാണ് ധോണി ബാറ്റ് ചെയ്യുമ്പോള്‍ ജിയോ സിനിമയില്‍ കാഴ്ചക്കാരായി ഉണ്ടായിരുന്നത്. ആദ്യ മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ ധോണി ഏഴ് പന്തില്‍ 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒരു ഫോറും ഒരു സിക്സും ധോണി പറത്തി.
രണ്ടാം സ്ഥാനത്ത് ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ മുംബൈക്കായി യുവതാരം തിലക് വര്‍മ ബാറ്റ് ചെയ്യുമ്പോഴായിരുന്നു. 1.4 കോടി പേരാണ് തിലക് വര്‍മയുടെ ബാറ്റിംഗ് കാണാനായി ജിയോ സിനിമയിലെത്തിയത്. ആര്‍സിബിക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയ തിലക് വര്‍മ 46 പന്തില്‍ 84 റണ്‍സടിച്ച് പുറത്താകാതെ നിന്നിരുന്നു.
മൂന്നാം സ്ഥാനത്ത് കിംഗ് കോലിയാണ്. ഇന്നലെ 82 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോലിയുടെ ബാറ്റിംഗ് കാണാന്‍ 1.3 കോടി പേരാണ് തത്സമയം ജിയോ സിനിമയിലെത്തിയത്.