രഹാനെയെ 'അഴിഞ്ഞാടാന്‍' വിട്ടിരിക്കുകയാണ്; തകര്‍പ്പന്‍ ഫോമിന്റെ കാരണം വ്യക്തമാക്കി ധോണി
കേവലം 29 പന്തുകള്‍ മാത്രം നേരിട്ട രഹാനെ 71 റണ്‍സ് അടിച്ചെടുത്ത് മത്സരത്തിലെ താരവുമായിരുന്നു. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അജിന്‍ക്യ രഹാനെ. കേവലം 29 പന്തുകള്‍ മാത്രം നേരിട്ട രഹാനെ 71 റണ്‍സ് അടിച്ചെടുത്ത് മത്സരത്തിലെ താരവുമായിരുന്നു. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. ടെസ്റ്റ് സപെഷ്യലിസ്റ്റെന്ന വിലയിരത്തപ്പെടുന്ന താരം ഞെട്ടിപ്പിക്കുന്ന തിരിച്ചുവരവാണ് നടത്തിയത്.
മത്സരശേഷം രഹാനെയെ പുകഴ്ത്താന്‍ ധോണി മറന്നില്ല. ചെന്നൈ ക്യാപ്റ്റന്റെ വാക്കുകള്‍... ''ഒരു താരത്തെ അയാളുടെ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കുമ്പോഴാണ് കഴിവ് മനസിലാവുക. രഹാനെയെ അയാളുടെ താല്‍പര്യത്തിനനുസരിച്ച് കളിക്കാനുള്ള അനുവാദം കൊടുത്തിരുന്നു. അദ്ദേഹത്തിന് ഇണങ്ങുന്ന പൊസിഷനും കൊടുത്തു. ടീമിലെ മറ്റൊരാള്‍ സ്വന്തം സ്ഥാനം മറ്റൊരാള്‍ക്ക് നല്‍കുന്നതിനേയും ബഹുമാനിക്കണം.'' ധോണി പറഞ്ഞു. നേരത്തെ, ഈഡന്‍ ഗാര്‍ഡന്‍സില്‍ ലഭിച്ച ആരാധക പിന്തുണയെ കുറിച്ചും ധോണി സംസാരിച്ചിരുന്നു.
അവര്‍ എനിക്ക് യാത്രയയപ്പ് നല്‍കുകയാണെന്ന് തോന്നുന്നുവെന്നായിരുന്നു സമ്മാനദാനച്ചടങ്ങില്‍ ധോണി പറഞ്ഞത്. മത്സരശേഷം കൊല്‍ക്കത്ത താരം ഡേവിഡ് വീസ് പറഞ്ഞത് ഹോം ഗ്രൗണ്ടില്‍ എതിരാളികള്‍ക്ക് ഇത്രയും പിന്തുണ ലഭിക്കുമ്പോള്‍ എന്ത് ചെയ്യാനാണ് എന്നായിരുന്നു. കൊല്‍ക്കത്തയെ തകര്‍ത്ത് സീസണില്‍ 10 പോയന്റ് തികക്കുന്ന ആദ്യ ടീമായ ചെന്നൈ പോയന്റ് പട്ടികയിലും ഒന്നാം സ്ഥാനത്താണ്.
മത്സരശേഷം കൊല്‍ക്കത്തയുടെ യുവതാരങ്ങളുമായും സീനിയര്‍ താരങ്ങളായ ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരുമായി സംഭാഷണത്തിലേര്‍പ്പെട്ട ധോണി യുവതാരങ്ങള്‍ക്ക് തന്റെ കൈയൊപ്പിട്ട ജേഴ്‌സിയും സമ്മാനിച്ചു. ഈഡനിലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനും ധോണി സമയം കണ്ടെത്തി.
ചെന്നൈയില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിച്ച് വിരമിക്കുകയാണ് തന്റെ ആഗ്രഹമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ വ്യക്തമാക്കിയ ധോണിയുടെ ഐപിഎല്ലിലെ അവസാന സീസണായിരിക്കും ഇതാണെന്നാണ് വിലയിരുന്നത്. 41കാരനായ ധോണി അടുത്ത സീസണിലും ടീമിനായി കളിക്കുമെന്ന് ടീം അംഗങ്ങള്‍ സൂചന നല്‍കുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ തുടരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
അക്‌സര്‍ പട്ടേല്‍ ലോകോത്തര ഹിറ്റര്‍; സണ്‍റൈസേഴ്‌സിന് മുന്നറിയിപ്പുമായി ഷെയ്‌ന്‍ വാട്‌സണ്‍