ധോണി സൂചനകള്‍ ഒരുപാട് തന്നിട്ടും നിങ്ങള്‍ക്ക് മനസിലായില്ലേ? ഇതിഹാസ ക്യാപ്റ്റന്റെ ഭാവിയെ കുറിച്ച് മുഹമ്മദ് കൈഫ്
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് ശേഷം ഗവാസ്‌കര്‍, ധോണിയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുന്ന വീഡിയോ ഏറെ വൈറലായിരുന്നു.
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ ഐപിഎല്‍ സീസണായിരിക്കും ഇതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അടുത്ത ഐപിഎല്ലില്‍ ധോണി കളിക്കുമെന്നും ഇല്ലെന്നുമുള്ള വാദങ്ങളുണ്ട്. ചെന്നൈക്ക് നാല് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ലീഗ് ഘട്ടത്തില്‍ അവസാന ഹോം മത്സരമാണ് ചെന്നൈ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കളിച്ചത്.
മത്സരത്തിന് ശേഷം ഗ്രൗണ്ട് വലം വച്ച ധോണിയും സംഘവും ആരാധകരോട് യാത്ര പറഞ്ഞിരുന്നു. ഇതോടെ മിക്കവരും ഏതാണ്ട് ഉറപ്പിച്ചു, ധോണി അടുത്ത സീസണിലുണ്ടാവില്ലെന്ന്. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ഇതിനോട് പ്രതികരിച്ചിരുന്നു. അടുത്ത സീസണിലും ധോണി ഉണ്ടാവുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന് മറ്റൊരു തരത്തില്‍ ചിന്തിക്കാനാണ് താല്‍പര്യം. ധോണി അടുത്ത സീസണില്‍ ഉണ്ടാവില്ലെന്നാണ് കൈഫ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ധോണി കളിക്കുന്ന അവസാന ഐപിഎല്‍ സീസണായിരിക്കുമിത്. അതിന്റെ ഒന്നിലധികം സൂചനകള്‍ ധോണി നല്‍കി. ക്രിക്കറ്റ് ആരാധകരെ മുഴുവന്‍ അദ്ദേഹം തന്റെ ഭാവിയെ കുറിച്ച് ചിന്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രകൃതം അങ്ങനെയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ ധോണി നിര്‍ണായക തീരുമാനങ്ങളെടുക്കും. അടുത്ത ഐപിഎല്ലിന് ധോണി ഉണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഗവാസ്‌കര്‍ മറ്റൊരു ക്രിക്കറ്റര്‍ താരത്തില്‍ നിന്നും ഓട്ടോഗ്രാഫ് സ്വീകരിക്കന്നത് ഞാന്‍ കണ്ടിട്ടില്ല. ഇതിഹാസമായ ഗവാസ്‌കറെ പോലെ ഒരാള്‍ ധോണിയില്‍ നിന്ന് ഓട്ടോഗ്രാഫ് മേടിക്കുമ്പോള്‍ ധോണി ആരാണെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിയുന്നുണ്ടാവും.'' കൈഫ് പറഞ്ഞു.
കുറ്റം വീണ്ടുമവര്‍ത്തിച്ചു! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത പിഴ; നിതീഷ് റാണയ്ക്ക് തിരിച്ചടി
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് ശേഷം ഗവാസ്‌കര്‍, ധോണിയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍ ധോണിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. അവസാന ഹോം മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ട് വലംചുറ്റി ആരാധകര്‍ക്ക് നന്ദി പറയുമ്പോഴാണ് ഗവാസ്‌കര്‍ ഓടിയെത്തിയത്. ഇതിനെ കുറിച്ചാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ മുഹമ്മദ് കൈഫ് സംസാരിച്ചത്.